
ഭീകര പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഇന്ത്യയുടെ നീക്കം നിലവില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും യുദ്ധ സമാനമായ സാഹചര്യം നീണ്ടു പോകുന്നത് സാധാരണക്കാര്‍ക്കും രാജ്യത്തെ അതിസമ്പന്നരായ വ്യവസായികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചേക്കും. നിലവില്‍ ഓഹരി വിപണിയില്‍ തിരുത്തലുണ്ടെങ്കിലും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം അംബാനിയുടേയും അദാനിയുടേയും വ്യവസായങ്ങള്‍ പാക്കിസ്ഥാനുമായി ഭൂമിശാസ്ത്രപരമായി അത്രയേറെ അടുത്തു കിടക്കുന്നതാണ് ഇവര്‍ നേരിടാന്‍ സാധ്യതയുള്ള പ്രതിസന്ധിയുമായി ബന്ധപ്പെട്ടു പലരും ചൂണ്ടിക്കാട്ടുന്നത്. റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ റിഫൈനറികളിലൊന്ന് ഗുജറാത്തിലെ ജാംനഗറിലാണ്. ഈ റിഫൈനറിയില്‍ നിന്നു പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് 400 കിലോമീറ്റര്‍ മാത്രം അകലമേയുള്ളു. അദാനിയുടെ മുന്‍ഡ്ര തുറമുഖം അടക്കമുള്ള തന്ത്രപ്രധാനമായ പല സംരംഭങ്ങളും പാക്കിസ്ഥാനോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ഈ മേഖലകളെയൊക്കെ അതു ബാധിക്കാനിടയുള്ളത് ഈ വ്യവസായ വമ്പന്‍മാര്‍ക്കും ബാധകമാണെന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അതേ സമയം ഇന്ത്യയുടെ ശക്തിയെക്കുറിച്ചു കൃത്യമായ ബോധവും ഭയവുമുള്ള എതിരാളികള്‍ പ്രശ്‌നങ്ങള്‍ക്കു മുതിരാന്‍ ധൈര്യപ്പെടില്ലെന്നതും മറ്റൊരു സുപ്രധാന ഘടകമാണ്.
സമ്പദ് വ്യവസ്ഥയെ പെട്ടെന്ന് ബാധിക്കില്ല
നിലവിലെ യുദ്ധസമാന സാഹചര്യങ്ങൾ ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടു നിൽക്കാനിടയുള്ളുവെന്ന് ജിയോജിത്തിന്റെ നിക്ഷേപ സ്ട്രാറ്റജിസ്റ്റായ വി. കെ. വിജയകുമാർ പറയുന്നു. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഇടിഞ്ഞിട്ടുണ്ടെങ്കിലും ആശങ്കയ്ക്കിടയില്ലെന്നാണ് സൂചനകൾ. കഴിഞ്ഞ 16 ദിവസമായി വിദേശ നിക്ഷേപക സ്ഥാപനങ്ങൾ തുടർച്ചയായി ഓഹരികൾ വാങ്ങുന്നു. ഇത് ഇന്ത്യൻ വിപണിയ്ക്ക് കരുത്താണ്. ഡോളർ ദുർബലമാകുന്നതും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങളുമൊക്കെ ഇന്ത്യക്ക് ഗുണമായി വന്ന സാഹചര്യത്തിലാണ് അതിർത്തിലെ ഈ സംഘർഷം വിനയാകുന്നത്. എഫ്ഐഐകൾക്ക് ഇന്ത്യയോടുള്ള ഈ താൽപ്പര്യത്തിന് മങ്ങലേൽപ്പിക്കാൻ നിലവിലെ പ്രതിസന്ധിക്കാവില്ലെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് ഓഹരി നിക്ഷേപകർ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. സംഘർഷം നീണ്ടു പോകുകയാണെങ്കില്‍ മറ്റ് രാജ്യങ്ങൾ അത് അവസാനിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു വരും.
ദൂര വ്യാപക ഫലങ്ങളുണ്ടാകും
അതിർത്തിയിലെ സംഘർഷം ഒരു യുദ്ധത്തിന്റെ തലത്തിലേയ്ക്കൊന്നും മാറിയിട്ടില്ലെങ്കിലും ഇത് സൃഷ്ടിക്കുന്ന അസ്വസ്ഥത വലുതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധനായ ഡോ. മാർട്ടിൻ പാട്രിക് ചൂണ്ടിക്കാട്ടി. ഇത് ഏറ്റവും ബാധിക്കാനിടയുള്ളത് പാക്കിസ്ഥാൻ സമ്പദ് വ്യവസ്ഥയെ ആണ്. ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാനാകുമെങ്കിലും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവുകൾ ഭീമമായിരിക്കും. അദ്ദേഹം വിശദീകരിച്ചു. തിരിച്ചടിക്കുള്ള ആയുധങ്ങളായ മിസൈലുകൾ, ഷെൽ, ഡ്രോൺ ഇവയ്ക്കെല്ലാം വേണ്ടി വരുന്ന നേരിട്ടുള്ള ചെലവാണ് പ്രധാനം. കണക്കുകളനുസരിച്ച് ഒരു ദിവസം പ്രത്യാക്രമണങ്ങൾക്കായി 1400 കോടി മുതൽ 5000 കോടി രൂപ ചെലവ് വരുന്നുണ്ട്. സ്ഥിതിഗതി ഇങ്ങനെ നീളുന്തോറും ചെലവ് വർധിക്കും. സംഘർഷം വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങൾ, പിന്നീട് അവ പുനരുദ്ധരണം ചെയ്യുന്നതിന് വരുന്ന ചെലവ് ഇവയെല്ലാം കണക്കാക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം മനുഷ്യജീവന്റെ നഷ്ടമാണ്. ഇത് കണക്കാക്കാൻ പോലും കഴിയാത്ത വിധത്തിലുള്ളതാണ്. രാജ്യത്തിന്റെ പാക്കിസ്ഥാൻ അതിർത്തി മേഖലകളിലെ കൃഷി, വ്യവസായം, കെട്ടിടങ്ങൾക്കും മറ്റുമുണ്ടാകുന്ന നഷ്ടങ്ങള്‍ ഇവയൊക്കെ ചില്ലറയല്ല. മെച്ചപ്പെട്ടു വന്ന ജമ്മു കശ്മീരിലെ ടൂറിസം ഇനി തിരിച്ചു വരാൻ കാലങ്ങളെടുത്തേക്കാം, അതിർത്തികളിൽ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ചെലവ് ഇതിനെല്ലാം പുറമെയാണ്.
