
അടുത്ത കാലത്തായി സ്ഥിതി മാറുന്നുണ്ടെങ്കിലും രാജ്യത്തെ പകുതിയോളം കുടുംബങ്ങളും വ്യക്തികളും തങ്ങളുടെ മിച്ച സമ്പാദ്യവും കരുതൽ ധനവും ബാങ്ക് നിക്ഷേപങ്ങളിലാണ് സൂക്ഷിക്കുന്നത്. ഇതിന്റെ പലിശ വരുമാനംകൊണ്ട് ജീവിക്കുന്നവരുമേറെ.
ഈ വർഷം മൂന്നു തവണയായി റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വരുത്തിയ ഒരു ശതമാനം കുറവിന്റെ ചുവടുപിടിച്ച് പ്രമുഖ ബാങ്കുകളെല്ലാം സേവിങ്സ് ബാങ്ക് ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾക്ക് പലിശ കുറച്ചുകൊണ്ടിരിക്കുന്നു.
കുറയുന്ന പലിശ നിരക്കിനും യുദ്ധ ഭീഷണികൾ ഉയർത്തുന്ന വിലക്കയറ്റത്തിനും നടുവിൽ, ശമ്പളം പോലുള്ള സജീവ വരുമാനമില്ലാത്ത, പലിശ വരുമാനം മാത്രം ആശ്രയിക്കേണ്ടി വരുന്ന ബാങ്ക് നിക്ഷേപകരാണ് ഏറെ വലയുന്നത്. അനിവാര്യ മാറ്റങ്ങളെ മനസ്സിലാക്കി ബാങ്ക് നിക്ഷേപകർ, മനോഭാവവും സാമ്പത്തിക തീരുമാനങ്ങളും മാറ്റിയാലേ പലിശ വരുമാനം സംരക്ഷിക്കാനാകൂ.
ഉറപ്പായ മാറ്റങ്ങൾ
ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ പ്രമുഖരെല്ലാം ഇതിനോടകം കുറച്ചിട്ടുണ്ട്.
നിക്ഷേപങ്ങൾ ഉൾപ്പെടെ ബാങ്കുകളുടെ മൊത്തം ബാധ്യതയുടെ നിശ്ചിത ശതമാനം പണമായി റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട നിർബന്ധിത അനുപാതമായ കാഷ് റിസർവ് റേഷ്യോ, നവംബറോടെ 4ൽ നിന്ന് 3 ശതമാനമായി കുറയും.
ഇക്കാരണത്താൽ, അധികമായി ബാങ്കുകളുടെ കയ്യിലെത്തുന്ന പണം കുറഞ്ഞ പലിശയ്ക്ക് വായ്പകൾ നൽകാനാകുമെന്നതിനാൽ കൂടുതൽ നിക്ഷേപങ്ങൾ സമാഹരിക്കാൻ ബാങ്കുകൾക്ക് ഉത്സാഹം കുറയും.
വ്യക്തമാകേണ്ട നിക്ഷേപ ലക്ഷ്യങ്ങൾ
എങ്ങനെയും കുറച്ച് പലിശ വരുമാനം കിട്ടിയാൽ മതി എന്നു മാത്രമായി നിക്ഷേപലക്ഷ്യങ്ങൾ ചുരുക്കാനാകില്ല.
പലിശ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് നിരക്കുകളുടെ സ്ഥിരതയും വരുമാനത്തിന്റെ ഉറപ്പും പ്രധാനമാണ്. പലിശയ്ക്കൊപ്പം മൂലധന വളർച്ചകൂടി ഉറപ്പാക്കിയില്ലെങ്കിൽ മുതലിന്റെ ഒരു ഭാഗം കൂടി എടുത്ത് ചെലവാക്കേണ്ട
അവസ്ഥയുണ്ടാകും. ഇതിനെല്ലാം ഉപരിയായി വിപണിയുടെ മാറ്റങ്ങളിൽ നഷ്ടം സംഭവിക്കാതിരിക്കാനുള്ള മാർഗങ്ങൾ നടപ്പാക്കാനും കഴിയണം.
മാറണം, മാറ്റിപ്പിടിക്കണം
സാമ്പത്തിക സാഹചര്യങ്ങൾ മാറി വരുമ്പോൾ സമ്പാദ്യം വിവിധ അവസരങ്ങളിലായി സന്തുലിതമായി വിഭജിച്ച് നിക്ഷേപിക്കുന്ന രീതിയാണ് വൈവിധ്യവൽക്കരണം.
