ഇന്ത്യയ്ക്ക് പിന്നാലെ ബംഗ്ലദേശിനുള്ള തീരുവയും 19 ശതമാനമാക്കി കുറച്ച് അമേരിക്ക. ബംഗ്ലദേശിൽ നിന്നുള്ള ചില തുണിത്തരങ്ങളുടെ കയറ്റുമതി തീരുവ രഹിതമാക്കും.
നിലവിൽ 20 ശതമാനമായിരുന്നു ബംഗ്ലാദേശിനുള്ള തീരുവ. എന്നാൽ ഇന്ത്യ – യുഎസ് കരാറിന് പിന്നാലെ ബംഗ്ലദേശ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയെ സമീപിക്കുകയായിരുന്നു. ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ടുദിവസം മുമ്പാണ് നിർണായക നീക്കമെന്നതും ശ്രദ്ധേയം.
ഇതോടെ ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഒരേ തീരുവയായി.
ഏഷ്യന്‍ രാജ്യങ്ങളിൽ ഏറ്റവും കുറവ് തീരുവയാണ് ഇന്ത്യയ്ക്കെന്ന വാദവും ഇനി കേന്ദ്രസര്‍ക്കാരിന് ഉയര്‍ത്താൻ കഴിയില്ല. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനാൽ ഇക്കാര്യം പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പാണ്.
ബംഗ്ലദേശിനു മേലുള്ള തീരുവ കുറച്ചത് ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, ഹോർമൂസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ്. രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതൽ എണ്ണവ്യാപാരം നടക്കുന്ന ഇടനാഴിയാണ് ഹോർമൂസ് കടലിടുക്ക്.
ഇതുവഴി സഞ്ചരിക്കുന്ന യുഎസ് കപ്പലുകൾ ഇറാൻ തീരം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഇറാൻ – യുഎസ് സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണിത്.
ഇറാൻ തീരത്തോട് ചേർന്ന് കപ്പലുകൾ സഞ്ചരിക്കരുത്. ഇറാൻ സൈന്യം കപ്പലുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ബലം പ്രയോഗിച്ച് തടയരുത്.
സുരക്ഷയെക്കരുതി ഒമാൻ തീരത്തോട് ചേര്‍ന്നായിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്നും മുന്നറിയിപ്പിൽ പറയുന്നു.
നേരത്തെ ഇസ്രയേലുമായി നടന്ന യുദ്ധത്തിനിടെ ഹോർമൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ യുഎസുമായി സമാധാന ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഇറാൻ ഇക്കാര്യം ആവർത്തിച്ചിട്ടില്ല.
പകരം, തങ്ങളുടെ ആണവ പരീക്ഷണം പൂർണമായും അവസാനിപ്പിക്കാമെന്നും എന്നാൽ അമേരിക്കൻ സാമ്പത്തിക ഉപരോധം പൂർണമായും പിൻവലിക്കണമെന്നുമാണ് ഇറാന്റെ ആവശ്യം.
കുതിക്കാൻ വിപണി
ഇന്ത്യ യുഎസ് വ്യാപാര കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്ന ആദ്യ വ്യാപാര ദിനമായിരുന്നു ഇന്നലെ. ഇന്ത്യൻ വിപണി സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിലാണ് അവസാനിച്ചത്.
നിഫ്റ്റി 173 പോയിന്റ് കയറി 25,867.30ലെത്തി. സെൻസെക്സ് 485 പോയിന്റ് വർധിച്ച് 84,065.75ലെത്തിയും മിടുക്ക് കാട്ടി.
യുഎസ് കരാറിന് പുറമെ എസ്ബിഐ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടതും ആഗോള സൂചകങ്ങള്‍ പോസിറ്റീവായതുമാണ് വിപണിക്ക് നേട്ടമായത്. തുടക്കത്തില്‍ ഉയർന്നെങ്കിലും അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 9 പൈസ നഷ്ടത്തിൽ 90.74നാണ് ക്ലോസ് ചെയ്തു.
ഇന്നലെ വിദേശ നിക്ഷേപകർ കൂടുതൽ ഓഹരി വാങ്ങിയതായും കണക്കുകൾ പറയുന്നു.
വിദേശ നിക്ഷേപകർ തിരിച്ചുവരുന്നതിന്റെ സൂചന വിപണിക്ക് നേട്ടമാണ്. ഇന്ന് രാവിലെ ഗിഫ്റ്റ് നിഫ്റ്റിയിൽ പോസിറ്റീവായാണ് വ്യാപാരം നടക്കുന്നത്.
ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം തുടരുന്ന കാഴ്ചയാണ് അമേരിക്കൻ വിപണിയിലുമുള്ളത്. ഡോ സൂചിക റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടെക്നോളജി മേഖലയിലെ കമ്പനികളുടെ മികച്ച പ്രവർത്തന റിപ്പോർട്ടുകൾ എസ് ആൻഡ് പി, നാസ്ഡാക് സൂചികകളെയും ഉയർത്തി. എന്‍വിഡിയ, ബ്രോഡ്കോം, ഒറാക്കിൾ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.
എന്നാൽ യുഎസ് ഓഹരി ഫ്യൂച്ചറുകള്‍ ഇന്ന് ഇടിവിലാണ്. ഡോ റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെയാണ് വിപണിക്ക് മനം മാറ്റം.
യൂറോപ്യൻ വിപണി നേട്ടം തുടരുകയാണ്.
യൂറോപ്യൻ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് രണ്ട് ശതമാനത്തില്‍ തുടരാൻ തീരുമാനിച്ചത് വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. ഏഷ്യൻ വിപണികൾ ഇന്നും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
സനയ് തകയ്ചിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ റെക്കോർഡ് നേട്ടമുണ്ടാക്കിയ ജാപ്പനീസ് വിപണി ഇന്നും വമ്പൻ കുതിപ്പിനുള്ള തയാറെടുപ്പിലാണ്. നിക്കെയ് 2.25 ശതമാനത്തോളം നേട്ടത്തിലാണ്.
ഹോങ് കോങ് സൂചിക 0.89 ശതമാനം കയറിയപ്പോൾ ഷാാൻഹായ് സൂചിക നേരിയ ഇടിവിലായ ശേഷം പിന്നീട് തിരിച്ചുകയറി.
സ്വർണവിലയില്‍ ചാഞ്ചാട്ടം
പുതിയ റെക്കോർഡിലേക്ക് പോകുമെന്ന് തോന്നിച്ച സ്വര്‍ണവില ഇടിഞ്ഞു. എന്നാലും ഔൺസിന് 5,000 ഡോളറിന് മുകളില്‍ തന്നെയാണ് വ്യാപാരം.
യുഎസിലെ സാമ്പത്തിക കണക്കുകൾ പുറത്തുവരുന്നതിന് മുമ്പുള്ള ജാഗ്രതയിലാണ് നിക്ഷേപകർ. ഇന്ന് ഔൺസിന് 5,082 ഡോളർ വരെ എത്തിയ രാജ്യാന്തര സ്വർണവില പിന്നീട് 4,998 ഡോളറിലേക്ക് ഇടിഞ്ഞു.
നിലവിൽ ഔൺസിന് 5,042 ഡോളറെന്ന വിലയിലാണ് വ്യാപാരം. കേരളത്തിൽ ഇന്ന് സ്വർണവില വർധിക്കാനാണ് സാധ്യത.
ക്രൂഡ് ഓയിൽ വിലയും ഇന്ന് ഇടിവിലാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

