
രാജ്യത്ത് പ്രചാരത്തിലുള്ള 500 രൂപ നോട്ട് (Rs 500 notes) അസാധുവാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു (Chandrababu Naidu). അഴിമതി തുടച്ചുനീക്കണമെങ്കിൽ ഉയർന്ന മൂല്യമുള്ള കറൻസികൾ പിൻവലിക്കണം.
100, 200 രൂപാ നോട്ടുകൾ മതിയെന്നും 500 രൂപ നോട്ടുകൾ അസാധുവാക്കണമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കുംമുമ്പ് രാജ്യത്ത് 500, 1000 രൂപാ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു.
500ന്റെയും 1000ന്റെയും നോട്ടുകൾ പിൻവലിച്ചശേഷം 2,000ന്റെ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചു. പിന്നാലെ പുതിയ സീരീസ് 500 രൂപ നോട്ടും പുറത്തിറക്കി.
എന്നാൽ, 2,000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് അവസാനിപ്പിച്ച റിസർവ് ബാങ്ക് 2023 മേയ് 19ന് അവയും വിപണിയിൽ നിന്ന് പൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ അവരുടെ കൈവശമുള്ള 2000 രൂപയുടെ നോട്ട് ബാങ്കുകളിലെത്തി മറ്റ് തുകയുടെ കറൻസികളായി മാറ്റിവാങ്ങണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. പിൻവലിക്കുംമുമ്പ് 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്.
ഇതിന്റെ 98.24 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. ഇനിയും എത്താൻ ബാക്കിയുള്ളത് 6,180 കോടിയോളം രൂപമതിക്കുന്ന 2,000 രൂപ നോട്ടുകൾ.
500 രൂപയുടെ നോട്ടുകളും പിൻവലിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, അത്തരം പ്രചാരണങ്ങൾ അവാസ്തവമാണെന്നും 500 രൂപ നോട്ട് പ്രചാരത്തിൽ തുടരുമെന്നും അടുത്തിടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]