
ഇന്നും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ശേഷം മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണവസാനിച്ചത്. അമേരിക്കൻ ഫ്യൂച്ചറുകൾ താരിഫ് ഭീഷണിയിൽ കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതും യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ തുടരുന്നതും ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചു.
ഓഎൻജിസിയും, ട്രെന്റും നാല് ശതമാനം വീതം വീണതും ഇൻഡസ് ഇന്ഡ് ബാങ്കിന്റെയും, എൽ&ടിയുടെയും, ഓട്ടോ ഓഹരികളുടെയും വീഴ്ചയും ഇന്ന് വിപണിക്ക് നിർണായകമായി. എച്ച്ഡിഎഫ്സി ബാങ്കിന്റെ അവസാന നിമിഷത്തിലെ വീഴ്ചയും, റിലയൻസ്ക്രമമായി വീണതും നിഫ്റ്റിയെ 22500 പോയിന്റിൽ താഴെ എത്തിച്ചു.
എഫ്എംസിജി ഒഴികെയുള്ള എല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്കുകളും റിയൽറ്റി സെക്ടറും 2% നഷ്ടം കുറിച്ചപ്പോൾ നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും നിഫ്റ്റി മിഡ് ക്യാപ് സൂചികയും ഒന്നര ശതമാനം വീതവും നിഫ്റ്റി സ്മോൾ ക്യാപ് 250 സൂചിക 1.9%വും വീണത് റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ടം വർദ്ധിപ്പിച്ചു.
വ്യാപാരയുദ്ധം
സ്റ്റീൽ, അലുമിനിയം ഇറക്കുമതിയിന്മേലുള്ള 25% അമേരിക്കൻ തീരുവകൾ ബുധനാഴ്ച മുതൽ നിലവിൽ വരുമെന്ന അമേരിക്കൻ കൊമേഴ്സ് സെക്രട്ടറിയുടെ പ്രസ്താവന അമേരിക്കൻ ഫ്യൂച്ചറുകൾക്ക് ഒരു ശതമാനത്തിൽ കൂടുതൽ വീഴ്ച നൽകി.
ബജറ്റ് സെഷൻ രണ്ടാം ഭാഗം
ഇന്നാരംഭിച്ച ബജറ്റ് സെഷന്റെ രണ്ടാം ഭാഗം ഏപ്രിൽ നാലാം തീയതി വരെ നീളും. വിദ്യാഭ്യാസ ബിൽ, വഖഫ് ബിൽ മുതലായ നിർണായക രാഷ്ട്രീയ വിഷയങ്ങളും ജിഎസ്ടി അടക്കമുള്ള സാമ്പത്തിക കാര്യങ്ങളും ചർച്ചയിൽ വരുന്നത് ഇന്ത്യൻ വിപണിക്ക് നിർണായകമാണ്.
ആർബിഐ ഇടപെടലുകൾ
ആർബിഐ പണവിപണിയിൽ ഇടപെടലുകൾ ആരംഭിച്ചത് നേരത്തെ രൂപയുടെ വീഴ്ച തടഞ്ഞിരുന്നു. എന്നാൽ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 87.40 എന്ന നിലയിലേക്ക് ഇന്ന് വീണു.
സർക്കാർ ബോണ്ട് വാങ്ങലിലൂടെ ആർബിഐ കൂടുതൽ പണം ബാങ്കിങ് സിസ്റ്റത്തിലെത്തിക്കുന്നത് ബാങ്കിങ്, ഫൈനാൻസിങ് ഓഹരികൾക്ക് അനുകൂലമാകും.
പണപ്പെരുപ്പക്കണക്കുകൾ മുന്നിൽ
ചൈനയുടെ ഫെബ്രുവരിയിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ അനുമാനിച്ചതിലും കൂടുതൽ ചുരുങ്ങിയത് ചൈനീസ് വിപണിക്ക് വീഴ്ച നൽകി. ബുധനാഴ്ച വരാനിരിക്കുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകള് ഇനി വിപണിയുടെ ഗതി നിർണയിക്കും. അടുത്ത ആഴ്ചയിലെ ഫെഡ് തീരുമാനങ്ങളെ അമേരിക്കൻ സാമ്പത്തിക വിവരക്കണക്കുകൾ സ്വാധീനിക്കുന്നതും വിപണിക്ക് നിർണായകമാണ്.
