ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകളിൽ നിന്ന് ‘ടോൾ’ പിരിക്കുന്നത് ഉടൻ നിർത്തണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, പിരിവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഇറാന്റെ നിലപാട്.
കപ്പലുകളിൽ നിന്ന് ഫീസായി ക്രിപ്റ്റോകറൻസിയാണ് ഇറാൻ വാങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
‘‘ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്ന്, കപ്പലുകളുടെ സുരക്ഷിതവും സ്വതന്ത്രവുമായ യാത്ര ഉറപ്പാക്കുമെന്ന നിബന്ധനയോടെ രണ്ടാഴ്ചത്തെ വെടിനിർത്തൽ ധാരണ. ഇത് ലംഘിക്കാതിരിക്കുന്നതാണ് ഇറാന് നല്ലത്, ഉടൻ നിർത്തിക്കോ’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
‘‘ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാവില്ല, ഞാനാണ് അതിന് കാരണം. ഇറാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും എണ്ണ ഒഴുകുക തന്നെ ചെയ്യും’’- ട്രംപ് വ്യക്തമാക്കി.
ഹോർമുസിൽ ടോൾ പിരിക്കാൻ യുഎസ്?
ഇതിനിടെ, ഹോർമുസിൽ ഇറാനും യുഎസും ചേർന്ന് ടോൾ പിരിക്കുന്ന ആശയം ട്രംപ് ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
‘‘മനോഹരമായ ആശയം’’ എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യം യുഎസോ ഇറാനോ സ്ഥിരീകരിച്ചിട്ടില്ല.
എണ്ണക്കപ്പലുകളിൽ നിന്ന് ഓരോ ബാരലിനും ഒരു ഡോളർ വീതം തീരുവ പിരിക്കാനുള്ള നീക്കവും ഇറാൻ നടത്തുന്നുണ്ട്.
നിലവിൽ ഹോർമുസ് കടലിടുക്ക് കടക്കാനായി ഇറാന്റെ അനുമതി കാത്തുകിടക്കുന്നത് 230 എണ്ണക്കപ്പലുകളാണ്. ഹോർമുസിൽ ഇത്തരം നിയന്ത്രണങ്ങൾ പാടില്ലെന്ന് യുഎഇ ആവശ്യപ്പെട്ടു.
ഹോർമുസിൽ കപ്പലുകൾ സാധാരണയായി പോകുന്ന പാതയിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇറാൻതന്നെ ഇതിനിടെ മുന്നറിയിപ്പ് നൽകി. ഭീഷണിപ്പെടുത്തി ഹോർമുസ് തുറപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ ഇറാൻ.
വഴങ്ങി ഇസ്രയേൽ, ഇനി ‘സമാധാന കാഹളം’
ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനെ ചൊല്ലി ഇന്നലെ കടുത്ത വാക്പോര് ഉയർന്നിരുന്നു. വെടിനിർത്തൽ ധാരണയിൽ ലെബനനും ഉണ്ടെന്ന് ഇറാനും മധ്യസ്ഥരായ പാക്കിസ്ഥാനും വാദിച്ചെങ്കിലും യുഎസും ഇസ്രയേലും തള്ളിയിരുന്നു.
എന്നാൽ, ലെബനൻ വിഷയത്തിലും ചർച്ചയാകാമെന്ന് ഇസ്രയേൽ നിലപാട് എടുത്തതോടെ, വീണ്ടും ‘സമാധാനത്തിന്റെ കാഹളം’ മുഴങ്ങുമെന്ന പ്രതീക്ഷ ഉയർന്നു. ഇത് ആഗോളതലത്തിൽ ഓഹരി വിപണികൾക്കും നേട്ടപ്രതീക്ഷയാണ് നൽകുന്നത്.
കുതിച്ചും കിതച്ചും യുഎസ്
യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.62%, നാസ്ഡാക് 0.83%, ഡൗ ജോൺസ് 0.58% എന്നിങ്ങനെ ഉയർന്നു.
എങ്കിലും ആശങ്ക വിട്ടുമാറിയില്ലാത്തതിനാൽ യുഎസിൽ ഫ്യൂച്ചേഴ്സ് വിപണി നഷ്ടത്തിലായിരുന്നു. എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.2%, ഡൗ 0.1%, നാസ്ഡാക് ഫ്യൂച്ചേഴ്സ് 0.2% എന്നിങ്ങനെ നഷ്ടം കുറിച്ചു.
This morning, I asked President Trump if he’s okay with the Iranians charging a toll for all ships that go through the Strait of Hormuz, he told me there may be a Joint US-Iran venture to charge tolls:
“We’re thinking of doing it as a joint venture.
It’s a way of securing it —…
ചൈന ‘രക്ഷപ്പെടുന്നു’
ഏഷ്യൻ വിപണികൾ പൊതുവേ നേട്ടത്തിലാണ്. ദക്ഷിണ കൊറിയയുടെ കോസ്പി 1.68%, കോസ്ഡാക് 1.14%, ജാപ്പനീസ് നിക്കേയ് 1.65%, ഹോങ്കോങ് 1.06%, ഷാങ്ഹായ് 1.01% എന്നിങ്ങനെ പച്ചതൊട്ടു.
ചൈനയിൽ വ്യാവസായിക ഉൽപാദനവില നിലവാരം മാർച്ചിൽ 0.5% ഉയർന്നത്, ചൈനീസ് സമ്പദ്വ്യവസ്ഥ കരകയറുന്നതിന്റെ സൂചനയായി. 2022 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് സൂചിക പോസിറ്റീവ് ആകുന്നത്.
