സംസ്ഥാനത്ത് ഫിഷറീസ്, സാംസ്കാരിക രംഗങ്ങളിൽ വിപുലമായ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണത്തിനായി 150 കോടിയാണ് കിഫ്ബി അനുവദിച്ചത്. കൊല്ലത്ത് 49.68 കോടി ചെലവിട്ടു നിർമിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം തുറന്നു. 68 കോടി ചെലവിൽ പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം, വിവിധ ജില്ലകളിൽ തിയേറ്ററുകള്‍ എന്നിവയുമുണ്ട്.

ഫിഷറീസ് വകുപ്പ് കിഫ്ബി വഴി മാത്രം 426 കോടിയുടെ നിർമാണപ്രവർത്തനങ്ങൾ നടത്തി. 142 കോടിയുടെ 51 മീൻ മാർക്കറ്റുകളുടെ നിർമാണം തുടങ്ങി. 139 കോടി രൂപയുടെ മത്സ്യബന്ധന തുറമുഖം, തീരസംരക്ഷണ പദ്ധതികൾ, വലിയതുറയിൽ 400 വീടുകൾ നിർമിക്കുന്ന പുനർഗേഹം പദ്ധതി എന്നിങ്ങനെ കിഫ്ബി പദ്ധതികൾ ഏറെയുണ്ട്. ഇതുകൂടാതെ 139.38 കോടി രൂപയുടെ രണ്ട് മത്സ്യബന്ധന തുറമുഖ പദ്ധതികള്‍ ഈ കാലയളവിൽ ഏറ്റെടുത്തു. 106.12 കോടി രൂപയുടെ ആറ് തീരസംരക്ഷണ പദ്ധതികളും തീരദേശവികസന കോർപറേഷൻ മുഖേന നടപ്പാക്കുന്നതിന് അനുമതി ലഭിച്ചു. 

പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന് 112.22 കോടിയും ചെത്തി മത്സ്യബന്ധന തുറമുഖ പദ്ധതിക്ക് 97.43 കോടിയും അനുവദിച്ചിരുന്നു. ഇവയുടെ നിർമാണം പുരോഗമിക്കുന്നു. ആറന്മുളയിലടക്കം വിപുലമായ സാംസ്കാരിക പദ്ധതികളുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ അക്കാദമികളെ ചേർത്തുള്ള മറ്റു പദ്ധതികളും ഒരുങ്ങുന്നു. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങളും ആലോചനയിലാണെന്ന് സജി ചെറിയാൻ വ്യക്തമാക്കി.

English Summary:

Massive Development in Kerala’s Fisheries and Culture Sector, says Minister Saji Cheriyan