രണ്ടു മാസം കൂടുമ്പോൾ 3,000 രൂപയോ അതിൽ കൂടുതലോ ആണോ നിങ്ങളുടെ വൈദ്യുതി ബിൽ? എങ്കിൽ വായ്പയെടുത്ത് 3 കിലോ വാട്ടിന്റെ പുരപ്പുറ സോളർ സിസ്റ്റംവച്ചാൽ ബിൽ തുകയ്ക്ക് ഇഎംഐ അടഞ്ഞുപോകും. പത്തു വർഷത്തിനകം വായ്പ തീരുമെന്നതിനാൽ പിന്നെ കിട്ടുന്ന വൈദ്യുതി സൗജന്യം.
കുതിച്ചുയരുന്ന വൈദ്യുതി ചാർജിനെ ഭയക്കുകയും വേണ്ട, പറയുന്നത് ടിൻസു മാത്യു. സ്വന്തം ബ്രാൻഡിൽ കേരളത്തില്‍ ഏറ്റവും അധികം പുരപ്പുറ സോളർ പ്രോജക്ട് ചെയ്തിട്ടുള്ള എൽ സോൾ പവർ സൊലൂഷൻസിന്റെ മാനേജിങ് ഡയറക്ടറാണ് ഈ മുപ്പതുകാരൻ.
പാലായിലെ സെന്റ് ജോസഫ് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനു നാലാം വർഷം പഠിക്കുമ്പോൾ സുഹൃത്ത് ലിബിൻ ബോബനുമായി ചേർന്നാണ് ടിൻസു എൽ സോളിനു തുടക്കമിടു
ന്നത്.
നാലു ലക്ഷം രൂപയോളം മുതൽമുടക്കിൽ 2017ൽ തുടങ്ങിയ കമ്പനി ഇന്ന് 8 വർഷങ്ങൾക്കിപ്പുറം 100 കോടിരൂപ വിറ്റുവരവുള്ള സംരംഭമായി വളർന്നിരിക്കുന്നു.
മൂലധനം കണ്ടെത്തിയ വഴി
വീട്ടിൽനിന്നും സുഹൃത്തുക്കളിൽനിന്നും കടംവാങ്ങിഇരുവരും 2 ലക്ഷം രൂപവീതം കണ്ടെത്തി. ആദ്യഘട്ടത്തിൽ പങ്കാളിയായെത്തിയ സുഹൃത്ത് ജോബ് ജോസഫും സഹായിച്ചു.
ചങ്ങനാശേരിയിൽ 100 സ്ക്വയർ ഫീറ്റ് ഓഫിസും 3 ജീവനക്കാരുമായിട്ടായിരുന്നു തുടക്കം. 6 മാസം കഴിഞ്ഞശേഷം പ്രധാനമന്ത്രി മുദ്ര സ്കീമിൽ 5 ലക്ഷം രൂപ വായ്പയും എടുത്തു.
എന്തുകൊണ്ട് സോളർ
രണ്ടാം വർഷം പഠിക്കുമ്പോൾതന്നെ ടിൻസു ലൈറ്റിനിങ് പ്രൊട്ടക്ടിങ് സിസ്റ്റം ഡിസൈനിങ്ങിലും മറ്റും വൈദഗ്ധ്യം നേടിയിരുന്നു.
നാട്ടിൽ സ്വന്തമായി ബിസിനസ് തുടങ്ങണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് സംരംഭത്തിലേക്കു കടന്നത്. റിന്യൂവബിൾ എനർജി മേഖലയിലെ വലിയ സാധ്യത, ഭാവിയിൽ കൂടുതൽ ആളുകൾക്ക് സോളർ എനർജി അനിവാര്യമാകും എന്നതൊക്കെ പരിഗണിച്ചാണ് ഈ മേഖല തിരഞ്ഞെടുത്തത്.
ഭൂമിക്കും പരിസ്ഥിതിക്കും അനുയോജ്യമായതിനാൽ അർഥവത്തായ ബിസിനസ് എന്ന ബോധ്യവും ഉണ്ടായിരുന്നു.
തുടക്കം പ്രതിസന്ധികളിലൂടെ
തുടക്കത്തിൽ സോളറിനൊപ്പം ലൈറ്റിനിങ് പ്രൊട്ടക്ടിങ്, ഇൻവെർട്ടർ ബാറ്ററി, സോളർ വാട്ടർഹീറ്റർ എന്നിവയിലും സേവനങ്ങൾ നൽകിയിരുന്നു. ‘ആദ്യ രണ്ടു വർഷം പ്രതിസന്ധികളും നഷ്ടവുമായിരുന്നു.
