ഇന്ത്യയിലേക്കു വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ടിന് നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് നിയമങ്ങൾ പുതുക്കിക്കൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങൾ.
വിദേശത്ത് നിന്നു വരുന്ന ഇന്ത്യക്കാർക്ക് നേരത്തെ ഉണ്ടായിരുന്ന ഫ്രീ അലവൻസ് 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്.
പുതുക്കിയ ബാഗേജ് നിയമങ്ങൾ സംബന്ധിച്ച് യാത്രക്കാർക്ക് ഉണ്ടാകാൻ ഇടയുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും.
∙ബാഗേജ് നിയമങ്ങൾ
ആർക്കെല്ലാം ബാധകമാണ് ?
വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ബാധകമാണ് (താമസക്കാർ, വിനോദസഞ്ചാരികൾ –ഇന്ത്യൻ വംശജരും വിദേശ വംശജരും, സാധുവായ വീസയുള്ള വിദേശികൾ, ശിശുക്കൾ എന്നിവർ).
∙ ആരാണ് ‘വിനോദസഞ്ചാരി’?
സാധാരണയായി ഇന്ത്യയിൽ താമസിക്കാത്ത, 12 മാസത്തിനുള്ളിൽ 6 മാസത്തിൽ കൂടുതലല്ലാത്ത കാലയളവിലേക്ക് നിയമാനുസൃതമായ കുടിയേറ്റേതര ആവശ്യങ്ങൾക്കായി ഇന്ത്യയിൽ പ്രവേശിക്കുന്ന വ്യക്തി.
∙ ഈ നിയമങ്ങൾ പ്രകാരം
‘താമസക്കാരൻ’ ആരാണ്?
സാധാരണയായി ഇന്ത്യയിൽ താമസിക്കുന്നവരും പാസ്പോർട്ട് ആക്ട്, 1967 പ്രകാരം സാധുവായ പാസ്പോർട്ട് കൈവശമുള്ളവരും.
∙ ‘വ്യക്തിഗത വസ്തുക്കൾ’ എന്നതിന്റെ അർഥമെന്താണ്?
യാത്രാസമയത്ത് വ്യക്തിഗത ഉപയോഗത്തിന് യാത്രക്കാരന് ആവശ്യമായേക്കാവുന്ന എല്ലാ സാധനങ്ങളും (പുതിയതോ ഉപയോഗിച്ചതോ). (വാണിജ്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ ഒഴികെ)
∙ ഉപയോഗിച്ച വ്യക്തിഗത വസ്തുക്കൾ എന്താണ്? അവയ്ക്ക് തീരുവ നൽകേണ്ടതുണ്ടോ?
ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും യാത്രയ്ക്കും ആവശ്യമായ ഉപയോഗിച്ച വ്യക്തിഗത വസ്തുക്കൾ, സുവനീറുകൾ എന്നിവ ശിശുക്കൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും തീരുവ രഹിതമായി അനുവദനീയമാണ്.
ഇതിൽ ഉപയോഗിച്ച വസ്ത്രങ്ങൾ, ടോയ്ലറ്ററികൾ തുടങ്ങിയവ ഉൾപ്പെടുന്നു.
∙ വിമാനത്തിലോ കപ്പലിലോ എത്തുന്ന ഇന്ത്യൻ താമസക്കാർക്കുള്ള പൊതു തീരുവരഹിത ആനുകൂല്യം എന്താണ് ?
വിമാനത്തിലോ കപ്പലിലോ എത്തുന്ന ഇന്ത്യൻ വംശജരായവർക്കോ വിനോദസഞ്ചാരികൾക്കോ സാധുവായ വീസയുള്ള വിദേശികൾക്കോ (ടൂറിസ്റ്റ് വീസ ഒഴികെ) 75,000 രൂപവരെ മൂല്യമുള്ള സാധനങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം.
∙വിദേശ വിനോദസഞ്ചാരികൾക്കുള്ള തീരുവ രഹിത ആനുകൂല്യം എന്താണ്?
വിമാനത്തിലോ കപ്പലിലോ എത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് 25,000 രൂപവരെ മൂല്യമുള്ള സാധനങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം.
∙ഒരു വ്യക്തിക്ക് തീരുവരഹിത ആനുകൂല്യം തന്റെ കുടുംബാംഗങ്ങളുമായി കൂട്ടിച്ചേർക്കാനാകുമോ?