ഉപഭോക്തൃപണപ്പെരുപ്പം ഒരു ശതമാനം ഉയർന്നു. നിരീക്ഷകർ പ്രവചിച്ചത് 1.2% ആയിരുന്നു.
കുതിക്കാൻ ഇന്ത്യ
ഇന്നലെ നഷ്ടത്തിലേക്ക് മലക്കംമറിഞ്ഞ ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തിന്റെ വണ്ടി പിടിക്കാമെന്ന പ്രതീക്ഷയിലാണുള്ളത്.
ഗിഫ്റ്റ് നിഫ്റ്റി രാവിലെ 70 പോയിന്റ് ഉയർന്നു. സെൻസെക്സും നിഫ്റ്റിയും ഇന്ന് ഉയർന്ന് വ്യാപാരം തുടങ്ങിയേക്കാമെന്ന പ്രതീക്ഷ ഇതു നൽകുന്നു.
നിലയ്ക്കാതെ വാക്പോര്
പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ സമാധാന ചർച്ച നടക്കാനിരിക്കേയും വാക്പോരിന് ശമനമില്ല.
ലെബനനും വെടിനിർത്തൽ ധാരണയുടെ ഭാഗമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് എക്സിൽ വ്യക്തമാക്കി. ഇക്കാര്യം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ ധാരണ ലംഘിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഖാലിബാഫ് നൽകി.
വെടിനിർത്തി പുട്ടിനും
ഇതിനിടെ, യുക്രെയ്നെതിരായ ആക്രമണത്തിന് രണ്ടുദിവസത്തെ ‘ബ്രേക്ക്’ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് പുട്ടിൻ. റഷ്യൻ ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ചാണ് ദ്വിദിന വെടിനിർത്തൽ.
ഇത് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും പാലിക്കുമെന്നാണ് കരുതുന്നതെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്ന്റെയും റഷ്യയുടെയും എണ്ണ, ഊർജ പദ്ധതികൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും ശമനമുണ്ടാകുന്നത്, ആഗോളതലത്തിൽ വില താഴാനും വിതരണം മെച്ചപ്പെടാനും സഹായിക്കും.
അതേസമയം, വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇരുരാജ്യങ്ങളും സമാധാന ചർച്ചയിലേക്ക് കടക്കുന്നതിന്റെ സൂചനകളില്ല.
ട്രംപിനെയും പുട്ടിനെയും കൊണ്ട് മടുത്തെന്ന് ബ്രിട്ടൻ
പുട്ടിന്റെയും ട്രംപിന്റെയും നിലപാടുകൾകൊണ്ട് മടുത്തെന്ന അഭിപ്രായവുമായി ഇതിനിടെ യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാർമർ രംഗത്തുവന്നു. യുകെയിൽ ഇന്ധനവില കുതിച്ചുയരുന്നതാണ് സ്റ്റാർമറിനെ അസ്വസ്ഥനാക്കുന്നത്.
എന്നാൽ ഇതിനുള്ള മറുപടിയുമായി വൈറ്റ്ഹൗസ് വക്താവ് അന്ന കെല്ലി രംഗത്തെത്തി. അന്ന പറഞ്ഞതിങ്ങനെ: ‘‘ചില ലോകനേതാക്കൾ പതിറ്റാണ്ടുകളായി ഇറാന്റെ ഭീഷണിയെക്കുറിച്ച് പറയുന്നുണ്ട്.
എന്നിട്ടും ഒന്നും ചെയ്യാതിരുന്നു. പ്രസിഡന്റ് ട്രംപ് ആണ് ധൈര്യത്തോടെ നടപടി എടുത്തത്.
ഇറാന് ഒരിക്കലും ആണവായുധം കിട്ടില്ല. സമാധാന കരാറിന് വഴിയൊരുങ്ങുകയാണ്’’.
ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെയും സ്റ്റാർമർ വിമർശിച്ചു.
ലെബനനും വെടിനിർത്തൽ ധാരണയിൽ വേണമെന്നും ഹോർമുസ് കടലിടുക്ക് ഫീസൊന്നുമില്ലാതെ സ്വതന്ത്രമായ യാത്രയ്ക്കായി തുറക്കണമെന്നും ബ്രിട്ടൻ ആവശ്യപ്പെടുന്നു.
എണ്ണവില മേലോട്ട്, സ്വർണം താഴേക്ക്
വെടിനിർത്തൽ ധാരണയുടെ പശ്ചാത്തലത്തിലും രാജ്യാന്തര എണ്ണവില ഉയരുകയാണ്. മേഖലയിലെ ചില രാജ്യങ്ങളുടെ എണ്ണ റിഫൈനറികൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്നതും ഹോർമുസ് പ്രതിസന്ധിയുമാണ് കാരണം.
യുഎസ് ക്രൂഡ് വില ബാരലിന് 0.86% ഉയർന്ന് 98.71 ഡോളറിലും ബ്രെന്റ് വില 0.57% വർധിച്ച് 96.47 ഡോളറിലും നിൽക്കുന്നു. സ്വർണവിലയിൽ കാര്യമായ മാറ്റമില്ല.
ഔൺസിന് 1.15 ഡോളർ മാത്രം താഴ്ന്ന് 4750 ഡോളറിലാണ് രാജ്യാന്തരവില. കേരളത്തിൽ ഇന്ന് വിലയിൽ വലിയ മാറ്റത്തിന് സാധ്യതയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

