ജാപ്പനീസ് പ്രധാനമന്ത്രിയായി സനയ് തകയ്ചി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ ഏഷ്യൻ ഓഹരികളിൽ കുതിച്ചു കയറ്റം. ജപ്പാനിലെ ഉരുക്കു വനിത എന്ന പേരിൽ അറിയപ്പെടുന്ന തകയ്ചിയുടെ സാമ്പത്തിക നയങ്ങൾ രാജ്യത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.
കഴിഞ്ഞ ആഴ്ച അമേരിക്കൻ ഓഹരി വിപണിയിലെ ടെക് ഓഹരികളിൽ ഉണ്ടായ ഇടിവ് അവസാനിച്ചതും നിക്ഷേപകർക്ക് ആശ്വാസമാണ്. ഇന്ന് ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലാണ്.
ഇന്ത്യൻ ഓഹരി വിപണിയും നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
അയൺ ലേഡി റിട്ടേൺസ്
ഭക്ഷണ സാധനങ്ങൾക്ക് 8 ശതമാനം നികുതി കുറയ്ക്കുമെന്നത് അടക്കമുള്ള വമ്പൻ പ്രഖ്യാപനങ്ങളുമായാണ് ദേശീയവാദിയായ തകയ്ചി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിൽ തകയ്ചിയുടെ ലിബറൽ ഡെമോക്രറ്റിക് പാർട്ടി 465ല്‍ 316 സീറ്റുകള്‍ സ്വന്തമാക്കി.
സഖ്യകക്ഷിയായ ജപ്പാൻ ഇന്നോവേഷൻ പാർട്ടിയുമായി ചേർന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാൻ തകയ്ച്ചിയ്ക്ക് കഴിയും. വോട്ടെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാനും തകയ്ചിക്ക് കഴിയുമെന്നാണ് കരുതുന്നത്.
എന്നാൽ വായ്പാ ഭാരം അനുഭവിക്കുന്ന ജപ്പാൻ ഇത്തരം സാമ്പത്തിക പരിഷ്ക്കാരങ്ങൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്നാണ് വിദഗ്ധർ ചോദിക്കുന്നത്. തകയ്ചിയുടെ സാമ്പത്തിക നയങ്ങള്‍ വിപണി താല്പര്യങ്ങൾക്ക് എതിരാകുമോയെന്ന ആശങ്കയും ചിലർ ഉയർത്തുന്നുണ്ട്.
കുതിക്കാൻ വിപണി
കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണിയിൽ ഐടി ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു.
എഐ മേഖലയിലെ ആശങ്കയാണ് കാരണം. കേന്ദ്രബജറ്റ് പ്രഖ്യാപനം, ഇന്ത്യ – യുഎസ് വ്യാപാര കരാർ, റിസർവ് ബാങ്കിന്റെ പണനയം എന്നിവയായിരുന്നു വിപണിയെ സ്വാധീനിച്ചത്.
വെള്ളിയാഴ്ച സെൻസെൿസ് 266 പോയിന്റ് നേട്ടത്തിൽ 83,580.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 50 പോയിന്റ് മുന്നേറി 25,693.70 ലുമെത്തി.
കമ്പനികളുടെ മൂന്നാം പാദ ഫലങ്ങളാകും ഇനി വിപണിയുടെ ശ്രദ്ധ. ടാറ്റ മോട്ടോർസ്, ഭാരത് ഫോർജ് ഐഡിബിഐ ബാങ്ക് പോലുള്ള കമ്പനികൾ ഈ ആഴ്ചയിൽ പാദഫലങ്ങൾ പ്രഖ്യാപിക്കും.
യുഎസ് വിപണി
അമേരിക്കൻ ഓഹരി വിപണി ഫ്യൂച്ചറുകൾ ഇന്ന് മുന്നേറ്റത്തിലാണ്.
പ്രധാന സാമ്പത്തിക കണക്കുകളും പാദഫലങ്ങളും പുറത്തുവരുന്നതാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. യുഎസ് അടിസ്ഥാന പലിശ നിരക്കു മാറ്റത്തെക്കുറിച്ചുള്ള സൂചനകൾ ഇതിലൂടെ ലഭിക്കുമെന്നും കരുതുന്നു.
എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ ആശങ്ക മാറിയിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എഐ മേഖലയില്‍ നിക്ഷേപിക്കുന്ന പണം എത്ര കാലം കൊണ്ട് ലാഭത്തിലാകുമെന്നാണ് നിക്ഷേപകർക്ക് ആശങ്ക.
അതേസമയം, അമേരിക്കയിലെ പ്രധാന നാല് ഐടി കമ്പനികൾ എഐ മേഖലയില്‍ ഇക്കൊല്ലം ചെലവിടുന്നത് 650 ബില്യൻ ഡോളറാണ്.
ഏഷ്യൻ ഓഹരി വിപണി ഇന്ന് തുടക്കം മുതൽ നേട്ടത്തിലാണ്. ജപ്പാനിലെ നിക്കെയ് സൂചിക 5.6 ശതമാനത്തോളം ഉയർന്ന് റെക്കോർഡിലെത്തി.
ഇതാദ്യമായാണ് നിക്കെയ് 57,000 പോയിന്റെന്ന കടമ്പ മറികടക്കുന്നത്. ഹോങ് കോങ് സൂചിക 1.62 ശതമാനവും ഷാങ്ഹായ് സൂചിക 1.18 ശതമാനവും നേട്ടത്തിലാണ്.
സ്വർണത്തിൽ അസാധാരണ നീക്കം
രാജ്യാന്തര വിപണിയിൽ സ്വർണവിലയും കയറ്റത്തിലാണ്.
തുടക്കത്തിൽ ഔൺസിന് 5,044 ഡോളർ വരെ ഉയർന്ന വില നിലവിൽ 5,000 ഡോളറിലാണ്. സ്വർണവിലയിൽ വലിയ മാറ്റമുണ്ടാകാനുള്ള കാരണം ചൈനീസ് നിക്ഷേപകരുടെ അനിയന്ത്രിതമായ ഇടപാടുകളാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആരോപിച്ചു.
റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച സ്വർണ വില പോയ വാരം കുത്തനെ ഇടിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട
ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇന്ന് സ്വര്‍ണ വില വർധിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, യുഎസ് – ഇറാൻ തുടര്‍ ചര്‍ച്ചകൾ പ്രഖ്യാപിച്ചതോടെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു.
ഡബ്ല്യൂടിഐ, ബ്രെന്റ്, മർബൻ എന്നിവ അര ശതമാനത്തോളം ഇടിഞ്ഞു. യുഎസ് – ഇറാൻ യുദ്ധം ഒഴിവാകുമെന്ന പ്രതീക്ഷയാണ് വില ഇടിയാനുള്ള പ്രധാന കാരണം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

