കൊച്ചി ∙ കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ (എഫ്ടിഡബ്ല്യുസെഡ്) കൊച്ചി തുറമുഖത്തിനു കീഴിലുള്ള വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലിൽ സജ്ജമാകും. ടെർമിനൽ ഓപ്പറേറ്റർമാരായ ഡിപി വേൾഡാണു ‘കൊച്ചിൻ ഇന്റഗ്രേറ്റഡ് ബിസിനസ് പാർക്ക്’ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. അടുത്ത വർഷം ആദ്യ പാദത്തിൽ പദ്ധതി സജ്ജമാകുമെന്നാണു പ്രതീക്ഷ. ദക്ഷിണേന്ത്യയിൽ തുറമുഖ ടെർമിനലിനുള്ളിൽ സ്ഥാപിക്കുന്ന ആദ്യത്തെ എഫ്ടിഡബ്ല്യുസെഡ് എന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. ആദ്യ ഘട്ടത്തിൽ 85 കോടി രൂപയായിരിക്കും പദ്ധതിക്കായി ചെലവിടുക.
കൊച്ചിക്കു പുറമേ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും ഡിപി വേൾഡ് ഫ്രീ ട്രേഡ് സോണുകൾ സ്ഥാപിക്കും. ആകെ, മുതൽമുടക്ക് 600 കോടിയിലേറെ രൂപ.
പ്രത്യേക സാമ്പത്തിക മേഖല
ഫ്രീ ട്രേഡ് സോൺ പ്രത്യേക സാമ്പത്തിക മേഖലയാണ്. ആഗോളതലത്തിലുള്ള വ്യാപാര വേദി എന്നു വിശേഷിപ്പിക്കാം. ചുരുങ്ങിയ വാടക ഈടാക്കി വെയർഹൗസിൽ ചരക്കു സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും സൗകര്യമൊരുക്കുകയാണു ഫ്രീ ട്രേഡ് സോണുകളുടെ ദൗത്യം. നികുതി ഇളവുകളും ഒട്ടേറെ ആനുകൂല്യങ്ങളും ലഭിക്കും. ഫ്രീ ട്രേഡ് സോണിനുള്ളിൽ ഇറക്കുമതി, കയറ്റുമതി ചരക്ക് 2 വർഷം വരെ നികുതിയില്ലാതെ സൂക്ഷിക്കാം; നിബന്ധനകൾക്കു വിധേയമായി 5 വർഷം വരെയും.
കണക്ടിവിറ്റി മികച്ചത്
1.2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വെയർഹൗസിങ് സൗകര്യമാണു ഡിപി വേൾഡ് ഒരുക്കുന്നത്. ചരക്ക് എത്തിക്കാനുള്ള സൗകര്യമാണു ടെർമിനലിന്റെ പ്രത്യേകത. ദേശീയ പാതകളായ എൻഎച്ച് 66 (കൊച്ചി – മുംബൈ), എൻഎച്ച് 544 (കൊച്ചി – സേലം, കോയമ്പത്തൂർ), എൻഎച്ച് 85 (കൊച്ചി – മധുര, രാമേശ്വരം) എന്നിവയുടെ സാമീപ്യം തന്നെ പ്രധാനം. ടെർമിനലിലേക്കുള്ള റെയിൽ കണക്ടിവിറ്റിയും മികച്ചതാണ്.
എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകൾ 10 കിലോമീറ്റർ പരിധിക്കുള്ളിൽ; രാജ്യാന്തര വിമാനത്താവളം 35 കിലോമീറ്റർ പരിധിയിലും.
English Summary: Kerala’s first free trade warehousing zone
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]