ഇന്ത്യയുമായുള്ള സംഘർഷം കനക്കുന്നതിനിടെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ പെട്രോൾ പമ്പുകൾ അടച്ചു. 48 മണിക്കൂർ നേരത്തേക്ക് പമ്പുകൾ അടച്ചിടാൻ ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്. ഈ നീക്കത്തിന് പിന്നിലെ കാരണം ഉത്തരവിൽ വ്യക്തമല്ലെങ്കിലും പാക്കിസ്ഥാൻ കടുത്ത ഇന്ധനക്ഷാമത്തിലേക്ക് കടക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. പാക്കിസ്ഥാൻ ഭക്ഷ്യക്ഷാമത്തിന്റെയും നിഴലിലാണെന്ന് സൂചനകളുണ്ട്. 

ഡൽഹിയിലേക്ക് പാക്കിസ്ഥാൻ അയച്ച മിസൈൽ ഹരിയാനയിലെ സിർസയിൽ വച്ച് ഇന്ത്യ തകർത്തിരുന്നു. പിന്നാലെ പാക്കിസ്ഥാനിലെ തന്ത്രപ്രധാന വ്യോമതാവളങ്ങളായ റാവൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‍വാലിലെ മുറീദ്, ഝാങ്ങിലെ റഫീഖീ എന്നിവിടങ്ങളിൽ ഇന്ത്യ കനത്ത പ്രഹരവുമേൽപ്പിച്ചു. ഇക്കാര്യം പാക്കിസ്ഥാൻ സ്ഥീരീകരിച്ചിട്ടുണ്ട്. പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയാണ് നുർ ഖാൻ. ഇവിടെ ഇന്ത്യ കനത്ത ആക്രമണം നടത്തിയതിനു പിന്നാലെയാണ് പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള നിർദേശമുണ്ടായത്.

ഇന്ത്യയുമായുള്ള യുദ്ധം പാക്കിസ്ഥാന്റെ സമ്പദ്‍വ്യവസ്ഥയെ കൂടുതൽ താറുമാറാക്കുമെന്ന് അമേരിക്കൻ റേറ്റിങ് ഏജൻസിയായ മൂഡീസ് ഉൾപ്പെടെ അടുത്തിടെ ചൂണ്ടിക്കാട്ടിയിയിരുന്നു. ഈ സാഹചര്യത്തിലും, രാജ്യത്തെ രാഷ്ട്രീയ, സൈനിക മേഖലകളിൽ നിന്നുള്ള സമ്മർദത്തിനടിപ്പെട്ടാണ് ഇന്ത്യയ്ക്കെതിരെ ആക്രമണത്തിന് പാക്കിസ്ഥാൻ സാഹസം കാട്ടുന്നതെന്നാണ് വിലയിരുത്തൽ. പാക്ക് സമ്പദ്‍വ്യവസ്ഥയെ യുദ്ധം എങ്ങനെയാണ് ബാധിക്കുക? വിശദമായി വായിക്കാം.

English Summary:

Islamabad Petrol Pumps Shut Down Amid India-Pakistan Tensions