ചാഞ്ചാടിക്കളിച്ച സ്വർണവില വീണ്ടും പുതിയ ഉയരത്തിലേക്ക്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 205 രൂപ വർധിച്ച് 14,560 രൂപയിലെത്തി.
പവൻ വില 1,640 രൂപ കൂടി 1,16,480 രൂപയിലുമെത്തി. കഴിഞ്ഞ മാസം 29ന് പവന് 1,31,116 രൂപയെന്ന സംസ്ഥാനത്തെ റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നു.
എന്നാൽ പിന്നീട് സ്വർണവില ഇടിഞ്ഞു. പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് പതിയെ തിരിച്ചു കയറി.
രാജ്യാന്തര വിപണിയിലെ വിലമാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ബയ് ദി ഡിപ്പ്
രാജ്യാന്തര വിപണിയില് സ്വർണവില നിലവിൽ 5,000 ഡോളറിന് മുകളിലാണ്. റെക്കോർഡ് ഉയരത്തിൽ നിന്ന് ലാഭമെടുപ്പിൽ വില ഇടിഞ്ഞ സ്വര്ണം പതിയെ തിരിച്ചുകയറുകയാണ്.
കുറഞ്ഞ വിലയിൽ നിക്ഷേപം നടത്തുന്ന ബയ് ദി ഡിപ് പ്രവണതയാണ് വിപണിയിലുള്ളത്. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും വില കൂടാൻ ഇടയാക്കി.
ഈ ആഴ്ചയിൽ പുറത്തു വരുന്ന യുഎസ് തൊഴിൽ കണക്കുകളാണ് ഇപ്പോൾ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രം. യുഎസ് അടിസ്ഥാന പലിശ നിരക്ക് മാറ്റത്തിന്റെ സൂചന ഈ കണക്കുകളിൽ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.
ഫെഡ് നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചാൽ സ്വർണവില വീണ്ടും കൂടും. ഇക്കൊല്ലം 25 ബേസിസ് പോയിന്റെങ്കിലും പലിശ കുറയ്ക്കുമെന്നാണ് നിക്ഷേപകർ കരുതുന്നത്.
ഇറാന് – യുഎസ് തർക്കം പരിഹാരമില്ലാതെ തുടരുന്നത് കൂടുതൽ പേരെ സ്വർണ നിക്ഷേപത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഒമാനിൽ ഇറാൻ – യുഎസ് അനൗദ്യോഗിക ചർച്ചകൾ നടന്നിരുന്നു. ചർച്ചകൾ മികച്ച തുടക്കമാണെന്നാണ് ഇരുവിഭാഗത്തിന്റെയും പ്രതികരണം.
ഇറാനെ ആണവായുധങ്ങൾ നിർമിക്കാൻ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. എന്നാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നുമാണ് ഇറാന്റെ നിലപാട്.
ഇതോടെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ അടുത്തെങ്ങും മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ജപ്പാനിൽ സനയ് തകയ്ചി തിരഞ്ഞെടുപ്പിൽ ജയിച്ചതും വില കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ. സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി പലിശ നിരക്ക് കുറയ്ക്കാൻ തകയ്ചി തയാറായേക്കും.
ഇതു മുന്നിൽ കണ്ട് ജാപ്പനീസ് യെന്നിലെ നിക്ഷേപം പിൻവലിച്ച് സ്വർണത്തിൽ നിക്ഷേപിക്കുന്ന പ്രവണതയും കൂടിയിട്ടുണ്ട്.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 12,035 രൂപയാണ് വില. വെള്ളി ഗ്രാമിന് 300 രൂപയ്ക്കാണ് വിൽപ്പന.
സംസ്ഥാനത്തെ ചില ജ്വല്ലറികളിൽ ഗ്രാമിന് 11,965 രൂപയ്ക്കും 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ട്.
ഇന്നത്തെ വിലയിൽ സംസ്ഥാനത്തെ ജ്വല്ലറികളിൽ നിന്ന് ഒരു പവൻ സ്വർണം വാങ്ങാൻ 10 ശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജും ചേർത്ത് 1,32,000 രൂപയെങ്കിലും വേണ്ടി വരും. സാധാരണ മൂന്നു മുതൽ 30 ശതമാനം വരെയാണ് സ്വർണത്തിന് പണിക്കൂലി ഈടാക്കുന്നത്.
സ്വർണ വിലയും പണിക്കൂലിയും ചേർന്ന തുകയ്ക്ക് മൂന്ന് ശതമാനം ജിഎസ്ടിയും നൽകണം. കൂടാതെ ഹോൾമാർക്കിങ് ചാർജായി 45 രൂപയും അതിന് 18 ശതമാനം ജിഎസ്ടിയും ബാധകമാണ്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