ബാറ്ററിയും സാധനങ്ങളുമൊക്കെ ഞങ്ങൾ സ്വയം ചുമന്നാണ് വീടുകളിലെത്തിച്ചിരുന്നത്,’ ടിൻസു പറയുന്നു.
വളർച്ച പടിപടിയായി
പഠനശേഷം പൂർണമായും ബിസിനസിലേക്കു ശ്രദ്ധകേന്ദ്രീകരിച്ചു. പതുക്കെപ്പതുക്കെ കസ്റ്റമർ ബേസ് വളർത്തിയെടുത്തു.
അതോടെ മികച്ച ക്വാളിറ്റിയിൽ ഏറ്റവും കാര്യക്ഷമതയുള്ള ഉൽപന്നം നൽകിവേണം മുന്നോട്ടുപോകാൻ എന്നു തീരുമാനിച്ചു. അതിനായി സോളറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
തുടക്കത്തിൽ ഓഫ് ഗ്രിഡ് സോളർ സിസ്റ്റംസ് ആയിരുന്നു കൂടുതലും ചെയ്തത്. ബാറ്ററിവച്ചുള്ള ആ സംവിധാനത്തിനു വൈദഗ്ധ്യവും അറിവും വേണം.
ഞങ്ങളുടെ എൻജിനീയറിങ് പശ്ചാത്തലം അവിടെ ഏറെ സഹായകമായി.
ഏറ്റവും മികച്ച രീതിയിൽ ഇൻസ്റ്റലേഷൻ, വിൽപനാനന്തര സേവനം, ചെറുപ്പക്കാരുടെ ടീം ഇതൊക്കെ കമ്പനിക്കു ഗുണമായി. തങ്ങളെപ്പോലെ ചിന്തിക്കുകയും വേഗത്തിൽ തീരുമാനമെടുക്കുകയും ചെയ്യുന്ന ഒരു ടീമിനെയാണ് ഇരുവരും ഒപ്പംകൂട്ടിയത്.
ഓൺ ഗ്രിഡിലേക്ക്
ഓഫ് ഗ്രിഡ് സോളർ സിസ്റ്റത്തിന് പല പ്രശ്നങ്ങളും ഉണ്ടായിരുന്നു.
ബാറ്ററിക്കു വില കൂടുതലായതിനാൽ ഓൺ ഗ്രിഡ് സിസ്റ്റത്തെക്കാൾ 40–50% അധികം തുക വേണം. മാത്രമല്ല, 5–6 വർഷം കഴിയുമ്പോൾ ബാറ്ററിയുടെ ശേഷി കുറയുന്നത് വൈദ്യുതിലഭ്യതയെ ബാധിക്കും.
അങ്ങനെയാണ് ബാറ്ററി വേണ്ടാത്ത ഓൺ ഗ്രിഡ് സോളറില്‍ ഫോക്കസ് ചെയ്തത്. ടെക്നോളജി നോക്കുമ്പോൾ വളരെ മികച്ചതാണ് ഓൺ ഗ്രിഡ് സോളർ.
മാത്രമല്ല, കുറച്ചു തുക മുടക്കിയാൽ മതി. അതുകൊണ്ടുതന്നെ വേഗത്തില്‍ ഉപഭോക്താവിനു മുടക്കുമുതൽ തിരിച്ചുപിടിക്കാം.
മത്സരം 1,325 കമ്പനികളോട്
കേരളത്തിൽ പിഎം സൂര്യഘർ സ്കീമിൽ 1,325 കമ്പനികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതായത്, ഞങ്ങൾ ചെയ്യുന്ന സേവനങ്ങള്‍ നൽകാൻ ഇവിടെ ഇത്രയധികം കമ്പനികളുണ്ട്. ഇവരോടു മത്സരിച്ചാണ് ഞങ്ങൾ മുൻനിരയിലെത്തിയതെന്നു ടിൻസു പറയുന്നു.
ക്വാളിറ്റിയും സേവനവുംകൊണ്ടാണ് എൽ സോൾ മത്സരിക്കുന്നത്. പിഎം സൂര്യഘർ പോർട്ടൽ എടുത്താൽ 18,500 വെണ്ടർമാരിൽ ടോപ് 10 ലിസ്റ്റിൽ ഞങ്ങളുണ്ട്.
വിലവച്ചു നോക്കിയാലും ശരാശരി നിരക്കാണ്.
അതിലും 10% കുറച്ച് ഈടാക്കുന്നവരും കൂടുതൽ വാങ്ങുന്നവരുമുണ്ട്. പീരിയോഡിക് സർവീസ്, പാനൽ വാഷിങ് ഉൾപ്പെടെയുള്ള പാക്കേജാണ് എൽ സോളിന്റേത്.
