
വിപണി ഇടിവിൽ വിഷമിക്കുന്ന നിക്ഷേപകനോ ട്രേഡറോ ആണോ നിങ്ങൾ? എങ്കിൽ ഈ ഇടിവ് ഉപയോഗിച്ച് ആദായനികുതി ലാഭിക്കാനുള്ള അവസരം ഇപ്പോഴുണ്ട്. വേണമെങ്കിൽ അടുത്ത എട്ടു വർഷവും നികുതി കുറയ്ക്കാനും കഴിഞ്ഞേക്കും. ഇത്തരത്തിൽ വിൽക്കുന്നവ ഉടനെ തിരിച്ചു വാങ്ങാമെന്നതിനാൽ മികച്ച ഓഹരികൾ നഷ്ടപ്പെടുമെന്ന പേടിയും വേണ്ട.
എന്താണ് നഷ്ടം കൊയ്യൽ
ഓഹരി, ഭൂമി, സ്വർണം പോലുള്ളവയുടെ വിൽപനയിലെ ലാഭത്തിനു മൂലധനേട്ട നികുതി (ക്യാപ്പിറ്റൽ ഗെയ്ൻ ടാക്സ്) നൽകണം. എന്നാൽ നഷ്ടം ലാഭത്തിൽ നിന്നു തട്ടിക്കിഴിക്കാം. ഇതിനായി സാമ്പത്തിക വർഷാവസാനം ആസ്തികൾ നഷ്ടത്തിൽ വിൽക്കുന്നതിനെയാണ് ടാക്സ് ലോസ് ഹാർവെസ്റ്റിങ് എന്നു പറയുന്നത്.
ഹ്രസ്വകാല– ദീർഘകാല നേട്ടങ്ങൾ
ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും രണ്ടു തരം മൂലധനനേട്ടങ്ങളുണ്ട്. വാങ്ങി ഒരു വർഷത്തിനകം വിറ്റാൽ ഹ്രസ്വകാലനേട്ടവും അതിനു ശേഷം വിറ്റാൽ ദീർഘകാലനേട്ടവും ആണ്. നടപ്പു വർഷം 1.25 ലക്ഷം രൂപ വരെയുള്ള ദീർഘകാല ലാഭത്തിന് നികുതിയില്ല. അതിൽ മുകളിൽ 12.5% നികുതി നൽകണം. ഹ്രസ്വകാല നേട്ടമാണെങ്കിൽ മുഴുവൻ ലാഭത്തിനും നികുതിയുണ്ട്. ഇവിടെ ജൂലൈ 22 മുൻപ് വിറ്റവയ്ക്ക് 15 ശതമാനവും അതിനു ശേഷമാണെങ്കിൽ 20 ശതമാനവുമാണു നികുതി.
(Representative image by EvgeniyShkolenko / istock)
എന്ത് എന്തിൽ നിന്നെല്ലാം കുറയ്ക്കാം?
ഹ്രസ്വകാലനഷ്ടം ഹ്രസ്വകാല, ദീർഘകാല ലാഭങ്ങളിൽ നിന്ന് കുറയ്ക്കാം. പക്ഷേ, ദീർഘകാല നഷ്ടം ദീർഘകാല ലാഭത്തിൽ നിന്നേ കുറയ്ക്കാനാകൂ. അതായത് ട്രേഡിങ്ങിലെ നഷ്ടം ട്രേഡിങ്ങിലെയും ദീർഘകാല നിക്ഷേപത്തിലെയും ലാഭത്തിൽ നിന്നും കുറയ്ക്കാനാകും.
നഷ്ടം എങ്ങനെ കൊയ്യാം
ആദ്യം ഈ വർഷത്തെ മൊത്തം മൂലധനലാഭം കണക്കാക്കുക. ഹ്രസ്വകാല, ദീർഘകാല ലാഭങ്ങൾ പ്രത്യേകം കണക്കാക്കണം. ദീർഘകാല ലാഭത്തിൽ നിന്ന് 1.25 ലക്ഷം രൂപ കഴിച്ചുള്ള ലാഭം എടുത്താൽ മതി. കൈവശമുള്ളവയിൽ നഷ്ടത്തിലുള്ള ഓഹരി കണ്ടെത്തി, ലാഭം സെറ്റ് ഓഫ് ചെയ്യാനുള്ള തുക നഷ്ടം വരും വിധം വിൽപന നടത്തുക. ഇവിടെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് രീതിയിലെ (എസ്ഐപി) നിക്ഷേപങ്ങൾ ഒഴിവാക്കാം.
നഷ്ടം കൊയ്യാൻ മികച്ച സമയം
ആറു മാസം മുൻപു വരെ ട്രേഡർമാരും നിക്ഷേപകരും നല്ല ലാഭം നേടിയിട്ടുണ്ട്. 2020നു ശേഷം തിരുത്തലുകളില്ലാത്ത കുതിപ്പായിരുന്നതിനാൽ ഇടിവു തുടങ്ങിയ ശേഷം വിറ്റവർക്കും ലാഭം കിട്ടിയിട്ടുണ്ട്. അതിനാൽ പലർക്കും ഉയർന്ന നികുതിയുണ്ടാകും. ഇതു കുറയ്ക്കാനായി ഇപ്പോൾ നഷ്ടത്തിൽ വിൽക്കാം.
മികച്ചതാണോ, വീണ്ടും വാങ്ങാം
നികുതി ലാഭിക്കാനാണെങ്കിലും മികച്ച ഓഹരികൾ നഷ്ടത്തിൽ വിൽക്കാൻ നിക്ഷേപകർക്കു താൽപര്യമുണ്ടാകില്ല. വിഷമിക്കേണ്ട. മാർച്ച് 31നകം വിറ്റ് നഷ്ടം രേഖപ്പെടുത്തിയിട്ട് ഉടനെ അവ തിരിച്ചു വാങ്ങാം. കാരണം ടാക്സ് ലോസ് ഹാർവെസ്റ്റിങ്ങിനായി വിൽക്കുന്ന ഓഹരി തിരിച്ചു വാങ്ങുന്നതിന് ഇന്ത്യയിൽ സമയപരിധിയില്ല.
പ്രതീകാത്മക ചിത്രം
അടുത്ത എട്ടു വർഷത്തേക്ക്
അടുത്ത വർഷം മുതൽ 12 ലക്ഷം രൂപ വരെ ആദായനികുതി ഇല്ലെങ്കിലും ഇതിൽ മൂലധനനേട്ടം ഉൾപ്പെടില്ല. പുതിയ സ്ലാബിൽ പോലും നാലു ലക്ഷത്തിനു മേലുള്ള ഓഹരി –മ്യൂച്വൽ ഫണ്ട് വരുമാനത്തിന് നികുതി നൽകണം. അതും 12.5%, 20% എന്നീ ഉയർന്ന നിരക്കിൽ. ഈ വലിയ നികുതി ഭാരം കുറയ്ക്കാനും ഇപ്പോഴത്തെ വിപണി ഇടിവിനെ ഉപയോഗിക്കാനാകും. അതായത് , ഈ വർഷം ആവശ്യമില്ലെങ്കിലും ഇപ്പോൾ വിറ്റ് നഷ്ടം രേഖപ്പെടുത്തി വച്ചാൽ കാരി ഫോർവേഡ് ചെയ്ത് അടുത്ത 8 വർഷം വരെ നികുതി ഇളവു നേടാം. എന്നാൽ കൃത്യസമയത്ത് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്താൽ മാത്രമേ ഇതു സാധ്യമാകൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]