വാഷിങ്ടൻ ∙ ഇന്ത്യ– യുഎസ് വ്യാപാരക്കരാർ നടക്കാതെ പോയത് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിക്കാത്തതിനാലാണെന്ന് അമേരിക്കൻ കൊമേഴ്സ് സെക്രട്ടറി ഹൊവാഡ് ലുട്നിക് പറഞ്ഞു.
ആദ്യം ഒപ്പിടുന്ന രാജ്യത്തിന് കുറഞ്ഞ തീരുവ നിരക്ക് എന്നതായിരുന്നു ട്രംപിന്റെ വ്യാപാരക്കരാറുകളുടെ രീതിയെന്നും അതിനുള്ള അവസരമാണ് ഇന്ത്യ നഷ്ടമാക്കിയതെന്നും അദ്ദേഹം ഒരു പോഡ്കാസ്റ്റ് ചാനലിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. യുകെയുമായുള്ള കരാർ കഴിഞ്ഞയുടൻ രണ്ടാമത്തെ അവസരം ഇന്ത്യയ്ക്കായി നീക്കിവച്ചങ്കിലും മോദി ട്രംപിനെ വിളിക്കാൻ മടിച്ചു.
എല്ലാം തയാറാണെന്നും മോദി പ്രസിഡന്റിനെ വിളിക്കണമെന്നും ട്രംപ് സൂചിപ്പിച്ചു.
എന്നാൽ, ഇന്ത്യയ്ക്ക് അതു ചെയ്യുന്നതിൽ അസ്വസ്ഥതയുണ്ടായിരുന്നു. അതിനാൽ മോദി വിളിച്ചില്ല.
കരാർ പൂർത്തിയാക്കാൻ അനുവദിച്ച 3 വെള്ളിയാഴ്ചയെന്ന കാലാവധി ഇന്ത്യ പാലിച്ചില്ല. ഈ സമയത്ത് ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവയുമായി കരാർ ഒപ്പിട്ടു.
ഓരോ അവസരം നഷ്ടമായപ്പോഴും ഇന്ത്യയ്ക്കു കൂടിയ നിരക്ക് ബാധകമായെന്നും ലുട്നിക് വിശദീകരിച്ചു.
അസത്യമെന്ന് ഇന്ത്യ
ലുട്നിക്കിന്റെ വാദം അസത്യമാണെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. 2025 ൽ മോദിയും ട്രംപും 8 തവണ ഫോണിൽ സംസാരിച്ചു.
വ്യാപാരചർച്ചകളും ഇന്ത്യ യുഎസ് ബന്ധവും ഇപ്പോഴും ശക്തമായി തുടരുകയാണ്. പലതവണ കരാറിന്റെ അന്തിമഘട്ടംവരെ എത്തിയിരുന്നുന്നെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി യുഎസ് ഉയർത്തുന്ന ഇന്ത്യാവിരുദ്ധ പരാമർശങ്ങളിൽ ഇതാദ്യമായാണു കേന്ദ്രസർക്കാർ പ്രതികരിച്ചത്. 2 സമ്പദ്വ്യവസ്ഥകൾക്കും പ്രയോജനകരമായ വ്യാപാരക്കരാറിലാണു താൽപര്യമെന്ന് അദ്ദേഹം വിശദീകരിച്ചു.
500 % തീരുവ
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള തീരുവ 500% ആക്കാനുള്ള ബില്ലിനെക്കുറിച്ച് അറിഞ്ഞുവെന്നും പുരോഗതി സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യ–ഇയു കരാർ: ഉടൻ അന്തിമമായേക്കും
ന്യൂഡൽഹി∙ ഇന്ത്യ–യൂറോപ്യൻ യൂണിയൻ (ഇയു) വ്യാപാരക്കരാർ അന്തിമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയുഷ് ഗോയൽ ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലെത്തി.
യൂറോപ്യൻ യൂണിയൻ ട്രേഡ് കമ്മിഷണർ മാരോസ് സെഫ്കോവിക്കുമായി ഗോയൽ ചർച്ച നടത്തി. ഇന്ത്യ–യൂറോപ്യൻ യൂണിയൻ വാർഷിക ഉച്ചകോടി 27നാണ്. ഇതിനോടനുബന്ധിച്ച് വ്യാപാരക്കരാർ അന്തിമമാക്കിയേക്കുമെന്നാണ് സൂചന.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

