
സ്വർണാഭരണ പ്രിയരുടെയും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി വലിയതോതിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും ചങ്കിടിപ്പേറ്റി സ്വർണവില വീണ്ടും കത്തിക്കയറുന്നു. കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുതിച്ചുയർന്ന് വില 68,480 രൂപയിലെത്തി. ഗ്രാമിന് 270 രൂപ മുന്നേറി വില 8,560 രൂപ. രണ്ടും സർവകാല റെക്കോർഡാണ്.
സംസ്ഥാനത്ത് സ്വർണവില ഒറ്റദിവസം ഇത്രയും കൂടുന്നത് അപൂർവങ്ങളിൽ അപൂർവം. പണിക്കൂലിയും ഹോൾമാർക്ക് ഫീസും നികുതിയും കൂടിച്ചേരുമ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമധികമാണെന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുക. ഇക്കഴിഞ്ഞ ഏപ്രിൽ 3നും സ്വർണവില ഇതേ ഉയരത്തിൽ എത്തിയിരുന്നു.
രാജ്യാന്തര വിപണിയിൽ ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു മുതൽ രണ്ടരരൂപ വരെയാണ് വർധിക്കാറ്. മാത്രമല്ല, യുഎസ് ഡോളറിനെതിരെ രൂപയുടെ തളർച്ചയും സ്വർണവില വർധനയുടെ ആക്കംകൂട്ടും. ഇന്നലെയും ഡോളറിനെതിരെ രൂപ 40 പൈസയിലധികം ഇടിഞ്ഞിരുന്നു. രൂപ ദുർബലമായാൽ, സ്വർണം ഇറക്കുമതിച്ചെലവ് കൂടും. ഇതാണ് വിലവർധനയിൽ പ്രതിഫലിക്കുക.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രിൽ 8) പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു വില. അതായത്, രണ്ടുദിവസത്തിനിടെ മാത്രം പവന് 2,680 രൂപയുടെയും ഗ്രാമിന് 335 രൂപയുടെയും വർധന. 18 കാരറ്റ് സ്വർണവിലയും ഇന്നു കുതിച്ചുകയറി റെക്കോർഡിലെത്തി.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനു (എകെജിഎസ്എംഎ) കീഴിലെ ജ്വല്ലറികളിൽ വില ഗ്രാമിന് 255 രൂപ കൂടി 7,090 രൂപയായി. വെള്ളിക്കു വില മൂന്നു രൂപ ഉയർന്ന് ഗ്രാമിന് 105 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം ഇന്നു 18 ഗ്രാമിനു നൽകിയ വില ഗ്രാമിന് 255 രൂപ ഉയർത്തി 7,050 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 3 രൂപ ഉയർത്തി 105 രൂപ.
രാജ്യാന്തരവില കത്തിക്കയറുന്നു
ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടും ചൈനയ്ക്ക് ഇളവ് നൽകിയില്ലെന്നു മാത്രമല്ല, തീരുവ 104ൽ നിന്ന് ട്രംപ് 125 ശതമാനത്തിലേക്ക് കുത്തനെ കൂട്ടിയത് സ്വർണവില റോക്കറ്റിലേറാൻ വഴിയൊരുക്കി. രാജ്യാന്തരവില ഔൺസിന് ഒറ്റയടിക്ക് 150 ഡോളറിനടുത്താണ് കയറിയത്. ഒറ്റദിവസം ഇത്രയും വലിയ കയറ്റം ചരിത്രത്തിലാദ്യം. ഇന്നലെ 3,000 ഡോളർ നിലവാരത്തിലായിരുന്ന വില ഇപ്പോഴുള്ളത് 117 ഡോളർ ഉയർന്ന് 3,129 ഡോളറിൽ. കഴിഞ്ഞയാഴ്ച കുറിച്ച 3,169.99 ഡോളറാണ് റെക്കോർഡ്.
ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്ക് ട്രംപിന്റെ 90-ദിവസ ഇളവ് ബാധകമല്ല. ലോക സമ്പദ്വ്യവസ്ഥയുടെ 43 ശതമാനത്തോളം കൈയാളുന്നത് ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികളായ യുഎസും ചൈനയുമാണെന്നിരിക്കെ, ഇവർ തമ്മിലെ തർക്കം ആഗോള സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തം. ഇതോടെ സ്വർണനിക്ഷേപ പദ്ധതികൾക്ക് കിട്ടുന്ന വൻ സ്വീകാര്യതയാണ് (safe-haven demand) വില കുതിച്ചുയരാൻ കാരണം.
പുറമെ, യുഎസ് ഡോളറും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) ദുർബലമായതും സ്വർണത്തിന്റെ തിളക്കംകൂട്ടി. ഏതാനും മാസങ്ങൾക്ക് മുമ്പ് യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 109നു മുകളിലായിരുന്നത് ഇപ്പോഴുള്ളത് 102.73ൽ. ഇക്കാലയളവിൽ 4.8 ശതമാനത്തിലായിരുന്ന 10-വർഷ ട്രഷറി യീൽഡ് നിലവിൽ 4.27ലേക്കും നിലംപൊത്തി.
സ്വർണവില ഇനിയെന്ന് കുറയും?
യുഎസിന്റെ പണപ്പെരുപ്പ കണക്കിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ട്രംപിന്റെ ചുങ്ക നിലപാടുമൂലം യുഎസിൽ പണപ്പെരുപ്പം കൂടിയേക്കാമെന്ന വിലയിരുത്തൽ ശക്തമാണ്. പണപ്പെരുപ്പം വീണ്ടും ഉയർച്ചയുടെ ട്രാക്കിലാണെങ്കിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന ട്രെൻഡിൽ നിന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പിന്മാറും. അതു ഡോളറിനും ബോണ്ടിനും കരുത്താകും. ഇവ കരുത്താർജ്ജിച്ചാൽ സ്വർണവില താഴേക്കിറങ്ങിയേക്കാം.
എന്നാൽ, ആഗോള വ്യാപാരയുദ്ധം കൂടുതൽ കലുഷിതമാവുകയും ഓഹരി, കടപ്പത്ര വിപണികൾ തളരുകയും ചെയ്താൽ സ്വർണത്തിന്റെ ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപ’ (safe-haven demand) പെരുമ കൂടുതൽ മെച്ചപ്പെടും. ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകർ ചുവടുമാറ്റും. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ ഡോളറിനെ കൈവിട്ട് വിദേശനാണയ ശേഖരത്തിലേക്ക് സ്വർണം വൻതോതിൽ കൂട്ടിച്ചേർക്കാൻ ശ്രമിക്കും. ഇതെല്ലാം, വില കൂടുതൽ ഉയരാനേ വഴിവയ്ക്കൂ.
പണിക്കൂലിയും ചേർന്നാൽ…
3 ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. സ്വർണാഭരണം വാങ്ങുമ്പോൾ ജിഎസ്ടിക്ക് പുറമെ 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയുമുണ്ട്. പണിക്കൂലി 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 74,116 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,265 രൂപയും.