ഇന്ത്യയ്ക്കെതിരെ കൂടുതൽ തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടിയാണ് നേരത്തേ ഇന്ത്യയ്ക്കുമേൽ ട്രംപ് 25% പിഴച്ചുങ്കം ഉൾപ്പെടെ മൊത്തം 50% തീരുവ ചുമത്തിയതെങ്കിൽ, ഇത്തവണ വിഷയം മറ്റൊന്നാണ് – അരി.
ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ തീരുവയുദ്ധം പ്രഖ്യാപിച്ചത് അമേരിക്കയിലെ കർഷകർക്ക് കനത്ത തിരിച്ചടിയായിരുന്നു.
നിരവധി രാജ്യങ്ങൾ അമേരിക്കൻ കാർഷികോൽപന്നങ്ങൾ വാങ്ങുന്നത് നിർത്തി. ഉദാഹരണത്തിന്, യുഎസിന്റെ സോയാബീനും ചോളവും ഏറ്റവുമധികം വാങ്ങിയിരുന്നത് ചൈനയായിരുന്നു.
ചൈന അതു പൂർണമായി നിർത്തിയശേഷം ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് മെക്സിക്കോയെയാണ്.
തീരുവയുദ്ധം മൂലം പ്രതിസന്ധിയിലായ അമേരിക്കൻ കർഷകർക്ക് ആശ്വാസം പകരാനായി 12 ബില്യൻ ഡോളറിന്റെ (ഏകദേശം 1.08 ലക്ഷം കോടി രൂപ) സഹായപ്പാക്കേജ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയ്ക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്ന മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ അരി വൻതോതിൽ അമേരിക്കയിൽ എത്തുകയാണെന്ന് കർഷകർ ആരോപിച്ചിരുന്നു.
ഇതുമൂലം ആഭ്യന്തര വിപണിയിൽ വിലകുത്തനെ താഴുന്നത് കർഷകർക്ക് തിരിച്ചടിയാണെന്ന വാദവും അവർ ഉയർത്തിയിരുന്നു. ആ രാജ്യങ്ങൾ വഞ്ചിക്കുകയാണെന്നും കനത്ത തീരുവ ഏർപ്പെടുത്തുമെന്നുമാണ് ഇതിനോട് ട്രംപ് പ്രതികരിച്ചത്.
കാനഡയിൽ നിന്നുള്ള വളത്തിനും തീരുവ കൂട്ടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഏത് രാജ്യത്തിനുമേലാണ് ഇനി കൂടുതൽ തീരുവ ചുമത്തേണ്ടതെന്ന് ട്രംപ് കർഷകരോട് ചോദിച്ചു. ഇന്ത്യ, ചൈന, തായ്ലൻഡ് എന്നിവയാണ് ഈ വിഷയത്തിൽ പ്രധാന ‘പ്രതികൾ’ എന്ന മറുപടിയാണ് ലൂസിയാനയിലെ കെന്നഡി റൈസ് മിൽ സിഇഒ മെറിൽ കെന്നഡി നൽകിയത്.
ചൈന വലിയതോതിൽ പ്യോർട്ടോ റികോയിലേക്ക് അരി കയറ്റുമതി ചെയ്യുന്നു. ഇതുമൂലം അമേരിക്കയ്ക്ക് വർഷങ്ങളായി പ്യോർട്ടോ റികോയിലേക്ക് വിപണിപ്രവേശനം കിട്ടിയിട്ടില്ലെന്നും കെന്നഡി പറഞ്ഞു.
കൂടുതൽ തീരുവ ചുമത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്ന് ട്രംപ് വീണ്ടും ചോദിച്ചു.
‘‘അവർ ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ ഇവിടെ കൊണ്ടുവന്ന് തള്ളരുത്’’ എന്ന മറുപടിയാണ് കർഷകർ നൽകിയത്. ഇതുകേട്ട
ഉടൻ തൊട്ടടുത്തിരുന്ന ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റിനോട് കർഷകർ ചൂണ്ടിക്കാട്ടിയ രാജ്യങ്ങളുടെ പേര് കുറിച്ചുവയ്ക്കാൻ ട്രംപ് ആവശ്യപ്പെട്ടു.
ഇന്ത്യ സ്വന്തം അരി ഉൽപാദനമേഖലയ്ക്ക് സബ്സിഡി കൊടുത്ത് അന്യായമായ പ്രോത്സാഹനം നൽകുകയാണെന്നും കെന്നഡി ആരോപിച്ചു. ‘‘ശരി, ഇന്ത്യയുടെ കാര്യം നമുക്ക് നോക്കാം.
വേറെ ഏതൊക്കെ രാജ്യങ്ങളുണ്ട്?’’ എന്നായിരുന്നു ഇതിനോട് ട്രംപിന്റെ മറുചോദ്യം. യുഎസും ഇന്ത്യയും തമ്മിലെ വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതും ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50% തീരുവ വെട്ടിക്കുറയ്ക്കാൻ ട്രംപ് തയാറാകാത്തതും ഇതിനകം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം മോശമാക്കിയിട്ടുണ്ട്.
ട്രംപ്-മോദി സൗഹൃദത്തിനും വിള്ളൽ വീണെന്ന വിലയിരുത്തൽ ശക്തമാണ്.
വ്യാപാരക്കരാർ സംബന്ധിച്ച തുടർ ചർച്ചകൾക്കായി യുഎസ് അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ പൊളിറ്റിക്കൽ അഫയേഴ്സ് അലിസൻ ഹൂക്കർ 5-ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് വീണ്ടും ഇന്ത്യയ്ക്കെതിരെ തിരിയുന്നത്.
