
ഹാവൂ.. എന്താ ഒരു ഉഷ്ണം! ചൂടപ്പം പോലെ എസി വിൽപന; ഇഎംഐ വഴി വാങ്ങാൻ തിരക്കോടുതിരക്ക് | എസി വിൽപന | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – AC Sales Soar in Kerala with Attractive EMI Options | Summer | Temperature Kerala | Ajmal Bismi | Malayala Manorama Online News
ഹാവൂ.. എന്താ ഒരു ഉഷ്ണം! ചൂടപ്പം പോലെ എസി വിൽപന; ഇഎംഐ വഴി വാങ്ങാൻ തിരക്കോടുതിരക്ക്
Published: March 10 , 2025 09:26 AM IST
Updated: March 10, 2025 09:33 AM IST
1 minute Read
Image: ShutterStock/PradeepGaurs
വേനൽച്ചൂട് പൊള്ളിച്ചുതുടങ്ങിയതോടെ സംസ്ഥാനത്ത് എസിക്ക് ചൂടൻ വിൽപന. മുൻകാലങ്ങളിൽ സമ്പന്നരുടെ വീടുകളുടെ ആഡംബരമായിരുന്നു എസിയെങ്കിൽ ഇപ്പോൾ ഇടത്തരക്കാരും എസി വാങ്ങിത്തുടങ്ങി. തവണവ്യവസ്ഥയിൽ (ഇഎംഐ) എസി വാങ്ങാനെത്തുന്ന ഉപഭോക്താക്കൾ നിരവധിയാണെന്ന് വിതരണക്കാർ പറയുന്നു. കഴിഞ്ഞവർഷം മുതൽ ഇലക്ട്രോണിക്സ് ഉൽപന്ന വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും എസിയാണ്.
എസിയുടെ വിലയേക്കാൾ ഇത്തരക്കാരെ പേടിപ്പിക്കുന്നത് പിന്നീട് ഉയരാൻ സാധ്യതയുള്ള വൈദ്യുതി നിരക്കാണ്. അതുകൊണ്ടു തന്നെ സ്റ്റാർ റേറ്റിങ് കൂടിയ എസികൾ തിരഞ്ഞാണ് ആളുകൾ എത്തുന്നത്. ഏറ്റവും കാര്യക്ഷമമായ 5 സ്റ്റാർ എസികൾക്കാണ് ആവശ്യക്കാർ കൂടുതൽ. 3 സ്റ്റാറിൽ താഴെയുള്ള എസികൾക്ക് ഡിമാൻഡ് കുറവാണെന്ന് വ്യാപാരികൾ പറയുന്നു.
കേരളം വൻ വിപണി
രാജ്യത്തെ മുഴുവൻ എസി വിൽപനയുടെ ഏഴ് ശതമാനം കേരളത്തിലാണ്. സാധാരണ മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് എസി വിൽപന കൂടുന്നതെങ്കിൽ കഴിഞ്ഞവർഷം ഫെബ്രുവരിയിലും ഈ വർഷം ജനുവരിയിൽ തന്നെയും എസി വിൽപനയിൽ വർധന ഉണ്ടായി.
Image Credit: YinYang / istockphoto.com.
കഴിഞ്ഞ വർഷത്തെക്കാൾ 60 ശതമാനത്തോളം വർധനയാണ് എസി വിൽപനയിൽ ഇക്കുറി പ്രതീക്ഷ. കഴിഞ്ഞ വർഷം 5 ലക്ഷത്തിനു മുകളിൽ വിൽപന നടന്നെങ്കിൽ ഇത്തവണ 8 ലക്ഷത്തോളം എസി വിറ്റഴിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അജ്മൽ ബിസ്മി ഗ്രൂപ്പ് മേധാവി വി.എ. അജ്മൽ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു.
ഒരു ടണ്ണിന് വൻ പ്രിയം
30,000 രൂപയ്ക്കുള്ളിൽ വില വരുന്ന എസിക്കാണ് ആവശ്യക്കാർ കൂടുതലും. കേരളത്തിൽ വിറ്റഴിക്കപ്പെടുന്നതിൽ 70 ശതമാനത്തോളവും ഒരു ടണ്ണിന്റെ എസി യൂണിറ്റുകളാണ്. ഒന്നര ടണ്ണിന്റേതിന് 25%. ഇഎംഐ ഓഫറുകളാണ് എസി വിപണിയിലേക്ക് ഇടത്തരക്കാരെ എത്തിക്കുന്നത്. 8 മാസം മുതൽ 12 മാസം വരെയുള്ള മാസത്തവണകളായാണ് വിൽപനയിൽ പകുതിയും. എസിക്ക് പുറമെ കൂളറിന്റെയും ഫാനിന്റെയും മിക്സിയുടെയും വിൽപനയിലും ഇത്തവണയും മികച്ച വളർച്ചയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
AC Sales Soar in Kerala with Attractive EMI Options.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-homestyle-air-conditioner haritha-salini-harilal mo-environment-temperaturerise 7qt772mm1kbeg4970podi79r4c mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list