ചിക്കൻ-ഫ്രൈയുടെ ടേസ്റ്റുള്ളൊരു ടൂത്ത്പേസ്റ്റ്. വിപണിയിലെത്തി മണിക്കൂറുകൾകൊണ്ട് ചൂടപ്പംപോലെ വിറ്റുംതീർന്നു. പ്രമുഖ യുഎസ് ഫാസ്റ്റ്-ഫുഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ ടൂത്ത് പേസ്റ്റാണ് 48 മണിക്കൂറിനകം മുഴുവനും വിറ്റുപോയത്. ഹൈസ്മൈൽ (Hismile) എന്ന ഓസ്ട്രേലിയൻ ഓറൽ കെയർ ബ്രാൻഡുമായി ചേർന്നാണ് പേസ്റ്റ് പുറത്തിറക്കിയത്.

Image: us.hismileteeth.com

ഹൈസ്മൈലിന്റെ വെബ്സൈറ്റിൽ 13 യുഎസ് ഡോളറിനായിരുന്നു (ഏകദേശം 1,100 രൂപ) ടൂത്ത് പേസ്റ്റ് വിൽപനയ്ക്കുണ്ടായിരുന്നത്. കെഎഫ്‌സിയുടെ പതിനൊന്നു സുഗന്ധവ്യഞ്ജന ചേരുവകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമിച്ചതാണ് പേസ്റ്റ്. ഫ്ലൂറൈഡ് മുക്തവുമാണ്. ഇതോടൊപ്പം, 59 ഡോളറിന് (5,000 രൂപ) കെഎഫ്‌സി ഇലക്ട്രിക് ബ്രഷും വിൽപനയ്ക്കുണ്ടായിരുന്നു.

Image: us.hismileteeth.com

ചൂടുള്ള, യഥാർഥ കെ‌എഫ്‌സി ചിക്കൻ കഴിക്കുന്നതുപോലെ രുചി പകരാനും വായിൽ വൃത്തിയും പുതുമയുള്ളതുമായ അനുഭവം നൽകാനും പേസ്റ്റിനു കഴിയുമെന്ന് കെഎഫ്‍സി അവകാശപ്പെട്ടിരുന്നു. ചിക്കൻ-ഫ്രൈ ടൂത്ത് പേസ്റ്റ് ഇനിയും വിപണിയിലിറക്കുമോ, ഇന്ത്യയിലും ലഭ്യമാക്കുമോ എന്നീ കാര്യങ്ങളിൽ കമ്പനി ഇനിയും വ്യക്തത വരുത്തിയിട്ടില്ല.

English Summary:

KFC launches fried chicken-flavoured toothpaste, it sells out in 48 hours