
നൂറോ ആയിരമോ അല്ല, 87,000 കോടിയുടെ വിപണിയാണ് ഇന്ത്യൻ ടെക്സ്റ്റൈൽ ഉൽപന്നങ്ങൾക്ക് യുഎസിൽ ഉള്ളത്. ട്രംപിന്റെ ഇരട്ടത്തീരുവ പ്രഖ്യാപനം ഇടിത്തീയായതോടെ അമേരിക്കയിലേക്ക് കയറ്റുമതിയുള്ള ഇന്ത്യയിലെ ടെക്സ്റ്റൈൽ കമ്പനികൾ പലതും ഉൽപാദനം രാജ്യത്തിന് പുറത്തേക്ക് മാറ്റാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ചിലർ യുകെ, ജപ്പാൻ, ഓസ്ട്രേലിയ മാർക്കറ്റുകളിലേക്ക് കേന്ദ്രീകരിക്കാൻ നീക്കം നടത്തുമ്പോൾ, യുഎസിൽ വലിയ വിപണിവിഹിതമുള്ള കമ്പനികൾ കുറഞ്ഞ തീരുവനിരക്കുള്ള രാജ്യങ്ങളിലേക്ക് ഉൽപാദനം മാറ്റാനുള്ള നീക്കത്തിലാണ്.
പ്രമുഖ വസ്ത്രനിർമാതാക്കളായ പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ് തങ്ങളുടെ യുഎസ് വിപണിയിലേക്കുള്ള ഉൽപന്നങ്ങളുടെ നിർമാണം വിയറ്റ്നാം, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഗ്വാട്ടിമാല എന്നിവിടങ്ങളിലേക്ക് മാറ്റുകയാണ്. 4000 കോടി വിറ്റുവരവുള്ള കമ്പനിയുടെ വരുമാനത്തിന്റെ പകുതിയും യുഎസ് വിപണിയിൽ നിന്നാണ്.
ഇന്ത്യയിലെ മറ്റൊരു വൻകിട വസ്ത്ര കയറ്റുമതി സ്ഥാപനം യുഎസിലേക്കുള്ള ഉൽപാദനം ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ്.
പേൾ ഗ്ലോബൽ ഇൻഡസ്ട്രീസിന് ഇന്ത്യ കൂടാതെ വിയറ്റ്നാം, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിർമാണ യൂണിറ്റുകളുണ്ട്.
ചീക്കോസ്, കോൾസ്, ഓൾഡ് നേവി, പിവിഎച്ച്, പ്രിമാർക്ക് തുടങ്ങിയ പല വൻകിടക്കാർക്കും വേണ്ടി ഇവർ ഉൽപാദനം നടത്തുന്നുണ്ട്. യുഎസിന്റെ തീരുവയുദ്ധം പരിഹരിക്കുന്നതുവരെ ഇന്ത്യൻ കമ്പനികൾക്ക് യുകെ, ജപ്പാൻ, ഓസ്ട്രേലിയ പോലെയുള്ള വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
ബംഗ്ലാദേശ്, വിയറ്റ്നാം, ഇന്തോനേഷ്യ പോലെയുള്ള ലോകത്തിലെ തന്നെ പ്രമുഖ വസ്ത്രോൽപന്ന നിർമാതാക്കൾക്കും യു.എസ് ചുമത്തിയ പകരച്ചുങ്കം 19–20 ശതമാനം വരെയാണ്.
എന്നാൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യക്ക് 50 ശതമാനമാണ് തീരുവ ചുമത്തിയത്. യുഎസിൽ വലിയ വിപണിസാന്നിധ്യമുള്ള ടെക്സ്റ്റൈൽ മേഖലക്ക് ഇത് കനത്ത തിരിച്ചടിയായി.
നിലവിലുള്ള 25 ശതമാനം തീരുവക്ക് പുറമേ അധികമായി പ്രഖ്യാപിച്ച 25 ശതമാനം തീരുവ ആഗസ്റ്റ് 27നാണ് നിലവിൽ വരിക.
അധിക തീരുവ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഓർഡറുകൾ കയറ്റിയയക്കാനുള്ള നീക്കത്തിലാണ് പല കമ്പനികളും. അതേസമയം, ആമസോൺ, വാൾമാർട്ട്, ഗ്യാപ് തുടങ്ങിയ വൻകിട
ബ്രാൻഡുകൾ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിയതായി റിപ്പോർട്ടുകളുണ്ട്.
വസ്ത്രനിർമാണ കമ്പനികൾക്ക് പുറമേ യുഎസിൽ വലിയ വിപണിയുള്ള മറ്റ് പല സ്ഥാപനങ്ങളും ഇരട്ടത്തീരുവ ഒഴിവാക്കാനായി വിദേശ രാജ്യങ്ങളിലേക്ക് നിർമാണ കേന്ദ്രങ്ങൾ മാറ്റാനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇപ്പോഴത്തെ 50 ശതമാനം തീരുവ ചർച്ചകളിലൂടെ കുറയ്ക്കാനാകുമെന്ന പ്രതീക്ഷയും ചിലർ പുലർത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]