
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യാ വിഭാഗത്തിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഈ മാസം 14ന് തുടക്കമാകും. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കാകും (ക്യുഐബി) 14ന് ഓഹരിക്കായി അപേക്ഷിക്കാനാകുക. 15 മുതൽ 17 വരെയാണ് റീറ്റെയ്ൽ നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയം.
ഓഹരിക്ക് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 1,865 രൂപയ്ക്കും 1,960 രൂപയ്ക്കും മധ്യേ വില (പ്രൈസ് ബാൻഡ്) നിശ്ചയിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൊത്തം 1,900 കോടി ഡോളർ (ഏകദേശം 1.6 ലക്ഷം കോടി രൂപ) മൂല്യം വിലയിരുത്തിയാണ് കമ്പനി ഐപിഒ നടത്തുന്നത്. ഒക്ടോബർ 22ന് ഓഹരികൾ ലിസ്റ്റ് ചെയ്തേക്കും.
എൽഐസിയുടെ റെക്കോർഡ് തകരും
2022 മേയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയാണ് നിലവിൽ ഇന്ത്യയിലെ റെക്കോർഡ്. 300 കോടി ഡോളറിന്റെ സമാഹരണമാണ് ഹ്യുണ്ടായ് ഉന്നമിടുന്നത്. ഏകദേശം 25,000 കോടി രൂപ. ഇത് യാഥാർഥ്യമായാൽ എൽഐസിയുടെ റെക്കോർഡ് പഴങ്കഥയാകും. നീണ്ട 21 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ ഒരു കാർ നിർമാണക്കമ്പനി ഐപിഒ സംഘടിപ്പിക്കുന്നത്. 2003ൽ മാരുതിയുടെ ഐപിഒയായിരുന്നു ഏറ്റവും ഒടുവിലത്തേത്.
മാതൃകമ്പനിയായ ഹ്യുണ്ടായ്, ഇന്ത്യാ വിഭാഗത്തിലുള്ള 17.5% ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. പുതിയ ഓഹരികളില്ല (ഫ്രഷ് ഇഷ്യൂ). നിലവിലെ ഓഹരി ഉടമകൾ നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) മാത്രം. 14.21 കോടി ഓഹരികളാണ് ഐപിഒയിൽ ഹ്യുണ്ടായ് വിൽക്കുന്നത്. 1,960 രൂപ വച്ചുകണക്കാക്കിയാൽ 27,870 കോടി രൂപ സമാഹരിക്കാൻ ഹ്യുണ്ടായിക്ക് കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]