
ലോക ചരിത്രത്തിൽ ആദ്യമായി 4 ട്രില്യൻ ഡോളർ (ഏകദേശം 340 ലക്ഷം കോടി രൂപ) വിപണിമൂല്യം സ്വന്തമാക്കുന്ന കമ്പനിയായി എൻവിഡിയ. കാലിഫോർണിയ ആസ്ഥാനമായ ഈ ചിപ് നിർമാതാക്കളുടെ ഓഹരിവില ഇന്നലെ 2.5% ഉയർന്നതോടെയാണ് വിപണിമൂല്യത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ടത്.
എൻവിഡിയയുടെ ‘സുവർണനേട്ടം’ ഇന്നലെ യുഎസ് ഓഹരി വിപണികൾക്കും ആവേശമായി.
അതേസമയം, വ്യാപാരാന്ത്യത്തിൽ കമ്പനിയുടെ വിപണിമൂല്യം 3.97 ട്രില്യൻ ഡോളറിലേക്ക് കുറഞ്ഞു. 2022ൽ ചാറ്റ്ജിപിടിയുടെ വരവോടെ രാജ്യാന്തരതലത്തിൽ നിർമിതബുദ്ധി (എഐ) അധിഷ്ഠിത ചിപ്പുകൾ ഉൾപ്പെടെയുള്ള ഹാർഡ്വെയറുകൾക്ക് ഡിമാൻഡ് ഏറിയതും ഈ രംഗത്ത് നേരിട്ടുള്ള എതിരാളികൾ ഇല്ലാതിരുന്നതുമാണ് എൻവിഡിയയ്ക്ക് കരുത്തായത്.
ലോകത്ത് വിപണിമൂല്യം ആദ്യമായി മൂന്നു ട്രില്യൻ ഡോളർ കടന്ന കമ്പനികൾ ആപ്പിളും മൈക്രോസോഫ്റ്റുമാണ്.
എന്നാൽ, ഇവയെ നിഷ്പ്രഭമാക്കി മുന്നേറുകയാണ് എൻവിഡിയ. 2023 ജൂണിലാണ് കമ്പനിയുടെ വിപണിമൂല്യം ആദ്യമായി ഒരു ട്രില്യൻ ഭേദിച്ചത്.
2024 ഫെബ്രുവരിയിൽ രണ്ടു ട്രില്യൻ ഡോളറും ജൂണിൽ 3 ട്രില്യനും. പിന്നീട് ഒറ്റവർഷംകൊണ്ട് 4 ട്രില്യനിലേക്ക് കുതിച്ചെത്തി.
3.74 ട്രില്യൻ ഡോളറുമായി മൈക്രോസോഫ്റ്റാണ് നിലവിൽ രണ്ടാംസ്ഥാനത്ത്.
ആപ്പിൾ (3.15 ട്രില്യൻ), ആമസോൺ (2.36 ട്രില്യൻ), ആൽഫബെറ്റ് (2.15 ട്രില്യൻ), മെറ്റ (1.84 ട്രില്യൻ) എന്നിവ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലും. എൻവിഡിയയുടെ കുതിപ്പിന്റെ ആവേശത്തിൽ യുഎസ് ഓഹരി വിപണികളും ഇന്നലെ മികച്ച നേട്ടമുണ്ടാക്കി.
എസ് ആൻഡ് പി500 സൂചിക 0.61% ഉയർന്ന് റെക്കോർഡ് 6,263.26 പോയിന്റിലെത്തി.
ടെക് കമ്പനികൾക്ക് പ്രാമുഖ്യമുള്ള നാസ്ഡാക്കും 0.94% കുതിച്ച് പുത്തനുയരമായ 20,611.34ൽ തൊട്ടു. ഡൗ ജോൺസ് 0.49 ശതമാനവും മുന്നേറി.
ഓഹരി വിപണികളുടെ ചുവടുപിടിച്ച് ക്രിപ്റ്റോകറൻസികളും ഇന്നലെ വൻ നേട്ടമുണ്ടാക്കി. ബിറ്റ്കോയിൻ വില റെക്കോർഡ് 1.12 ലക്ഷം ഡോളർ വരെ ഉയർന്നു.
