‘ഉൽപന്നം കൂൺ ആണ്. എന്നാൽ വെറുതെ കൂണ് ഉൽപാദിപ്പിച്ചു വിറ്റാൽ വലിയ നേട്ടമൊന്നുമില്ല എന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു.
തുടർന്നാണ് കൂൺകൊണ്ടുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ വിപണിയിലെത്തിക്കാൻ ശ്രമിച്ചത്. അതുവഴി മികച്ച നേട്ടമുണ്ടാക്കാനായി.’ ലീന റാണി ഈ വാല്യു അഡിഷനിലൂടെ നേടിയ വളർച്ച ഏതു ചെറുസംരംഭകര്ക്കും മാതൃകയാണ്.
കായംകുളത്തിനടുത്തു പെരിങ്ങാല–നടക്കാവിൽ വീടിനോടു ചേർന്നാണ് സ്ഥാപനം. കെയാസ് ഓർഗാനിക് മുഷി ടൗൺ (The Keyas Organic Mushy Town) എന്ന വിചിത്രമായ പേരാണ് സ്ഥാപനത്തിനു നൽകിയിരിക്കുന്നത്.
എന്താണു ബിസിനസ്?
കൂൺ ഉൽപാദിപ്പിക്കുന്നതിനൊപ്പം കൂൺവിത്തും വിൽക്കുന്നു.
പക്ഷേ, കൂൺചപ്പാത്തിയാണ് ചൂടപ്പംപോലെ വിറ്റഴിയുന്നത്. സ്ഥാപനത്തിനു ലാഭം തരുന്നതും ഈ ചപ്പാത്തിതന്നെ.
എന്നാൽ ഇതു മെഷിനറി സഹായത്തോടെ വാണിജ്യാടിസ്ഥാനത്തിൽ ഇപ്പോൾ ചെയ്യുന്നില്ല. ലീനയുടെ ഹാൻഡ് മെയ്ഡ് ചപ്പാത്തികൾക്ക് ആവശ്യക്കാർ ഏറെയാണ്.
തുണയായത് കൃഷിവകുപ്പ്
കൃഷിവകുപ്പിന്റെ കീഴിൽ നടത്തിയ പരിശീലനപരിപാടിയിൽ പങ്കെടുത്തതാണ് ലീനയെ സംരംഭകയാക്കിമാറ്റിയത്.
വീട്ടിൽ കൃഷിയുണ്ടായിരുന്നുവെങ്കിലും ലീന അതിലൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ സിടിസി ആർഐയിൽനിന്ന് 7 ദിവസത്തെ പരിശീലനം ലഭിച്ചപ്പോൾ വളരെ കൗതുകപൂർവം കൂൺകൃഷിയിലേക്കു തിരിഞ്ഞു.
ഒരു പായ്ക്കറ്റ് കൂൺവിത്തു വാങ്ങി 850 ഗ്രാം കൂൺ ഉൽപാദിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും സ്വന്തം നിലയിൽ നടത്തി.
ഒപ്പംനിന്നു പ്രോത്സാഹിപ്പിക്കാൻ ഭർത്താവും ഉണ്ടായിരുന്നു. വീടിനോടു േചർന്നുള്ള 500 ചതുരശ്രയടി കെട്ടിടത്തിലാണ് കൂൺകൃഷി നടത്തുന്നത്.
വിത്തു ക്ഷാമം അവസരമാക്കി
വിത്തിനു ക്ഷാമം നേരിട്ടപ്പോൾ കൂൺവിത്ത് ഉൽപാദിപ്പിക്കാൻതുടങ്ങി.
അതു വലിയ മാറ്റമായിരുന്നു. പ്രദേശത്തുള്ള ധാരാളം കർഷകർക്ക് ഇപ്പോൾ കൂൺവിത്തു നൽകുന്നു.
കൃഷി ചെയ്യുന്നവിധവും പഠിപ്പിച്ചുകൊടുക്കുന്നുണ്ട്. വിത്തും പരിശീലനവും ഏർപ്പാടാക്കിക്കൊടുക്കുന്നതിനാൽ പരാജയപ്പെടില്ല എന്നതു ലീനയുടെ ഗാരന്റിയാണ്.
ഈ രംഗത്തു ക്ലാസ് നയിക്കുന്ന ഒരു ഫാക്കൽറ്റികൂടിയാണ് ഇവർ. കൃഷിവകുപ്പിന്റെ പരിശീലന പരിപാടികളാണ് അധികവും നടത്തുന്നത്.
കൂൺ ചപ്പാത്തി
കൂൺ ചപ്പാത്തി ഉണ്ടാക്കി വിപണിയിൽ എത്തിച്ചതോടെയാണ് ലീന റാണി ശ്രദ്ധിക്കപ്പെട്ടത്.
പഞ്ചായത്തു തലത്തിൽ അവാർഡുകളും തേടിയെത്തി. ആട്ട, ഉപ്പ്, കൂൺ എന്നിവ ചേർന്ന ചപ്പാത്തിക്ക് ആവശ്യക്കാർ ഏറെയാണ്.
∙ ചപ്പാത്തിമാവിൽ 15% കൂൺപൗഡർ ചേർത്തു റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ചപ്പാത്തികൾ നിർമിക്കുന്നു.
പ്രത്യേക രീതിയിൽ തയാറാക്കുന്ന കൂൺ പൗഡറാണ് വിജയരഹസ്യം. പ്രിസർവേറ്റീവ്സ് ചേർക്കുന്നില്ല.
