
പ്രതീക്ഷിച്ചതുപോലെ റിസർവ് ബാങ്ക് (RBI) തുടർച്ചയായ രണ്ടാം തവണയും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) വെട്ടിക്കുറച്ചു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ പണനയ നിർണയ സമിതിയുടെ (എംപിസി) യോഗത്തിലും റീപ്പോനിരക്ക് കാൽ ശതമാനം (0.25%) കുറച്ചിരുന്നു. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും.
എന്നാൽ, വായ്പ എടുത്ത എല്ലാവർക്കും ഈ ആനുകൂല്യം കിട്ടില്ല. ഫ്ലോട്ടിങ് പലിശനിരക്കുള്ള വായ്പകൾ എടുത്തവർക്കും പുതുതായി വായ്പ എടുക്കുന്നവർക്കുമാണ് റീപ്പോനിരക്ക് കുറഞ്ഞതിന്റെ നേട്ടം പ്രയോജനം ലഭിക്കുക. റിസർവ് ബാങ്ക് റീപ്പോനിരക്ക് പരിഷ്കരിക്കുന്നതിന് അനുസരിച്ച് പലിശനിരക്ക് മാറുന്ന വായ്പകളാണ് ഫ്ലോട്ടിങ് വായ്പകൾ. റീപ്പോ കുറയുമ്പോൾ ഇവയുടെ പലിശ കുറയും; റീപ്പോ കൂടിയാൽ ഇവയുടെ പലിശ കൂടുകയും ചെയ്യും.
മറിച്ച് നിങ്ങളുടെ വായ്പ സ്ഥിരപലിശ നിരക്കിലാണെങ്കിൽ (ഫിക്സഡ് നിരക്ക്) റീപ്പോ കുറഞ്ഞതിന്റെ പ്രയോജനം കിട്ടില്ല. കാരണം, അത്തരം വായ്പകൾക്ക്, തിരിച്ചടവ് കാലത്തുടനീളം ഒരേ പലിശനിരക്ക് തന്നെയായിരിക്കും. പുതുതായി വായ്പ എടുക്കുന്നവർക്ക് കുറഞ്ഞ പലിശനിരക്കിന്റെ പ്രയോജനം കിട്ടുമെന്ന നേട്ടമുണ്ട്.
വായ്പ റീഫിനാൻസ് ചെയ്യാം
നിങ്ങളുടെ വായ്പ ഫിക്സഡ് നിരക്കിലാണെങ്കിൽ എന്തു ചെയ്യും? പൊതുവേ ഉയർന്ന പലിശനിരക്കാണ് ഫിക്സഡ് നിരക്കുള്ള വായ്പകൾക്കുള്ളത്. പിന്നീട്, റീപ്പോനിരക്ക് കൂടിയാൽ മാത്രം നേട്ടം കിട്ടുമെന്നതാണ് പ്രയോജനം. എന്നാൽ, റീപ്പോ കുറഞ്ഞാലുള്ള ആനുകൂല്യം കിട്ടുകയുമില്ല. റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചതിന്റെ ആനുകൂല്യം കിട്ടണമെങ്കിൽ നിലവിലെ വായ്പ റീഫിനാൻസ് ചെയ്യാം. അതായത്, നിലവിലെ വായ്പ മുൻകൂർ അടച്ച്, കുറഞ്ഞ പലിശനിരക്കുള്ള മറ്റൊരു ബാങ്കിലേക്ക് മാറുന്നതാണ് റീഫിനാൻസിങ്.
ഉദാഹരണം നോക്കാം.
നിങ്ങൾക്ക് 25 ലക്ഷം രൂപ വായ്പയുണ്ടെന്ന് ഇരിക്കട്ടെ. പലിശനിരക്ക് 9.5 ശതമാനമെന്നും വായ്പയുടെ തിരിച്ചടവ് കാലാവധി 20 വർഷമെന്നും (240 മാസം) കരുതുക. അപ്പോൾ ഇഎംഐ 22,232 രൂപ. നിങ്ങൾ കഴിഞ്ഞ ഏതാനും വർഷമായി ഈ വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുന്നു എന്നും കരുതുക.
വായ്പയിൽ തിരിച്ചടയ്ക്കാൻ ശേഷിക്കുന്ന തുക മറ്റൊരു ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തി തിരിച്ചടയ്ക്കാം. പുതിയ ബാങ്കിൽ പലിശനിരക്കും ഇഎംഐയും കുറവാണെന്ന് ഉറപ്പുവരുത്തണം. പുറമേ, നിലവിലെ വായ്പ മുൻകൂർ തിരിച്ചടയ്ക്കുന്നതിന് ചെറിയ പിഴയടയ്ക്കേണ്ടി വരും. പുതിയ ബാങ്കിലെ പ്രോസസിങ് ഫീസും ശ്രദ്ധിക്കണം. എങ്കിലും, വായ്പ റീഫിനാൻസ് ചെയ്യുമ്പോൾ പലിശയിലും ഇഎംഐയിലും മികച്ച ഇളവ് നേടാം.
എഫ്ഡി ഇട്ടവർ എന്തു ചെയ്യും?
റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചതിനാൽ സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശയും കുറയും. ഇതു കൂടുതൽ തിരിച്ചടിയാവുക മുതിർന്ന പൗരന്മാർക്കാണ്. പല ബാങ്കുകളും എഫ്ഡിയുടെ പലിശനിരക്ക് ഇതിനകം തന്നെ കുറയ്ക്കുകയോ സ്പെഷൽ എഫ്ഡി പദ്ധതികൾ അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
നിലവിൽ 10 ലക്ഷം രൂപയുടെ എഫ്ഡി നിങ്ങൾക്കുണ്ടെന്ന് കരുതുക, വാർഷിക പലിശനിരക്ക് 7.5 ശതമാനമെങ്കിൽ വാർഷിക നേട്ടം 75,000 രൂപയായിരിക്കും. നിലവിൽ റീപ്പോനിരക്ക് 0.25% കുറച്ചതിന് ആനുപാതികമായി വാർഷിക പലിശനിരക്കും താഴും. അതോടെ, വാർഷിക നേട്ടത്തിൽ 2,500 രൂപ കുറയും.
എഫ്ഡി പലിശ കുറയുന്നത് മൂലമുള്ള വരുമാനനഷ്ടം ഒഴിവാക്കാൻ മാർഗങ്ങളുണ്ട്. ഒന്ന്, നിങ്ങളുടെ നിലവിലെ എഫ്ഡി മെച്യൂരിറ്റി കാലയളവിന് മുമ്പ് പിഴയില്ലാതെ പിൻവലിക്കാനാകുന്നതാണോ (premature withdrawals) എന്ന് പരിശോധിക്കുക. അതു സാധ്യമെങ്കിൽ, ആ എഫ്ഡി അവസാനിപ്പിച്ചശേഷം കൂടുതൽ പലിശകിട്ടുന്ന എഫ്ഡിയിലേക്ക് തുക മാറ്റുക. ഒപ്പം, പലിശനിരക്ക് ‘ലോക്ക്’ ചെയ്യാനും ശ്രദ്ധിക്കണം. ഇങ്ങനെ ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
ലോക്ക് ചെയ്താൽ, പിന്നീട് റീപ്പോനിരക്കിലുണ്ടാകുന്ന വ്യത്യാസം പലിശയെ ബാധിക്കില്ല. നിക്ഷേപ കാലത്തുടനീളം ഒരേ പലിശനിരക്ക് തന്നെ തുടരും. അതേസമയം, ഒന്നോർക്കുക, പിന്നീട് റീപ്പോ കൂട്ടിയാലും നിങ്ങളുടെ പലിശ മാറില്ല. അതായത്, റീപ്പോ കൂടുന്നതു വഴിയുള്ള ഉയർന്ന പലിശ നിങ്ങൾക്ക് കിട്ടില്ല. എന്നാൽ, 2025ൽ റീപ്പോ ഇനിയും കുറയാനാണ് സാധ്യത എന്നിരിക്കെ, ലോക്ക് ചെയ്യുന്നതാണ് ഗുണകരം.
രണ്ടാമത്തെ മാർഗം, നിലവിലെ എഫ്ഡി പിൻവലിച്ച് കൂടുതൽ പലിശ (റിട്ടേൺ) കിട്ടുന്ന മറ്റ് പദ്ധതികളിലേക്ക് മാറുകയാണ്. ഡെറ്റ് മ്യൂച്വൽഫണ്ട്, കോർപ്പറേറ്റ് കടപ്പത്രങ്ങൾ (ബോണ്ടുകൾ), ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ELSS), സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം എന്നിവ പ്രയോജനപ്പെടുത്താം.
മൾട്ടിപ്പിൾ എഫ്ഡി ഉപയോഗിക്കാം
വൻതുക ഒറ്റ എഫ്ഡിയായി ഇടുന്നതിനു പകരം, വിവിധ ബാങ്കുകളിലായി ഒന്നിലധികം എഫ്ഡിയിൽ ചേരുന്നത് ഗുണം ചെയ്യും. ഇവിടെ രണ്ടു നേട്ടങ്ങൾ കൂടിയുണ്ട്. ഒന്ന്, എഫ്ഡി പലിശവരുമാനത്തിനുമേൽ ഈടാക്കുന്ന സ്രോതസ്സിൽ നിന്നുള്ള നികുതിഭാരം (TDS) ഒഴിവാക്കാം. മറ്റൊരു നേട്ടം എഫ്ഡിക്കുമേലുള്ള ഇൻഷുറൻസ് പരിരക്ഷയാണ്.
ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ (DICGC) പരമാവധി 5 ലക്ഷം രൂപവരെയാണ് ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. വിവിധ ബാങ്കുകളിലായി നിങ്ങളുടെ നിക്ഷേപം, ഈ പരിധിക്കുള്ളിൽ നിലനിർത്തിയാൽ ഇൻഷുറൻസ് പരിരക്ഷയും നേടാം. ഒരു ബാങ്കിൽ പരമാവധി 5 ലക്ഷം രൂപയെന്നതാണ് പരിധി; ഓരോ എഫ്ഡിക്കും 5 ലക്ഷം രൂപ എന്നല്ല.