മേയ് 22ന് കുറിച്ച 1.11 ലക്ഷം ഡോളർ എന്ന റെക്കോർഡ് മറികടന്നു.
താരിഫ് യുദ്ധം കടുപ്പിച്ച് ട്രംപ്, വിരട്ടേണ്ടെന്ന് ബ്രസീൽ
ശ്രീലങ്ക, ഇറാക്ക്, ലിബിയ, ഫിലിപ്പീൻസ് തുടങ്ങി 8 രാജ്യങ്ങൾക്ക് കൂടി പുതുക്കിയ ഇറക്കുമതി താരിഫ് ചുമത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കത്തയച്ചു. ഇതോടെ കത്തുകിട്ടിയ ആകെ രാജ്യങ്ങളുടെ എണ്ണം 22 ആയി.
20 മുതൽ 40 ശതമാനം വരെ താരിഫാണ് ചുമത്തിയത്. യുഎസുമായി ഇനിയും വ്യാപാരക്കരാർ ചർച്ചകൾക്ക് തയാറാകാത്ത രാജ്യങ്ങൾക്കുമേലാണ് ട്രംപ് താരിഫ് ആയുധം ചുഴറ്റുന്നത്.
അതിനിടെ, ബ്രസീലിനെതിരെ ട്രംപ് ഓഗസ്റ്റ് ഒന്നുമുതൽ 50% ഇറക്കുമതി താരിഫ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ വഷളാക്കി.
അധികാരം ഉറപ്പാക്കാനായി രാജ്യത്ത് അട്ടിമറി നടത്തിയെന്ന ആരോപണത്തിന്മേൽ വിചാരണ നേരിടുകയാണ് മുൻ ബ്രസീൽ പ്രസിഡന്റ് ബൊൽസൊനാരോ. വിചാരണ സുതാര്യമല്ലെന്ന് കാട്ടിയാണ് ട്രംപ് ബ്രസീലിനെതിരെ തിരിഞ്ഞത്.
എന്നാൽ, വിരട്ടൽ വേണ്ടെന്നും തിരിച്ചടിക്കുമെന്നും ബ്രസീൽ പ്രസിഡന്റ് ലുലു ഡി സിൽവ പറഞ്ഞു.
ബ്രസീൽ പരമാധികാര രാജ്യമാണെന്നും രാജ്യത്ത് സ്വതന്ത്ര നിയമസംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് വീണ്ടും താരിഫ് പോര് മുറുക്കിയതോടെ യുഎസിൽ ഫ്യൂച്ചേഴ്സ് വിപണികൾ തളർച്ചയിലായി.
എസ് ആൻഡ് പി ഫ്യൂച്ചേഴ്സ്, നാസ്ഡാക്, ഡൗ ജോൺസ് എന്നിവ 0.1% വരെ താഴ്ന്നു.
സമവായത്തിലെത്താതെ ഇയു-യുഎസ് ഡീൽ
യുഎസുമായി താരിഫ് ചർച്ചകൾക്ക് ട്രംപ് അനുവദിച്ച മൂന്നുമാസ സാവകാശം ജൂലൈ 9ന് അവസാനിച്ചു. യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ യൂറോപ്യൻ യൂണിയനും ഇതുവരെ സമവായത്തിലെത്താനായിട്ടില്ല.
ട്രംപിന്റെ അടുത്തനീക്കത്തിലേക്കാണ് യൂറോപ്യൻ യൂണിയൻ ഉറ്റുനോക്കുന്നത്.
2024ലെ കണക്കുപ്രകാരം യൂറോപ്യൻ യൂണിയനും യുഎസും തമ്മിലെ വ്യാപാരം 1.97 ട്രില്യൻ ഡോളറിന്റേതാണ് (1.68 ട്രില്യൻ യൂറോ). ഇതിൽ യൂറോപ്യൻ യൂണിയന് 50 ബില്യൻ യൂറോയുടെ വ്യാപാര സർപ്ലസുമുണ്ട്.