രണ്ടു ദിവസമാണ് ചപ്പാത്തിയുടെ ഷെൽഫ് ലൈഫ്.
∙ മികച്ച ആട്ടയും സ്വന്തം ഫാമിലെ കൂണും ആയതിനാൽ ഗുണമേന്മ ഉറപ്പ്. 10 ചപ്പാത്തിയുടെ പായ്ക്കറ്റിന് 60 രൂപയാണ്.
ന്യായമായ വിലയായതിനാൽ ആവശ്യക്കാർ ഏറെ. എത്ര ഉണ്ടെങ്കിലും വിൽക്കാം.
ഒരു പായ്ക്കറ്റ് ചപ്പാത്തിയിൽ 20 രൂപ ലാഭംകിട്ടും.
വ്യാപകമായ കച്ചവടമല്ല നടത്തുന്നത്. മെഷിനറികൾ ഉപയോഗിക്കുന്നില്ല.
സഹായത്തിനായി ഒരു ജോലിക്കാരനുണ്ട്. ഭർത്താവിന്റെ മരണത്തിൽ പിടിച്ചുനിൽക്കാനായതും രണ്ടു മക്കളെയും നല്ല രീതിയിൽ പഠിപ്പിക്കുന്നതും ഇതിലെ വരുമാനംകൊണ്ടാണ്.
കൂണിനും ചപ്പാത്തിക്കും സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. ധാരാളം പേർ നേരിട്ടു വീട്ടിൽവന്നു വാങ്ങുന്നുണ്ട്.
ബേക്കറിയിലും ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും സ്ഥിരം സപ്ലൈ ഉണ്ട്.
50 പായ്ക്കറ്റ് ചപ്പാത്തിവരെ ദിവസവും വിറ്റഴിക്കുന്നു. ചപ്പാത്തിക്കായി ഉപയോഗിക്കണം എന്നതിനാൽ കൂണിന്റെ വിൽപന തീരെ കുറവാണ്.
വിത്ത് ആവശ്യമുള്ളവർക്കു കൊറിയറിൽ അയയ്ക്കും. ശരാശരി 2 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടമാണ് നടത്തുന്നത്.
60,000 രൂപയോളം ലാഭവും ഉണ്ടാക്കുന്നു.
കൂൺകൃഷി വിജയിപ്പിക്കാം
∙ കൃഷി ആരംഭിക്കുംമുൻപ് പരിശീലനം നേടണം.
∙ പാൽക്കൂണിനാണ് ഡിമാൻഡ്. എന്നാൽ, ചിപ്പിക്കൂൺ കൂടുതൽ ആദായം തരും.
കൂടുതൽ ആരോഗ്യകരവും മികച്ച ടേസ്റ്റും ആണ്.
∙ ബഡ് തയാറാക്കാൻ വയ്ക്കോൽ ഉപയോഗിക്കരുത്. ഇപ്പോഴത്തെ വയ്ക്കോൽ ചീത്തയാണ്.
ഫോർമാലിൻപോലുള്ള കെമിക്കലുകൾ ചേർക്കുന്നുണ്ട്. അറക്കപ്പൊടിയാണ് നല്ലത്.
3–4 മാസം തുടർച്ചയായി വിളവു ലഭിക്കുകയും ചെയ്യും.
ചപ്പാത്തിനിർമാണം വിപുലമാക്കണം
ചപ്പാത്തി നിർമാണം വിപുലമാക്കുകയാണ് ലക്ഷ്യം. പക്ഷേ, മെഷീൻ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല.
കൂടുതൽ ജോലിക്കാരെവച്ച് ഉൽപാദനം കൂട്ടും. ചപ്പാത്തിയുടെ ഷെൽഫ് ലൈഫ് കൂട്ടാനും ഉദ്ദേശ്യമില്ല.
ആരോഗ്യകരമായ നല്ല ഭക്ഷണം ലഭ്യമാക്കുകതന്നെയാണ് ലക്ഷ്യം.
• വിലാസം: ലീന റാണി
THE Keyas Organic Mushy Town
പരുങ്ങാല പി.ഒ., നടക്കാവ്–690559
കായംകുളം
പുതുസംരംഭകർക്ക്
വനിതകൾക്കു പാർട്ടൈമായോ ഫുൾ ടൈമായോ ശോഭിക്കാവുന്ന ബിസിനസ്. അടുക്കളയുടെ ഒരു ഭാഗം ഉപയോഗപ്പെടുത്തിയാൽ 2 ബഡ് കൃഷി ചെയ്യാം, ചെറിയ തുക മതി.
കൃഷി വിജ്ഞാൻ കേന്ദ്രത്തിലും വെള്ളായണി കാർഷിക സർവകലാശാലയിലും ലീഡ് ബാങ്കിന്റെ കീഴിൽ, ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രങ്ങളിലും സൗജന്യ പരിശീലനം കിട്ടും. നല്ല ക്ഷമ വേണം.
കൂൺമാത്ര
മായാൽ പിടിച്ചു നിൽക്കാനാകില്ല. മൂല്യവർധക ഉൽപന്നങ്ങളും നിർമിക്കണം.
നന്നായി ശ്രമിച്ചാൽ വീട്ടിലിരുന്ന് ഈ ലഘുകൃഷിയിൽ നിന്നും 6 മാസത്തിനുള്ളിൽ മാസം 50,000 രൂപവരെ സമ്പാദിക്കാനാകും.
(ലേഖകൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പ്)
(മലയള മനോരമ സമ്പാദ്യം ഡിസംബർ ലക്കത്തിൽ നിന്ന്)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

