
പ്രവചനാതീതമായ രാജ്യാന്തര രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിൽ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി വേണം റിസർവ് ബാങ്കും മോനിറ്ററി പോളിസിയും ചേർന്ന് നിൽക്കേണ്ടത് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഇന്ന് മോണിറ്ററി പോളിസി കമ്മിറ്റി ഒന്നടങ്കം റിപോ നിരക്ക് 25 ബേസിസ് പോയിന്റ് കുറിച്ചിരിക്കുകയാണ്. പുതിയ ഗവർണർ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം ഫെബ്രുവരിയിൽ ആണ് നീണ്ട കാലത്തിനു ശേഷം നിരക്ക് 25 ബേസിസ് കുറച്ചത്.
അന്ന് രാജ്യത്തിനകത്ത് നിലനിന്നിരുന്ന സാഹചര്യങ്ങൾ പോളിസി നിരക്ക് കുറക്കുവാൻ പൂർണമായും അനുകൂലമായിരുന്നില്ല എങ്കിലും വികസനത്തിനും ആഭ്യന്തര വളർച്ചക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ആ തീരുമാനം ഉണ്ടായത്. കേന്ദ്ര സർക്കാരും അത്തരമൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നു. തുടർന്നുള്ള രണ്ടു മാസങ്ങളിൽ വിലക്കയറ്റം താഴേക്ക് വരുന്നതാണ് കണ്ടത്. ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിലും വിലക്കയറ്റ നിരക്ക് മെച്ചപ്പെട്ടു. ഇത് വിലക്കയറ്റ നിയന്ത്രണത്തിന്റെ കാര്യത്തിൽ റിസർവ് ബാങ്കിന് ആത്മവിശ്വാസം നൽകി.
സമ്പദ് വ്യവസ്ഥയിലെ പണലഭ്യത വർധിപ്പിക്കുവാൻ നിരക്ക് കുറച്ചതു കൂടാതെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ വഴിയും കേന്ദ്ര ബാങ്ക് തുടർച്ചയായി ഇടപെട്ടു. വായ്പകളുടെ പലിശ കുറക്കുവാനും കൂടുതൽ വായ്പകൾ വികസന പദ്ധതികൾക്ക് എത്തിക്കുവാനും ഈ തീരുമാനങ്ങൾക്ക് കഴിഞ്ഞു.
നിരക്ക് ഇനിയും കുറഞ്ഞേക്കാം
എന്നാലും രാജ്യാന്തര തലത്തിൽ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന വലിയ ആകാംക്ഷകൾ, വിശേഷിച്ച് അമേരിക്കൻ തീരുവ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും വെല്ലുവിളികളും, അമേരിക്കയുടെ വിലക്കയറ്റ സാധ്യതയും വളർച്ച മുരടിപ്പും കൂടാതെ, ആഗോള തലത്തിൽ വലിയ പ്രതിസന്ധികൾക്ക് വഴിവയ്ക്കും എന്ന വസ്തുത, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ വികസന – വളർച്ച ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കും.
ഇതെല്ലാം നമ്മുടെ ആഭ്യന്തര വളർച്ചയെയും തടസപ്പെടുത്തും എന്ന സാഹചര്യത്തിലാണ് വിലക്കയറ്റ മാനേജ്മെന്റിൽ കണ്ണ് വച്ചുകൊണ്ട് തന്നെ മുന്നോട്ടു പോകുമ്പോഴും വികസനത്തിന് ഊന്നൽ നൽകണം എന്ന തീരുമാനത്തിലേക്ക് കമ്മിറ്റി വീണ്ടും എത്തിയത്. അപ്രതീക്ഷിതമായ വലിയ ഷോക്കുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ പോളിസി ദിശ തുടർന്നും നിരക്ക് കുറക്കുന്നതിനോ തൽസ്ഥിതി നിലനിർത്തുന്നതിനോ അനുകൂലമായിരിക്കും. ഇത് വിപണിക്കും, വികസനത്തിനും വലിയ ഉണർവും ദിശാബോധവും നൽകും.
മാത്രമല്ല, പോളിസി നിലപാട്, അല്ലെങ്കിൽ ദിശ, ന്യൂട്രലിൽ നിന്ന് വീണ്ടും അക്കമൊഡേറ്റീവ് എന്ന നിലയിലേക്ക് മാറ്റുകയും ചെയ്തു. ഇത് കോവിഡ് കാലത്തെന്നവണ്ണം പലിശ നിരക്കുകൾ കുറച്ചു കൊണ്ട് സമ്പദ് വ്യവസ്ഥയെയും സാമ്പത്തിക പ്രവർത്തനങ്ങളേയും ത്വരിതപ്പെടുത്തുവാൻ വേണ്ടിയാണ് എന്ന് ഗവർണർ തുറന്ന് പറയുകയും ചെയ്തു.
ജിഡിപി പ്രതീക്ഷ 6.5 ശതമാനം
മാറിയ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് നടപ്പു സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ജിഡിപി 6.7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കുറച്ചു. വിലക്കയറ്റം നാല് ശതമാനത്തിൽ പിടിച്ചു നിർത്താൻ കഴിയുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
വായ്പകൾക്ക് പലിശ കുറയും, നിക്ഷേപത്തിനും
ഫെബ്രുവരി മാസത്തിലെ 25 ബേസിസ് നിരക്ക് കുറവ് മെയ് അവസാനത്തോടെയേ പൂർണമായും സമ്പദ് വ്യവസ്ഥയിലേക്കു എത്തുകയുള്ളൂ. അതിന് പുറമെയാണ് ഇന്നത്തെ 25 ബേസിസ് പോയിന്റ് കുറവ്. രണ്ടും ചേർന്ന് 50 ബേസിസ് പോയിന്റ് നിരക്ക് കുറവ് ഭവന – വാഹന വായ്പകളടക്കമുള്ള വായ്പകളുടെ തവണ തുകയിൽ കുറവ് നൽകും. മാത്രമല്ല, റീപോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ വായ്പകൾക്കും ഈ കുറവ് ലഭിക്കും.
പുതിയ വായ്പകൾ കുറഞ്ഞ പലിശയിൽ ലഭ്യമാകും. ഇത് സാധാരണക്കാർക്കും ഉല്പാദനമേഖലയിലും ബിസിനസ് രംഗത്ത് പൊതുവെയും ഉണർവ് ഉണ്ടാക്കും. പുതിയ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ കുറയും എന്നതാണ് നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യം. ഓഹരി വിപണി വലിയ ചാഞ്ചാട്ടത്തിൽ നിൽക്കുന്ന ഈ അവസ്ഥയിൽ ബാങ്ക് നിക്ഷേപകർക്ക് ഇതര നിക്ഷേപ സാധ്യതകളും തൽക്കാലം കുറവാണ്.
ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്