ഉറപ്പായ വരുമാനം നൽകുന്ന കടപ്പത്രങ്ങൾ, ഉയർന്ന വരുമാനം നൽകുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകൾ, മൂലധന വളർച്ച നൽകുന്ന ഓഹരികൾ, പണപ്പെരുപ്പ നിരക്കിനെ വെല്ലുന്ന സ്വർണം ഉൾപ്പെടെയുള്ള സാമ്പത്തിക ആസ്തികൾ തുടങ്ങിയവയിൽ പണം വിഭജിച്ചു നിക്ഷേപിക്കാനാകണം. കടപ്പത്രങ്ങളെ അധിഷ്ഠിതമാക്കി വിപണിയിൽ ലഭിക്കുന്ന കടപ്പത്ര മ്യൂച്വൽ ഫണ്ടുകൾക്ക് പ്രസക്തിയേറുന്നു.
മെച്ചപ്പെട്ട റേറ്റിങ്ങുള്ള നല്ല അടിത്തറയുള്ള കമ്പനികളുടെ കടപ്പത്രങ്ങൾ, കമ്പനി നിക്ഷേപങ്ങൾ എന്നിവയും ലഭ്യമാണ്.
സാക്ഷരതയും സാങ്കേതികവിദ്യയും
വ്യത്യസ്ത നിക്ഷേപാവസരങ്ങളെ അവലോകനം ചെയ്ത് സാധ്യതകൾ വിലയിരുത്തുന്നതിനും പണം നിക്ഷേപിക്കുന്നതിനും മാറി വരുന്ന വിപണി സാഹചര്യങ്ങളനുസരിച്ച് വ്യതിയാനങ്ങൾ വരുത്തുന്നതിനും മൊബൈൽ സാങ്കേതികവിദ്യയിൽ ലഭ്യമായ സാമ്പത്തിക പോർട്ടലുകളും ആപ്പുകളും പ്രയോജനപ്പെടുത്തണം.
വിപണിയിലെ ചാഞ്ചാട്ടം മെരുക്കിയെടുത്ത് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഉറപ്പാക്കുന്നതിനും മൂലധനം പരിരക്ഷിച്ചു വളർത്തിയെടുക്കുന്നതിനും വൈവിധ്യവൽക്കരണം അനായാസം നടപ്പാക്കുന്നതിനും സാങ്കേതികവിദ്യ വിരൽത്തുമ്പിലൂടെ സഹായത്തിനെത്തും.
കോവണിപ്പടി തന്ത്രം
പ്രമുഖ ബാങ്കുകൾ പലിശനിരക്കിൽ കുറവ് വരുത്തുമ്പോഴും മറ്റ് ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും ഉയർന്ന നിരക്കുകൾ തുടരുന്നുണ്ട്. കൂടുതൽ കാലാവധിയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കുകൾ ഇപ്പോഴും പല ബാങ്കുകളും തുടരുന്നുമുണ്ട്.
ഒരിക്കൽ നിക്ഷേപം നടത്തിയാൽ നിക്ഷേപ കാലാവധിയിൽ ബാങ്കുകൾ പലിശ കുറയ്ക്കുന്നില്ല.
നിക്ഷേപം നടത്താനുള്ള മൂലധനം, പണം ആവശ്യത്തിന് തിരികെ കയ്യിലെത്തേണ്ട കാലയളവ് എന്നിവ അടിസ്ഥാനമാക്കി അപ്പപ്പോൾ ആവശ്യമായി വരുന്ന തുക, മൂന്ന് മാസത്തിനും 12 മാസത്തിനും ഇടയിൽ ആവശ്യമായി വരുന്ന തുക, മൂന്നു വർഷത്തിനിടയിൽ ആവശ്യമായി വരുന്ന തുക, അതിനു മുകളിൽ മാത്രം പിൻവലിക്കേണ്ടി വരുന്ന തുക എന്നിങ്ങനെ തരംതിരിച്ചെടുക്കണം.
ഹ്രസ്വകാല ആവശ്യങ്ങൾക്ക് ബാങ്ക് നിക്ഷേപം കൂടുതലായി ഉപകരിക്കും.
മധ്യകാല സാവകാശമുള്ള തുകകൾ, ബാങ്ക് നിക്ഷേപങ്ങളോടൊപ്പം ഉയർന്ന പലിശ ലഭിക്കുന്ന മറ്റ് അവസരങ്ങൾ എന്നിങ്ങനെ വിന്യസിക്കാം. ദീർഘകാലാടിസ്ഥാനത്തിലാകുമ്പോൾ ഓഹരി, മ്യൂച്വൽ ഫണ്ട്, ഉയർന്ന പലിശ ലഭിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതികൾ എന്നിവ തിരഞ്ഞെടുക്കാം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് ……….
ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]