ടിവിയില്‍ ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങുകൾ കാണുകയാണ് ഭാര്യ. ഞായറാഴ്ച 11 മണിയുടെ പതിവു ചായയുമായി ഞാനും ഒപ്പമിരുന്നു.
പ്രമുഖരടക്കം ശ്രീനിയെ അനുസ്മരിക്കുന്നു. കുറെ കഥാപാത്രങ്ങളുടെ പേരുകള്‍ പറഞ്ഞ് ഞാനും ശ്രീനിവാസനെക്കുറിച്ചു വാചാലനായി, ‘എല്ലാ കഥാപാത്രങ്ങളെയും നന്നായി അറിയാമല്ലോ.
എന്നിട്ട് വിജയനെ മറന്നതെന്തേ.’ ‘നാടോടിക്കാറ്റിലെ വിജയനല്ല. മറ്റൊരു വിജയനുണ്ട്, വിജയന് മാഷ്.
എന്തേ ഓർമകിട്ടുന്നില്ല,’ ഭാര്യയുടെ ചോദ്യമാണ്. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനെയാണ് ഉദ്ദേശിച്ചത്. ‘നമ്മുടെ വിജയന് മാഷ്. അല്ല.
വിജയന് സ്വാമി. അങ്ങേരെ ആരു മറക്കാനാ.’ ഞാന്‍ ചിരിച്ചു.
ഭാര്യ ചിരിച്ചില്ല. ‘വീട്ടിലെ ഉത്തരവാദിത്തങ്ങളെ വിജയനെപ്പോലെ നിങ്ങള്‍ കൈകാര്യംചെയ്തിരുന്ന കാലമുണ്ടായിരുന്നു.
അതും മറന്നോ.’ ഭാര്യയുടെ വാക്കുകള്‍ പഴയ അക്കൗണ്ട് ബുക്കിലെ മറന്നുപോയ ചില പേജുകള്‍ തുറന്നു. ‘നീ അല്ലേ എന്റെ ആ സ്വഭാവം മാറ്റിയെടുത്തത്.’ ഞാന്‍ ഒടുവില്‍ പറഞ്ഞു.
‘അതിനെക്കാള്‍ വേഗത്തില്‍ നിങ്ങള്‍ പഴയപടിയായില്ലേ. അന്നു മാസാവസാനം എത്ര പണമുണ്ടെന്നു നമുക്കു കൃത്യമായി അറിയാമായിരുന്നു. ശമ്പളം വന്നാല്‍ ആദ്യം എന്തു ചെയ്യണം എന്നതില്‍ തര്‍ക്കമുണ്ടായിരുന്നില്ല.
അന്നു നിങ്ങള്‍ പറഞ്ഞിരുന്നതോര്മയുണ്ട്. പണം നമ്മെ നിയന്ത്രിക്കരുത്, നമ്മള് പണത്തെ നിയന്ത്രിക്കണം എന്ന്.’ ഭാര്യ നിർത്തുന്നില്ല.
‘ഇന്ന് എത്ര സബ്സ്ക്രിപ്ഷനുകള്ക്കു പണം കൊടുക്കുന്നുണ്ട്? മകള്‍ക്ക് മന്തിയും ബര്‍ഗറും പിസയും വാങ്ങാന്‍ മാസം എത്ര ചെലവാക്കുന്നു. വല്ല കണക്കുമുണ്ടോ?’ ‘അന്നു മാസം 500 രൂപ പോസ്റ്റ് ഓഫിസില്‍ ഇടുമ്പോള്‍ നിങ്ങള്‍ പറഞ്ഞില്ലേ, ‘ഇതു കുട്ടികളുടെ ഭാവിക്കാണ്’ എന്ന്.
എന്നിട്ടാ നിക്ഷേപങ്ങള്‍ പൂര്‍ത്തിയാക്കിയോ?’ ‘അതു പിന്നെ ഇൻഫ്ലേഷൻകൂടി നോക്കിയാൽ പോസ്റ്റോഫിസിൽനിന്ന് എന്നാ കിട്ടാനാ.’ എന്റെ ശബ്ദം വളരെ ദുര്‍ബലമായിരുന്നു. ‘ശരി.
ഇൻഫ്ലേഷനെ ബീറ്റ് ചെയ്യുന്ന മ്യൂച്വല്‍ഫണ്ട് എസ്ഐപി തുടങ്ങിയല്ലോ, എന്തായി?’ ‘ഓഹരിയില്‍ അതിന്റെ പത്തിരട്ടി നേട്ടം കിട്ടും.’ ഞാന്‍ പറഞ്ഞു. ‘എന്നിട്ട് ഓഹരി നിക്ഷേപം എവിടെ വരെയായി?’ ‘ഓഹരിയിൽ ദീര്‍ഘകാലം കാത്തിരുന്നിട്ടു കാര്യമില്ല. അന്നന്നു വാങ്ങി അന്നന്നു വിറ്റ് ലാഭം എടുക്കുന്നതാണ് ഏറ്റവും നല്ലത്.’ ‘ചെയ്ത ട്രേഡിങ്ങിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?’ ‘യഥാർഥ ലാഭം ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സിലാണ്.
ഒരൊറ്റ ട്രേഡ് മതി. ഭാവി മാറി മാറിയാന്‍.’ ഞാന്‍ പറഞ്ഞു.
‘അതേ ഒരൊറ്റ ട്രേഡ്. അതില്‍ എത്ര ലക്ഷം രൂപയാനിങ്ങള് നഷ്ടപ്പെടുത്തിയത്?’ ഭാര്യയുടെ കുറച്ചു പണവും ഞാനെടുത്തു കളിച്ചായിരുന്നു.
അടുത്ത ഡയലോഗ് അതിനെക്കുറിച്ചായിരിക്കും. അപ്പോള്‍ പറയാൻ ഞാന്‍ വിജയന്റെ ആ ഡയലോഗ് മനസ്സില്‍ ഉരുവിട്ടുറപ്പിച്ചു: ‘അപ്പോള്‍ നീ എല്ലാത്തിനും കണക്കു വച്ചിട്ടുണ്ടായിരുന്നു, അല്ലേ.
എന്റെ കാശ്, നിന്റെ കാശ് എന്നിങ്ങനെ വേര്തിരിവുണ്ടായിരുന്നല്ലേ.’
പക്ഷേ, എന്റെയല്ലേ ഭാര്യ. അതു മാത്രം പറഞ്ഞില്ല.
‘അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും സംസാരിക്കപ്പെടുന്നത് അതു ജീവിതത്തെക്കുറിച്ചായതുകൊണ്ടാണ്,’ ഭാര്യ പറഞ്ഞു.
ഞാന്‍ തലകുലുക്കി. ശേഷം അവള് ചിരിച്ചു, ചിന്താവിഷ്ടയായ ഒരു ഭാര്യയുടെ ചിരി. ‘നാളെമുതല്‍ നമുക്കു വീണ്ടും തുടങ്ങാം, ഞാന്‍ തലകുലുക്കി.
വീട്ടില്‍ ഒരു പുതിയ സീന്‍ തുടങ്ങി. (മലയാള മനോരമ സമ്പാദ്യം ജനുവരി 2026 ലക്കത്തിൽ നിന്ന്. പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ് ലേഖകൻ [email protected]) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