ഇതു വെട്ടിച്ചുരുക്കി യുഎസിന് നേട്ടമുണ്ടാക്കാനായാണ് ട്രംപ് താരിഫിൽ വാശിപിടിക്കുന്നത്.
ഏഷ്യയിൽ സമ്മർദം, ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ്
ട്രംപ് വീണ്ടും താരിഫ് യുദ്ധം ശക്തമാക്കിയ പശ്ചാത്തലത്തിൽ ഏഷ്യൻ ഓഹരി വിപണികൾ സമ്മർദത്തിലാണ്. എങ്കിലും, ഓഗസ്റ്റ് ഒന്നിനേ പുതിയ താരിഫ് നിലവിൽവരൂ എന്നതിനാൽ ചർച്ചകൾക്ക് ഇനിയും സമയമുണ്ടെന്ന ആശ്വാസത്തിലാണ് പല രാജ്യങ്ങളും.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന് സൂചനയുണ്ടെങ്കിലും പന്ത് ട്രംപിന്റെ കോർട്ടിലാണ്. യുഎസിന് കാര്യമായ ഇളവുകൾ നൽകാൻ ഇന്ത്യ ഒരുക്കമല്ലെന്ന സൂചനയുമുണ്ട്.
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.54%.
ഹോങ്കോങ് 0.05% എന്നിങ്ങനെ ഇടിവു നേരിട്ടു. ഷാഹ്ഹായ് 0.17% ഉയർന്നു.
ലണ്ടനിൽ എഫ്ടിഎസ്ഇ 0.15% നേട്ടത്തിലാണ്. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നും നേരിയ നഷ്ടത്തിലായി.
സെൻസെക്സും നിഫ്റ്റിയും ഇന്നും സമ്മർദത്തിൽ തുടർന്നേക്കാമെന്ന് ഇതു സൂചിപ്പിക്കുന്നു. ടിസിഎസ് ഉൾപ്പെടെ നിരവധി പ്രമുഖ കമ്പനികളുടെ ജൂൺപാദ പ്രവർത്തനഫലം ഇന്നു പുറത്തുവരുമെന്നതാണ്, ഇന്ത്യൻ നിക്ഷേപകരെ ഇന്നു ഏറ്റവും ആശങ്കപ്പെടുത്തുന്നത്.
കണക്കുകൾ ആശാവഹമല്ലെങ്കിൽ നിക്ഷേപകരുടെ മനോവീര്യത്തെ ബാധിക്കാനും ഓഹരി വിപണികൾ തളരാനും ഇടവയ്ക്കും.
എണ്ണയും സ്വർണവും രൂപയും
രൂപ ഇന്നലെ ഡോളറിനെതിരെ കാര്യമായ വ്യത്യാസമില്ലാതെ 85.73ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, താരിഫ് പോര് മുറുകുന്ന പശ്ചാത്തലത്തിൽ സ്വർണവില നേരിയ നേട്ടം കുറിച്ചു.
ഔൺസിന് 12 ഡോളർ ഉയർന്ന് 3,322 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. കേരളത്തിൽ ഇന്നു സ്വർണവിലയിൽ നേരിയ വ്യത്യാസമുണ്ടായേക്കാം.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകളും സ്വർണത്തിനു ഊർജമാകുന്നുണ്ട്.
ക്രൂഡ് ഓയിൽ വില നേരിയ നേട്ടം കൈവരിച്ചു. ചെങ്കടലിൽ ഹൂതി വിമതർ കപ്പലുകളെ ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് വിലക്കയറ്റം.
ബ്രെന്റ് വില വീണ്ടും 70 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് 68 ഡോളറിനു മുകളിലും.
ക്രൂഡ് ഓയിൽ വില കൂടുന്നത് ഇന്ത്യൻ ഓഹരി വിപണികൾക്കും രൂപയ്ക്കും തിരിച്ചടിയായേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
https://www.manoramaonline.com/business.html
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് ………. ൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]