
യുഎസ് ഓഹരി സൂചികകൾ ഇന്നലെ നടത്തിയത് രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വമ്പൻ തിരിച്ചുവരവുകളിലൊന്ന്. ചില രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ 10% അടിസ്ഥാന പകരച്ചുങ്കമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത്. 75ലധികം രാജ്യങ്ങൾ പകരച്ചുങ്കത്തിൽ യുഎസുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, വ്യാപാരരംഗത്തെ ബദ്ധവൈരിയായ ചൈനയ്ക്ക് ഇളവില്ലെന്ന് മാത്രമല്ല, പകരച്ചുങ്കം 104 ശതമാനത്തിൽ നിന്ന് 125 ശതമാനമായി കൂട്ടുകയും ചെയ്തു. എന്നാൽ, മറ്റു രാജ്യങ്ങൾക്കുമേലുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയുടെ പശ്ചാത്തലത്തിൽ യുഎസ് ഓഹരി സൂചികകൾ കുതിച്ചുയരുകയായിരുന്നു. മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ ഏർപ്പെടുത്തിയ 25% പകരച്ചുങ്കത്തിലും ഇളവില്ല.
എസ് ആൻഡ് പി500 സൂചിക 9.52 ശതമാനം (+474.1 പോയിന്റ്) കുതിച്ചുകയറി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള മൂന്നാമത്തെ വലിയ മുന്നേറ്റമാണിത്.
∙ 2008 ഒക്ടോബർ 13ന് 11.58% ഉയർന്നതാണ് റെക്കോർഡ്
∙ 2008 ഒക്ടോബർ 28ന് 10.79% കുതിച്ചിരുന്നു
∙ 2025 ഏപ്രിൽ 9ലെ 9.52% മൂന്നാമത്തെ വമ്പൻ കുതിപ്പ്
∙ 2020 മാർച്ച് 24ന് 9.38% നേട്ടമുണ്ടാക്കിയിരുന്നു
∙ 2020 മാർച്ച് 13ന് 9.29% കയറി
ഡൗ ജോൺസിന്റെ ഇന്നലത്തെ നേട്ടം 7.87% (+2,962 പോയിന്റ്). നാസ്ഡാക് 12.16% (+1,857 പോയിന്റ്) ഉയർന്നു. ഡൗ കുറിച്ചത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള 6-ാമത്തെ വലിയ മുന്നേറ്റമാണ്. ഡൗവിന്റെ മികച്ച നേട്ടങ്ങൾ ഇങ്ങനെ:
∙ 2020 മാർച്ച് 24ന് : 11.37%
∙ 2008 ഒക്ടോബർ 13 : 11.08%
∙ 2008 ഒക്ടോബർ 28 : 10.88%
∙ 1987 ഒക്ടോബർ 21 : 10.15%
∙ 2020 മാർച്ച് 13 : 9.36%
∙ 2025 ഏപ്രിൽ 9 : 7.87%
നാസ്ഡാക് രേഖപ്പെടുത്തിയത് ചരിത്രത്തിലെ രണ്ടാമത്തെ വമ്പൻ മുന്നേറ്റം.
∙ 2001 ജനുവരി 3 : 14.17%
∙ 2025 ഏപ്രിൽ 9 : 12.16%
∙ 2008 ഒക്ടോബർ 13 : 11.81%
∙ 2000 ഡിസംബർ 5 : 10.48%
കോവിഡനന്തരമുള്ള ഏറ്റവും വലിയ തകർച്ചയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇപ്പോൾ യുഎസ് ഓഹരികൾ വൻ തിരിച്ചുകയറ്റം നടത്തിയിരിക്കുന്നത്. ഡൗ കഴിഞ്ഞ 4 ദിവസത്തിനിടെ 4,500ലേറെ പോയിന്റ് തകർന്നടിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ നിന്നും കമ്പനികളുടെ വിപണിമൂല്യത്തിൽ നിന്നും കൊഴിഞ്ഞുപോയത് ബില്യനും ട്രില്യനും കണക്കിന് ഡോളറുമായിരുന്നു.
യുഎസ് ഓഹരികളുടെ തളർച്ച ആഗോളതലത്തിൽ ആഞ്ഞടിച്ചതിനെ തുടർന്ന് യൂറോപ്യൻ, ഏഷ്യൻ ഓഹരി വിപണികളും ഇന്ത്യയുടെ സെൻസെക്സും നിഫ്റ്റിയുമെല്ലാം നേരിട്ടതും കനത്ത വൽപന സമ്മർദം. യുഎസിൽ ഇന്നലെ ആപ്പിൾ, എൻവിഡിയ എന്നിവ 15-19% ഓഹരിക്കുതിപ്പ് നടത്തി. ടെസ്ല മുന്നേറിയത് 22%.
ഏഷ്യൻ ഓഹരികളിലും മുന്നേറ്റം
യുഎസ് ഓഹരികളുടെ നേട്ടത്തിന്റെ കാറ്റ് ഏഷ്യൻ ഓഹരികളിലും ആഞ്ഞടിച്ചിട്ടുണ്ട്. ജാപ്പനീസ് സൂചിക നിക്കേയ് 8.65% നേട്ടത്തിലേറി. ദക്ഷിണ കൊറിയയുടെ കോസ്പി 5 ശതമാനം കുതിച്ചു. ഓസ്ട്രേലിയയുടെ എഎസ്എക്സ്200 മുന്നേറിയത് 6%.
അതേസമയം, മഹാവീർ ജയന്തി പ്രമാണിച്ച് ഇന്ത്യൻ ഓഹരികൾക്ക് ഇന്ന് അവധിയാണ്. ഇന്നലെ സെൻസെക്സ് 379.93 പോയിന്റ് (-0.51%) താഴ്ന്ന് 73,847ലും നിഫ്റ്റി 136.70 പോയിന്റ് നഷ്ടവുമായി (-0.61%) 22,399.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.