
ന്യൂഡൽഹി ∙ സ്വിഗ്ഗി, ബ്ലിങ്ക് ഇറ്റ് പോലുള്ള ക്വിക് ഡെലിവറി സർവീസുകൾ വഴി മരുന്നുകൾ വീട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ വിവാദത്തിലേക്ക്.10 മിനിറ്റിനുള്ളിൽ മരുന്നുകൾ വീട്ടിലെത്തിച്ചു തരുന്ന ഡെലിവറി സംവിധാനം തുടങ്ങാൻ സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട്, ബിഗ് ബാസ്കറ്റ് കമ്പനികൾ തയാറെടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് (എഐഒസിഡി) ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) കത്തെഴുതുകയും നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
വിവിധ ക്വിക് കൊമേഴ്സ് കമ്പനികൾ പെയിൻ റിലീഫ് സ്പ്രേകൾ പോലെ ഡോക്ടറുടെ കുറിപ്പ് ആവശ്യമില്ലാത്ത മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, കുറിപ്പടികൾ അപ്ലോഡ് ചെയ്ത് 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തിച്ചു തരുന്നതാണ് പുതിയ പദ്ധതി. ഫാം ഈസിയുമായി ചേർന്ന് സ്വിഗ്ഗി പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ബെംഗളൂരുവിൽ കഴിഞ്ഞ മാസം നടപ്പാക്കി വരുന്നുണ്ട്. ഓൺലൈൻ മരുന്നു ഡെലിവറി സംവിധാനങ്ങളായ ടാറ്റ 1എംജിയും അപ്പോളോ 24/7, ഫാംഈസിയും പെട്ടെന്നുള്ള മരുന്നു വിതരണത്തിലേക്ക് ചുവടുവയ്ക്കാൻ തയാറെടുക്കുകയാണ്.
എന്നാൽ ഇത്തരം സംവിധാനങ്ങൾ മരുന്നുവിതരണത്തിലെ സുരക്ഷയും സുതാര്യതയും തകർക്കുമെന്നാണ് ഫാർമസി അസോസിയേഷനുകളുടെ ആരോപണം. മരുന്ന് കുറിപ്പടിയുടെ ആധികാരികത ഉറപ്പാക്കൽ, ദുരുപയോഗം തടയുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ക്വിക് ഡെലിവറിയിൽ പ്രായോഗികമല്ലെന്ന് ആരോപിക്കുന്ന സംഘടനകൾ മരുന്നു വിതരണത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമപരമായ ചട്ടക്കൂട് രൂപികരിക്കണമെന്നും ആവശ്യപ്പെടുന്നു. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ഓൺലൈൻ മരുന്ന് വിൽപനയ്ക്ക് പ്രത്യേകമായ ചട്ടങ്ങൾ ഇല്ല. ഇത് മുതലെടുക്കുന്ന കമ്പനികൾ വ്യാപാരമേഖലയെ തകർക്കുമെന്നാണ് ഫാർമസി സംഘടനകളുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]