സ്വർണവില റെക്കോർഡ് തേരോട്ടത്തിന് ബ്രേക്കിട്ടതോടെ സ്വർണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഗോൾഡ് ഇടിഎഫ്) നിക്ഷേപവും കുത്തനെ കുറയുന്നു. 10 മാസത്തോളം തുടർച്ചയായി നിക്ഷേപ വർധന കുറിച്ചശേഷം, ഫെബ്രുവരിയിലും മാർച്ചിലും ഗോൾഡ് ഇടിഎഫ് യു-ടേൺ എടുത്തെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കി.
മാർച്ചിൽ 176.6 മില്യൻ ഡോളറാണ് ഇന്ത്യയിൽ സ്വർണ ഇടിഎഫിലെത്തിയത്. ഫെബ്രുവരിയിലെ 576 മില്യനേക്കാൾ 68% ഇടിവ്.
ജനുവരി-മാർച്ച് പാദ നിക്ഷേപത്തിൽ പക്ഷേ, 300 കോടി ഡോളറിന്റെ വർധനയുണ്ട്.
ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് സ്വർണവില കുത്തനെ താഴ്ന്നതാണ് ഇടിഎഫുകൾക്ക് തിരിച്ചടിയായത്. മാർച്ചിൽ മാത്രം രാജ്യാന്തര സ്വർണവിലയിൽ 11.6% കുറവുണ്ടായി.
2008 ഒക്ടോബറിന് ശേഷം സ്വർണവിലയിൽ ഇത്രയും വീഴ്ചയുണ്ടാകുന്നത് ആദ്യം. രാജ്യാന്തര തലത്തിൽ സ്വർണ ഇടിഎഫുകളിൽ നിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കൽ നടന്നതായും വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. മാര്‍ച്ചിൽ 1200 കോടി ഡോളറിന്റെ സ്വർണ ഇടിഎഫ് നിക്ഷേപം പിൻവലിക്കപ്പെട്ടു.
ഒരു മാസം ഇത്രയും നിക്ഷേപം പിൻവലിക്കപ്പെട്ടതും ആദ്യം. മാർച്ച് പാദത്തിൽ രാജ്യാന്തര തലത്തിലെ ഇടിഎഫ് നിക്ഷേപം 60,600 കോടി ഡോളറാണ്.
തൊട്ടുമുൻ വർഷത്തെ സമാനപാദത്തേക്കാൾ 9% അധികം.
വിറ്റഴിക്കൽ മഹാമഹം കൂടുതൽ വടക്കേ അമേരിക്കയിൽ
ഗോൾഡ് ഇടിഎഫിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് വടക്കേ അമേരിക്കൻ മേഖലയിലാണ്. 1300 കോടി ഡോളർ.
കോവിഡ്, 2008ലെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സന്ദർഭങ്ങളിൽ മാത്രമാണ് ഇതിനുമുൻപ് ഇത്രയും വിൽപന നടന്നത്. സംഘർഷത്തിന് പിന്നാലെ ‘റിസ്ക്’ കുറയ്ക്കുന്നതിനായി നിക്ഷേപകർ സ്വര്‍ണം പോലുള്ള നിക്ഷേപങ്ങൾ വിറ്റൊഴിവാക്കിയെന്നാണ് കരുതുന്നത്.
ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചിട്ടുണ്ട്.
ഇതോടെ കേന്ദ്രബാങ്കുകൾ ഉയർന്ന അടിസ്ഥാന പലിശനിരക്ക് നിലനിർത്താനോ കൂട്ടാനോ മുതിരും. ഇത് സ്വർണത്തിന്റെ ഡിമാൻഡും വിലയും കുറയ്ക്കും.
സ്വർണ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന നേട്ടത്തെയും ബാധിക്കും. ഇടിഎഫുകളിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കപ്പെടാനുള്ളൊരു കാരണം ഇതാണെന്നും വേൾഡ് ഗോള്‍ഡ് കൗൺസിൽ വിലയിരുത്തുന്നു.
ചൈനയിൽ മേലോട്ട്
ഏഷ്യൻ രാജ്യങ്ങളിൽ പൊതുവേ ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങൾ വർധിക്കുകയാണുണ്ടായത്.
മാർച്ചില്‍ 200 കോടി ഡോളർ ഏഷ്യൻ രാജ്യങ്ങളിലെ സ്വർണ ഇടിഎഫിൽ അധികമായെത്തി. ചൈനയാണ് മുന്നിൽ.
ഓഹരി വിപണിയിൽ നിന്നുള്ള നേട്ടവും ചൈനീസ് കറൻസിയുടെ വിനിമയ മൂല്യവും കുറഞ്ഞതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതലായി സ്വര്‍ണ ഇടിഎഫിൽ നിക്ഷേപിച്ചെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

