കൊച്ചി ∙ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ടാറ്റ ഗ്രൂപ്പിനു പുതിയ കാലത്തിന്റെ മുഖം നൽകുകയും അതിന്റെ ചക്രവാള സീമകളെ വിശാലമാക്കി ലോക വ്യവസായ ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ചെയ്ത രത്തൻ ടാറ്റ വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. എന്നാൽ ടാറ്റ ഗ്രൂപ്പിനെ വിജയതീരത്തെത്തിച്ച രത്തൻ ടാറ്റ ഓർമയായി ഒരു വർഷം തികയുമ്പോൾ ഗ്രൂപ്പിൽ അസ്വസ്ഥതകളും പുകയുന്നു.
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റ സൺസിൽ 66% ഓഹരിപങ്കാളിത്തവും നിയന്ത്രണവുമുള്ള ടാറ്റ ട്രസ്റ്റ് ചേരിപ്പോരിൽ ആടിയുലയുകയാണ്.
ട്രസ്റ്റ് ചെയർമാനും രത്തൻ ടാറ്റയുടെ അർധ -സഹോദരനുമായ നോയൽ ടാറ്റ നയിക്കുന്ന ട്രസ്റ്റിമാരും ടാറ്റ സൺസിൽ 18.37% ഓഹരി പങ്കാളിത്തമുള്ള ഷപൂർജി പല്ലോൻജി കുടുംബത്തിലെ മെഹിൽ മിസ്ത്രി നയിക്കുന്ന ട്രസ്റ്റികളും തമ്മിലാണ് പോര്. ടാറ്റ ട്രസ്റ്റ് നിയോഗിച്ചിട്ടുള്ള ടാറ്റ സൺസിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് എടുക്കുന്ന തീരുമാനങ്ങൾ തങ്ങളെ അറിയിക്കുന്നില്ലെന്നാണ് മെഹിൽ മിസ്ത്രി ഗ്രൂപ്പിന്റെ പരാതി.
ബോർഡിലെ സ്വതന്ത്ര അംഗങ്ങളുടെ നിയമനം സംബന്ധിച്ചും തർക്കമുണ്ട്.
കഴിഞ്ഞ ട്രസ്റ്റ് യോഗത്തിൽ മുൻ പ്രതിരോധ സെക്രട്ടറി വിജയ് സിങ്ങിനെ നോയൽ ടാറ്റയുടെയും വേണു ശ്രീനിവാസന്റെയും എതിർപ്പിനെ മറികടന്ന് ട്രസ്റ്റിൽ ഭൂരിപക്ഷമുള്ള മെഹിൽ മിസ്ട്രി ഗ്രൂപ്പ് ടാറ്റ സൺസിന്റെ സ്വതന്ത്ര ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതായും മെഹിൽ മിസ്ത്രിയെ ആ സ്ഥാനത്തു നിയമിച്ചതായും വാർത്തകളുണ്ട്. ഏതായാലും സിങ് ടാറ്റ സൺസിലെ സ്ഥാനം രാജിവച്ചിരിക്കുകയാണ്.
ടാറ്റ സൺസ് ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചും തർക്കമുണ്ടെന്നാണു റിപ്പോർട്ട്.
നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായി റജിസ്റ്റർ ചെയ്തിട്ടുള്ള ടാറ്റ സൺസ് ലിസ്റ്റ് ചെയ്യണമെന്ന് ആർബിഐ 3 വർഷം മുൻപേ നിർദേശിച്ചിരുന്നു. അതിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു.
ടാറ്റ സൺസ് ലിസ്റ്റ് ചെയ്യുന്നതിനോട് നോയൽ ടാറ്റ യോജിക്കുന്നില്ല.
നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായുള്ള റജിസ്ട്രേഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ടാറ്റ സൺസ് ആർബിഐയെ സമീപിച്ചിരിക്കുകയാണ്. സാമ്പത്തിക സമ്മർദത്തിലായിരിക്കുന്ന ഷപൂർജി പല്ലോൻജി ഗ്രൂപ്പ് ടാറ്റ സൺസ് ലിസ്റ്റ് ചെയ്യണമെന്ന അഭിപ്രായക്കാരാണ്.
400 കമ്പനികളുള്ള, ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ വ്യവസായ ഗ്രൂപ്പിലെ അസ്വാരസ്യങ്ങളിൽ കേന്ദ്രസർക്കാരും ഇടപെട്ടു കഴിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]