ആശങ്കകളുടെ നടുവിൽ ഓഹരി വിപണി
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനം അനിശ്ചിതത്വത്തിൽ തുടരുന്നത് ഓഹരി വിപണിയെ സാരമായി അലട്ടുന്നുണ്ട്.
ഇതിനുപുറമേ നാളെ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കുമെന്നത് സംബന്ധിച്ചുള്ള ആകാംക്ഷയും ആശങ്കയും ആഗോളതലത്തിൽതന്നെ ഓഹരി വിപണികളെ ചാഞ്ചാട്ടത്തിലേക്ക് വീഴ്ത്തിക്കഴിഞ്ഞു.
ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെങ്കിലും ഓഹരി വിപണികൾ കരുതലോടെയാണ് നീങ്ങുന്നത്. ഇക്കുറി പലിശ കുറച്ചാലും, 2026ൽ പലിശനിരക്കിന്റെ ദിശ എങ്ങോട്ടേക്കാകുമെന്ന സൂചന യുഎസ് ഫെഡ് നൽകും.
നാളത്തെ പ്രഖ്യാപനത്തോടു കൂടി പലിശയിറക്കത്തിന് താൽക്കാലിക വിരാമമാകുമെന്നും 2026ൽ പലിശ താഴ്ത്താനുള്ള സാധ്യത വിരളമാണെന്നുമുള്ള വിലയിരുത്തലുകൾ ഉയർന്നിട്ടുണ്ട്.
ചുവപ്പണിഞ്ഞ് വിപണികൾ
പലിശ ടെൻഷൻ മൂലം യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.35%, നാസ്ഡാക് 0.14%, ഡൗ ജോൺസ് 0.45% എന്നിങ്ങനെ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. എന്നാൽ, എൻവിഡിയയ്ക്ക് ചൈനയിൽ എച്ച്200 എഐ ചിപ്പുകൾ വിൽക്കാൻ നിബന്ധനകളോടെ ട്രംപ് അനുമതി നൽകിയത് ഫ്യൂച്ചേഴ്സ് വിപണിക്ക് നേരിയ ആശ്വാസമായി.
നാസ്ഡാക് ഫ്യൂച്ചേഴ്സ് 0.1% ഉയർന്നു. എസ് ആൻഡ് പി ഫ്യൂച്ചേഴ്സിന്റെ നേട്ടവും 0.1%.
മുൻകൂർ അനുമതി ലഭിച്ച ഉപഭോക്തൃകമ്പനികൾക്കേ ചൈനയിൽ ചിപ്പ് വിൽക്കാവൂ.
ഓരോ ചിപ്പിനും 25% ഫീസ് യുഎസ് ഗവൺമെന്റിന് നൽകുകയും വേണമെന്ന നിബന്ധനയുമുണ്ട്. പ്രമുഖ യൂറോപ്പ്, ഏഷ്യൻ ഓഹരി വിപണികളെല്ലാം ചുവന്നാണ് വ്യാപാരം ചെയ്തത്.
ഇന്ത്യയ്ക്കും നല്ല ടെൻഷൻ
ആഗോളതലത്തിൽ വീശുന്ന നെഗറ്റീവ് കാറ്റ് ഇന്നലെ ഇന്ത്യൻ വിപണികളെയും ഉലച്ചു.
വിദേശ നിക്ഷേപകർ (എഫ്ഐഐ) ഓഹരി വിറ്റൊഴിയുന്ന മനോഭാവം മാറ്റാത്തതും തിരിച്ചടിയാണ്. നിഫ്റ്റി ഇന്നലെ 225.90 പോയിന്റ് (-0.86%) താഴ്ന്ന് 25,960ലും സെൻസെക്സ് 609.68 പോയിന്റ് (-0.71%) നഷ്ടവുമായി 85,102ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
1) യുഎസിന്റെ പലിശനയം സംബന്ധിച്ച അനിശ്ചിതത്വം, 2) വിദേശ നിക്ഷേപ നഷ്ടം, 3) രൂപയുടെ വീഴ്ച, 4) ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനം വൈകുന്നത് എന്നീ കാരണങ്ങളാണ് പ്രധാനമായും ഓഹരികളെ തളർത്തിയത്.
∙ ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 82 പോയിന്റ് നഷ്ടത്തിലേക്ക് വീണു.
സെൻസെക്സും നിഫ്റ്റിയും ഇന്നും സമ്മർദത്തിലായേക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
∙ സർവീസുകൾ താറുമാറായതിനെ തുടർന്ന് പ്രതിസന്ധിയിലായ ഇൻഡിഗോയുടെ ഓഹരികൾ കഴിഞ്ഞ ഒരാഴ്ചയായി വിറ്റൊഴിയൽ സമ്മർദത്തിലാണ്. 16 ശതമാനത്തിലധികമാണ് ഒരാഴ്ചയിലെ വീഴ്ച.
വിപണിമൂല്യത്തിൽ നിന്ന് ഏതാണ്ട് 40,000 കോടി രൂപയ്ക്കടുത്ത് ഒലിച്ചുപോയി.
∙ ഇൻഡിഗോയുടെ വീഴ്ച സ്പൈസ്ജെറ്റിന് നേട്ടമായി. ഓഹരിവില ഇന്നലെ 14 ശതമാനത്തോളം മുന്നേറി.
സർവീസുകൾ കൂട്ടിയാണ് നിലവിലെ പ്രതിസന്ധി സ്പൈസ്ജെറ്റ് അനുകൂലമാക്കി മാറ്റുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

