
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഒരിടവേളയ്ക്കുശേഷം സവാള, തക്കാളി വിലകൾ വീണ്ടും കുതിപ്പ് തുടങ്ങി. അടുക്കള ബജറ്റിന്റെ ശ്രുതിതെറ്റിക്കും വിധം ഇരട്ടിയിലേറെയായാണ് സവാള വിലയുടെ മുന്നേറ്റം. കേരളത്തിൽ ഒക്ടോബറിൽ കിലോയ്ക്ക് 29-35 രൂപയായിരുന്ന സവാള വില മിക്ക ജില്ലകളിലും 70-80 രൂപ കടന്നു.
കൊച്ചിയിൽ ചില്ലറവില കിലോയ്ക്ക് 88-90 രൂപയായി. ഇടുക്കിയിൽ 85-90 രൂപ. കോട്ടയം, ആലപ്പുഴ ജില്ലകളിൽ 78 രൂപ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ 80 രൂപ, തിരുവനന്തപുരത്ത് 75 രൂപ എന്നിങ്ങനെയാണ് ചില്ലറവിലയെന്ന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളത്തിന്റെ വിലനിലവാരപ്പട്ടിക വ്യക്തമാക്കുന്നു.
തക്കാളിക്കും വില കൂടിത്തുടങ്ങി. ഒക്ടോബറിൽ കിലോയ്ക്ക് ശരാശരി 60 രൂപയായിരുന്ന വില പിന്നീട് കുറഞ്ഞെങ്കിലും വീണ്ടും ഉയരുകയാണ്. നിലവിൽ കൊച്ചിയിൽ 40 രൂപ, കോട്ടയത്തിന് 50 രൂപ, തിരുവനന്തപുരം, മലബാർ മേഖലകളിൽ ശരാശരി 35 രൂപ എന്നിങ്ങനെയാണ് വില. സവാളയുടെ മുഖ്യ ഉൽപാദന, വിതരണ സംസ്ഥാനമായ മഹാരാഷ്ട്രയിൽ മഴക്കെടുതി മൂലം വിളവ് നശിച്ചത് സവാളയുടെ വരവ് കുറയാനും വില കൂടാനും വഴിവച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സവാള വിപണിയായ മഹാരാഷ്ട്രയിലെ ലാസൽഗാവിൽ വില 47 രൂപയിൽ നിന്ന് 60 രൂപയിലേക്ക് ഒരാഴ്ചയ്ക്കിടെ ഉയർന്നു.
ഡൽഹിയിൽ വില 60-70 രൂപ നിരക്കിൽ തുടരുകയാണ്. നാസിക്കിൽ നിന്ന് കേന്ദ്രത്തിന്റെ സവാള സ്പെഷൽ ട്രെയിൻ കഴിഞ്ഞമാസം ഡൽഹിയിൽ എത്തിയിരുന്നെങ്കിലും വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് നിലവിലെ വിലക്കുതിപ്പ്. വിലസ്ഥിരതാ ഫണ്ട് പ്രകാരം കർഷകരിൽ നിന്ന് നാഷണൽ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) സമാഹരിച്ച് കരുതൽ ശേഖരത്തിൽ സൂക്ഷിച്ച സവാളയാണ് ട്രെയിനിൽ എത്തിച്ചത്.
തക്കാളി വിലയും ഡൽഹിയിൽ ഈമാസം ഒന്നിന് കിലോയ്ക്ക് 20 രൂപയായിരുന്നത് ഇപ്പോൾ 27 രൂപയിലെത്തി. ശരാശരി 25 രൂപയാണ് മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ വില. ദീപാവലി ആഘോഷക്കാലത്ത് മികച്ച ഡിമാൻഡിനെ തുടർന്ന് സവാള വില കൂടിയിരുന്നു. ഡിമാൻഡിൽ ഇപ്പോഴും കുറവില്ലാത്തതും വില ഉയർന്ന് നിൽക്കാൻ വഴിയൊരുക്കിയിട്ടുണ്ട്.
നിങ്ങളുടെ ഇഎംഐയെ എങ്ങനെ ബാധിക്കും?
സവാള, തക്കാളി തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ വിലവർധന അടുക്ക ബജറ്റിന്റെ താളംതെറ്റിക്കുക മാത്രമല്ല, നിങ്ങളുടെ ഇഎംഐ ഭാരത്തെയും ബാധിക്കും. ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് പരിഷ്കരിക്കാറുള്ളത്.
റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഇത് കഴിഞ്ഞ ഒരുവർഷത്തിലേറെയായി പരിധിവിട്ട് ഉയർന്നുനിന്ന പശ്ചാത്തലത്തിൽ റീപ്പോനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായിരുന്നില്ല. എന്നാൽ കഴിഞ്ഞ ജൂലൈയിലും (3.60%) ഓഗസ്റ്റിലും (3.65%) പണപ്പെരുപ്പം 4 ശതമാനത്തിന് താഴെ എത്തിയിരുന്നു.
ഇന്ത്യയുടെ സെപ്റ്റംബർ വരെയുള്ള ചില്ലറവിലക്കയറ്റത്തോത് അഥവാ റീട്ടെയ്ൽ പണപ്പെരുപ്പക്കണക്കും (CPI) ഭക്ഷ്യവിലപ്പെരുപ്പക്കണക്കും (CFPI). Image: Ministry of Statistics
എന്നിട്ടും, പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായില്ല. ഇതിന് കാരണം, ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) 5 ശതമാനത്തിന് മുകളിൽ കുത്തനെ കൂടിനിന്നതാണ്. റീട്ടെയ്ൽ പണപ്പെരുപ്പം താഴേക്കിറങ്ങിയെങ്കിലും അതിലെ മുഖ്യവിഭാഗമായ ഫുഡ് ഇൻഫ്ലേഷൻ ഉയരത്തിൽ തന്നെ തുടരുകയായിരുന്നു. പച്ചക്കറി വില കൂടിനിന്നതായിരുന്നു തിരിച്ചടി. സെപ്റ്റംബറിലാകട്ടെ റീട്ടെയ്ൽ പണപ്പെരുപ്പം വീണ്ടും 5 ശതമാനത്തിന് മുകളിൽ 5.49 ശതമാനമായി കുതിച്ചുകയറി; ഫുഡ് ഇൻഫ്ലേഷൻ 9 ശതമാനവും കടന്നു.
നിലവിൽ പച്ചക്കറി വില വീണ്ടും കൂടുന്നതിനാൽ, നവംബറിലെ പണപ്പെരുപ്പവും കുത്തനെ കൂടിയേക്കാം. റീട്ടെയ്ൽ പണപ്പെരുപ്പത്തിൽ 42.8% പങ്കുവഹിക്കുന്നതും (വെയിറ്റേജ്) പച്ചക്കറികൾക്കാണ് എന്നത് നിർണായകമാണ്. പച്ചക്കറി വില കൂടിയാൽ, ആനുപാതികമായി പണപ്പെരുപ്പവും കൂടും. അതായത്, സമീപഭാവിയിലെങ്ങും റീപ്പോനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് മുതിർന്നേക്കില്ല. ഫലത്തിൽ, വായ്പകളുടെ ഇഎംഐ ഭാരം നിലവിലെ ഉയർന്നതലത്തിൽ തന്നെ ഏറെക്കാലം കൂടി തുടർന്നേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]