പ്രതിരോധത്തിനായി കുടുതൽ വിഹിതം
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ടുള്ള വ്യാപാര ബന്ധങ്ങളില്ലാത്തതിനാൽ നിലവിലെ സാഹചര്യം സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കാനിടയില്ല. അതേസമയം വരുമാനത്തിലെ നല്ലൊരു വിഹിതം പ്രതിരോധ മേഖലയ്ക്കായി നീക്കിവയ്ക്കാനുള്ള സാധ്യതയുണ്ട്. ഇത് അടിസ്ഥാന സൗകര്യം ഉൾപ്പടെയുള്ള മേഖലകളിലേക്കുള്ള നീക്കിയിരിപ്പിനെ ബാധിച്ചേക്കാം. ഇത് തൽക്കാലത്തേയ്ക്ക് സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിക്കാനിടയുണ്ട്. എന്നാലും റഷ്യ–യുക്രെയ്ൻ യുദ്ധം പോലൊന്നും കാര്യങ്ങൾ പോകില്ലെന്ന് കരുതാം.
നിലവിലെ യുദ്ധസമാന സാഹചര്യം സംസ്ഥാനത്തെ ടൂറിസം മേഖലയെ നിലവിൽ ബാധിച്ചിട്ടില്ലെങ്കിലും കൂടുതൽ വിമാനങ്ങൾ റദ്ദ് ചെയ്യുന്ന സ്ഥിതി വിശേഷം ആശങ്കാജനകമാണെന്ന് അബാദ് ഹോട്ടൽസ് ആന്‍ഡ് റിസോർട്സിന്റെ മാനേജിങ് ഡയറക്ടർ റിയാസ് അഹമ്മദ് പറയുന്നു. വരും മാസങ്ങൾ ഓഫ് സീസണാണെന്നത് തൽക്കാലത്തേക്ക് ആശ്വാസമാണ്.
എന്നിരുന്നാലും ആളുകളുടെ മനസിൽ യുദ്ധ ഭീതി പടരുന്ന അവസ്ഥയുണ്ട് ഇപ്പോൾ. മെയ് മാസം അവസാനം നിശ്ചയിച്ചിട്ടുള്ള വടക്കേ ഇന്ത്യയിലെ വരനുമായുള്ള മകളുടെ വിവാഹത്തിന് എങ്ങനെ അതിഥികള്‍ കൊച്ചിയിലേക്ക് എത്തുമെന്ന ആശങ്കയാണ് കൊച്ചിയിലെ വീട്ടമ്മയായ മിനിക്ക്. ആ സമയത്തേക്കുള്ള വിമാനങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റമുണ്ടായാല്‍ എങ്ങനെയാവും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നു ചോദിക്കുമ്പോഴും രാജ്യസുരക്ഷയ്ക്കായുള്ള നടപടികള്‍ക്കു തന്നെയാണ് തങ്ങളുടെ വീട്ടുകാര്യത്തേക്കാള്‍ പ്രാധാന്യമെന്ന നിശ്ചയദാര്‍ഢ്യവും മിനിയുടെ വാക്കുകളിലുണ്ട്. എന്തായാലും സർക്കാരും സേനയും മാത്രമല്ല സാധാരണക്കാരും ഇത്തരം സാഹചര്യം തങ്ങളെ എങ്ങനെ ബാധിക്കുമെന്ന കരുതലിലാണിപ്പോൾ.
English Summary:
The India-Pakistan border conflict’s potential impact on the Indian economy, Ambani and Adani’s businesses, and the stock market is analyzed. While experts currently deem the economic impact minimal, prolonged conflict poses significant risks and costs.
mo-news-common-pakistaneconomiccrisis mo-business-mukesh-ambani 2dg9pav44bekbr482v0e0icdpo p-g-suja mo-news-common-operation-sindoor mo-business-adanigroup mo-business-economy 74at65i9lnnnob9av8n2nocf3j-list 7q27nanmp7mo3bduka3suu4a45-list mo-news-common-indiapakistanborder