സ്വർണം
അമേരിക്കൻ ജോബ് ഡേറ്റയുടെ പിൻബലത്തിൽ മുന്നേറിയ രാജ്യാന്തര സ്വർണവില ഇന്ന് ലാഭമെടുക്കലിൽ വീണ്ടും വീണു. സ്വർണ വില ഔൺസിന് 2907 ഡോളറിലാണ് തുടരുന്നത്. ഫെഡ് നിരക്ക് തീരുമാനങ്ങളെക്കുറിച്ചുള്ള ധാരണകൾ തന്നെയാകും സ്വർണ വിലയേയും സ്വാധീനിക്കുക.
ക്രൂഡ് ഓയിൽ
ഒപെക് യോഗം ക്രൂഡ് ഓയിൽ ഉല്പാദനനിയന്ത്രണ തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി സൂചിപ്പിച്ചത് ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. ഏഷ്യൻ വിപണി സമയത്ത് 70 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
ടെക്ക് ഉൽപന്നങ്ങൾ
ഇന്ത്യക്ക് സ്വന്തമായി പുതിയ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കുന്നതിനായുള്ള വെല്ലുവിളി ഏറ്റെടുക്കാൻ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവരടങ്ങുന്ന ഇന്ത്യൻ ടെക്ക് ഭീമന്മാരോട് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആഹ്വാനം ചെയ്തത് കേന്ദ്ര സർക്കാരിന്റെ പുതിയ ‘ദിശാബോധ’ത്തിന്റെ ലക്ഷണമായി കണക്കാക്കാക്കാം. ചൈനയുടെ ഡീപ്സീക് അവതാരത്തിന് ശേഷം ഇന്ത്യൻ ഐടി പിന്നിലായെന്ന ധാരണയും വിപണിയിൽ ശക്തമാണ്.
അടുത്ത 12 മാസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ഫൗണ്ടേഷണൽ എഐ മോഡൽ അവതരിപ്പിക്കുമെന്നും ഐടി മന്ത്രി സൂചിപ്പിച്ചു.
മെറ്റൽ റാലി
ജെഫറീസ് വീണ്ടും ബുള്ളിഷ് നിലപാട് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്നും മെറ്റൽ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ അലുമിനിയവും ഹിന്ദ് കോപ്പറും മൂന്ന് ശതമാനത്തിൽ കൂടുതൽ വീണതോടെ മെറ്റൽ സൂചികയും ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
പവർ ഓഹരികൾ
ഏപ്രിൽ, മെയ് മാസങ്ങളിൽ ഉഷ്ണതരംഗം അതിശക്തമാകുന്നത് വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കുമെന്നും അതിനുള്ള കരുതൽ നടപടികൾ എടുത്തു കഴിഞ്ഞതും പവർ ഓഹരികൾക്ക് അനുകൂലമാണ്. മധ്യവേനലിൽ 270 ജിഗാവാട്ടിന്റെ വരെ വൈദ്യുതി ഉപഭോഗമാണ് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി പ്രതീക്ഷിക്കുന്നത്. ടാറ്റ പവർ, അദാനി പവർ, ജെഎസ്ഡബ്ലിയു എനർജി, എൻടിപിസി, എൻഎച്ച്പിസി മുതലായ ഓഹരികൾ ശ്രദ്ധിക്കുക. മിക്ക പവർ ഓഹരികളും ഇന്ന് നഷ്ടം ഒഴിവാക്കി.
കൂൾ ഓഫറുകൾ
വേനൽ കടുക്കുന്നതോടെ എയർകണ്ടീഷണറുകളുടെയും, കൂളറുകളുടെയും, ഫാനുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില്പന വീണ്ടും ത്വരിതപ്പെടുന്നത് വൈറ്റ് ഗുഡ്സ് കമ്പനികൾക്ക് അനുകൂലമാണ്. വോൾട്ടാസ്, ബ്ലൂസ്റ്റാർ, ആംബർ, ക്രോംപ്റ്റൺ ഗ്രീവ്സ് മുതലായ ഓഹരികൾ നേട്ടമുണ്ടാക്കിയിരുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]