ഇല്ല.
∙ ലാപ്ടോപ്പ് തീരുവ രഹിതമായി കൊണ്ടുവരാൻ കഴിയുമോ?
പുതിയ ബാഗേജ് റൂൾസ് പ്രകാരം 18 ഉം അതിൽ കൂടുതൽ പ്രായമുള്ള യാത്രക്കാർക്ക് (ക്രൂ അംഗങ്ങൾ ഒഴികെ) ബോണഫൈഡ് ബാഗേജിൽ നോട്ട്പാഡ് ഉൾപ്പെടെ പുതിയ ലാപ്ടോപ് തീരുവ രഹിതമായി കൊണ്ടുവരാം.
∙ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ അല്ലാതെ ഒന്നോ അതിലധികമോ മൊബൈൽ ഫോണുകൾ കൊണ്ടുവരാമോ?
പുതുക്കിയ ചട്ടങ്ങളിൽ ഫോണിന്റെ കാര്യം പ്രത്യേകം പറയുന്നില്ലെങ്കിലും 75000 രൂപയുടെ മൂല്യത്തിന് മാത്രമേ തീരുവ ഈടാക്കാതിരിക്കുകയുള്ളൂ എന്നതിനാൽ അതിനു മുകളിൽ വരുന്ന മുഴുവൻ തുകയ്ക്കും ഡ്യൂട്ടി അടയ്ക്കേണ്ടി വരും. സ്വാഭാവികമായും പുതിയ ഐഫോണുകൾക്ക് ഇതിനെക്കാൾ വിലയുള്ളതിനാൽ കസ്റ്റംസ് നിശ്ചയിക്കുന്ന തീരുവ അടയ്ക്കേണ്ടി വരും.
∙ആഭരണങ്ങൾക്കുള്ള തീരുവ രഹിത ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?
ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ചിരുന്ന ഇന്ത്യൻ വംശജനായ താമസക്കാരന് അല്ലെങ്കിൽ വിനോദസഞ്ചാരിക്ക് താഴെ പറയുന്ന അളവിൽ തീരുവ രഹിതമായി ആഭരണങ്ങൾ കൊണ്ടുവരാം:
– വനിതാ യാത്രക്കാരി: 40 ഗ്രാം വരെ
– പുരുഷ യാത്രക്കാരൻ: 20 ഗ്രാം വരെ
(ഇത് പൊതു സൗജന്യ ആനുകൂല്യത്തിന് പുറമേയാണ്)
∙ഏതെല്ലാം വസ്തുക്കൾ തീരുവ രഹിത ആനുകൂല്യത്തിൽ ഉൾപ്പെടുന്നില്ല?
തോക്കുകൾ, 50ൽ കൂടുതൽ തോക്ക് വെടിയുണ്ടകൾ,100 എണ്ണത്തിൽ കൂടുതൽ സിഗരറ്റുകൾ അല്ലെങ്കിൽ 25 എണ്ണത്തിൽ കൂടുതൽ സിഗാറുകൾ അല്ലെങ്കിൽ 125 ഗ്രാമിൽ കൂടുതൽ പുകയില, 2 ലീറ്ററിൽ കൂടുതൽ ലഹരി പാനീയം അല്ലെങ്കിൽ വൈൻ, ആഭരണങ്ങൾ ഒഴികെയുള്ള ഏതെങ്കിലും രൂപത്തിലുള്ള സ്വർണം അല്ലെങ്കിൽ വെള്ളി, ടെലിവിഷൻ.
ഈ വസ്തുക്കൾക്ക് ഒന്നുകിൽ തീരുവ അടയ്ക്കുകയോ അല്ലെങ്കിൽ നിയമപരമായ മറ്റു നടപടിക്രമങ്ങൾക്ക് വിധേയമാവുകയോ ചെയ്യേണ്ടിവരും.
∙എയർപോർട്ടിൽ എവിടെനിന്നു സഹായം ലഭിക്കും?
നിരോധിത/നിയന്ത്രിത വസ്തുക്കളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾക്കോ പരാതിയോ ഉണ്ടെങ്കിലോ അറൈവൽ ഹാളിലെ കസ്റ്റംസ് ഹെൽപ് ഡെസ്കിനെ ബന്ധപ്പെടാം.
9947777800.
(കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറാണ് ലേഖകൻ)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