കസ്റ്റമർ റഫറൻസിലൂടെയാണ് കൂടുതൽ പ്രോജക്ടുകൾ ലഭിക്കുന്നത്. ഒരിടത്തു ചെയ്താൽ ഞങ്ങളിലുള്ള വിശ്വാസംമൂലം ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീട്ടിലെ വർക്ക് പലരും പിടിച്ചുതരുന്നു.
ഒപ്പം ശക്തമായ സെയിൽസ്, മാർക്കറ്റിങ്ങാണ് കമ്പനിയുടേത്.
സോളർ വയ്ക്കാനുള്ള ചെലവ്
3 കിലോ വാട്ട് ചെയ്യാൻ 2.10 ലക്ഷം രൂപയാണ് ഈടാക്കുന്നത്. അതിൽ സബ്സിഡിയായ 78,000 രൂപ റീഫണ്ടായി ലഭിക്കും.
3,000–6,000 വരെ ബിൽ വരുന്നവർക്ക് 3 കിലോവാട്ട് മതിയാകും. വായ്പ നടപടികൾ, കെഎസ്ഇബിയിലെ പേപ്പർ വർക്കുകൾ എല്ലാം എൽ സോൾ ചെയ്തുനൽകും.
കേരളത്തിൽ കൂടുതൽ ബ്രാഞ്ചുകളുള്ളതും ഞങ്ങൾക്കാണ്. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ശാഖകളുണ്ട്.
വളരാൻ, വലുതാകാൻ ഇന്ത്യയിലുടനീളം എത്തുക എന്നതാണ് അടുത്ത ലക്ഷ്യം.
തിരുനൽവേലി, ചെന്നൈ, കോയമ്പത്തൂർ, ബെംഗളൂരൂ, നാഗ്പുർ, നാസിക്, പുണെ, ഗ്രേറ്റർ നോയിഡ, ആഗ്ര, ലക്നൗ എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങിക്കഴിഞ്ഞു. യുഎഇയിലും യുകെയിലും സാന്നിധ്യമുണ്ട്.
കഴിഞ്ഞ വർഷം 100 കോടി രൂപയുടെ വിറ്റുവരവു നേടി. ലാഭം ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ.
സോളർ ഡിവിഷനിൽതന്നെ 150 ഓളം ജീവനക്കാരുണ്ട്. രണ്ടു വർഷത്തിനുള്ളിൽ എസ്എംഇ ഐപിഒയിലൂടെ ലിസ്റ്റ് ചെയ്യുകയാണ് ലക്ഷ്യം.
ഫണ്ടിങ്ങിനുള്ള മറ്റു സാധ്യതകളും പഠിക്കുകയാണ്. ഉപസ്ഥാപനമായ ട്രൂ സൺ ട്രേഡിങ് കമ്പനിവഴി സോളർ ഉൽപന്നങ്ങളുടെ വിതരണവുമുണ്ട്.
സോളർ ആരു വയ്ക്കണം?
വായ്പയെടുത്ത് 3 കിലോവാട്ട് വയ്ക്കുമ്പോൾപോലും വളരെ കുറഞ്ഞ കാലയളവുകൊണ്ട് ഇഎംഐ തീരും.
അങ്ങനെ നോക്കുമ്പോൾ മാസം ബിൽ 1,500 രൂപയിൽ കൂടുതലുള്ളവർക്ക് കറന്റ് ബിൽ തുകകൊണ്ട് ഇഎംഐ അടച്ചുപോകാവുന്നതേയുള്ളൂ. ഇപ്പോൾ ഇലക്ട്രിക് വാഹനം, എസി, ഇൻഡക്ഷൻ കുക്കർ ഉപയോഗമെല്ലാംകൂടി.
അതൊക്കെ മേടിക്കാൻ പ്ലാനുള്ളവർക്കും ചെയ്യാവുന്നതാണ്. കാരണം ചില ഏരിയകളിലൊക്കെ ട്രാൻസ്ഫോമറിന്റെ കപ്പാസിറ്റി പ്രശ്നമാകുമെന്ന് ടിൻസു ചൂണ്ടിക്കാണിക്കുന്നു.
കപ്പാസിറ്റിയുടെ 90% വരെയേ സോളർ വയ്ക്കാൻ കഴിയൂ. ചിലപ്പോൾ 2 വർഷം കഴിഞ്ഞ് എസി വാങ്ങുമ്പോൾ, കാർ മേടിക്കുമ്പോൾ സോളർ സ്ഥാപിക്കാൻ അനുമതി ലഭിക്കണമെന്നില്ല•
(മലയാള മനോരമ സമ്പാദ്യം ഡിസംബർ ലക്കത്തിൽ നിന്ന്)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

