
ന്യൂഡൽഹി ∙ എടിഎമ്മുകളിൽനിന്ന് ഇനി 500 രൂപ നോട്ടു കിട്ടില്ലെന്നും നിരോധനം വന്നേക്കുമെന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്നു കേന്ദ്ര ധനമന്ത്രാലയം. 500 രൂപ നോട്ടു പിൻവലിക്കില്ലെന്നും അതേസമയം, ചെറിയ തുകയുടെ നോട്ടുകൾ കൂടുതലായി ലഭ്യമാക്കാനുള്ള നിർദേശമാണ് എംടിഎം ഓപ്പറേറ്റർമാർക്ക് നൽകിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കു മറുപടിയായി ആണ് വിശദീകരണം.
സെപ്റ്റംബർ 30 മുതൽ 500 രൂപ നോട്ട് നിരോധിക്കുമെന്നും ഇതിന് മുന്നോടിയായാണ് എടിഎമ്മുകളിൽനിന്ന് 500 രൂപ നോട്ടു വിതരണം കുറയ്ക്കാനുള്ള നിർദേശമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.
എംപിമാരായ വൈ.വി. സുബ്ബ റെഡ്ഡിയും മിലിന്ദ് മുരളി ദിയോറയും ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചു.
500 രൂപ നോട്ടുകൾ നിരോധിക്കാൻ ഉദ്ദേശ്യമില്ലെന്ന് ധനമന്ത്രാലയം മറുപടി നൽകി. അതേസമയം, പൊതുജനങ്ങൾക്ക് കുറഞ്ഞ തുകയുടെ നോട്ടുകൾ ലഭ്യമാക്കാൻ 100, 200 രൂപ നോട്ടുകൾ എടിഎമ്മുകളിലൂടെ കൂടുതലായി നൽകാൻ വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാരോട് നിർദേശിച്ചിട്ടുണ്ട്.
നോൺ ബാങ്കിങ് സ്ഥാപനങ്ങളുടെ എടിഎമ്മുകളാണ് വൈറ്റ് ലേബൽ എടിഎമ്മുകൾ.
സെപ്റ്റംബർ 30നകം, എടിഎമ്മുകളിൽനിന്ന് വിതരണം ചെയ്യുന്ന ആകെ നോട്ടുകളുടെ 75 ശതമാനവും 100, 200 രൂപ നോട്ടുകളായിരിക്കണമെന്നാണ് നിർദേശം. മാർച്ച് 31നകം 90 ശതമാനം നോട്ടുകളും 100, 200 ആയിരിക്കണം.
ജനങ്ങളുടെ പ്രതിദിന ഇടപാടുകൾക്കായി കുറഞ്ഞ തുകയുടെ നോട്ടുകൾ കൂടുതലായി എത്തിക്കുന്നതിനും വലിയ തുകയുടെ ഇടപാടുകൾ ഡിജിറ്റലായി നടത്തുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. എന്നാൽ, ഇതിന്റെ ഭാഗമായി 500 രൂപ നോട്ടുകൾ നിരോധിക്കാനുള്ള തീരുമാനവുമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
100, 200 നോട്ടുകൾ കൂടുതലായി ലഭ്യമാക്കണമെന്നുള്ള നിർദേശം ഈ ഏപ്രിലിലാണ് വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർക്ക് റിസർവ് ബാങ്ക് നൽകിയത്.
ഇതിന്റെ ചുവടുപിടിച്ചാണ് 500 രൂപ നോട്ടുകൾ നിരോധിക്കാൻ നീക്കം നടക്കുന്നുവെന്ന് ചിലർ വ്യാജപ്രചാരണം നടത്തിയത്.
അതേസമയം, വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 98.31 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു. 2023 മേയ് 19ന് 2000 നോട്ടുകൾ പിൻവലിച്ചുള്ള തീരുമാനം വരുമ്പോൾ 3.56 ലക്ഷം കോടിയായിരുന്നു വിനിമയത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം.
98 ശതമാനത്തിലേറെയും തിരിച്ചെത്തിയതോടെ ജൂലൈ 31ലെ കണക്കുകൾ പ്രകാരം 6017 കോടിയാണ് അവശേഷിക്കുന്ന 2000 നോട്ടുകളുടെ മൂല്യം.
നിലവിൽ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം ഉൾപ്പെടെയുള്ള 19 ഇഷ്യൂ ഓഫിസുകൾ വഴി നേരിട്ടോ ഇന്ത്യ പോസ്റ്റ് വഴിയോ 2000 രൂപ നോട്ടുകൾ മാറ്റിയെടുത്ത് അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]