കൂടുതൽ ചെലവഴിക്കുമ്പോൾ, ഓരോ യൂണിറ്റിനും കുറഞ്ഞ പണം നൽകിയാൽ മതിയെന്നതു കാലാതീതമായ സത്യമാണ്. ഒട്ടുമിക്ക വ്യവസായ മേഖലകളിലും നമുക്കത് കാണാനാകും.
ഉൽപാദനം കൂടുമ്പോൾ ഫാക്ടറികൾ ഉൽപന്നത്തിന്റെ വില കുറയ്ക്കുന്നു, വലിയതോതിൽ സാധനങ്ങൾ വാങ്ങുന്നവർക്കു മൊത്തക്കച്ചവടക്കാർ വില കുറച്ചുകൊടുക്കുന്നു, വിമാനക്കമ്പനികൾ സ്ഥിര യാത്രക്കാർക്ക് കുറഞ്ഞ ശരാശരി വില നൽകുന്നു. ഉയർന്ന അളവിലുള്ള ഉൽപാദനം കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ തെളിവുകളാണിവ.
എന്നാൽ നികുതിയുടെ കാര്യത്തിൽ വരുമ്പോൾ ഈ യുക്തി തലകീഴായി മറിയും.
ചെലവു കൂടുമ്പോൾ നികുതിയുടെ നിരക്കു കൂടുകയാണ്. ആഡംബര കാർ, പ്രീമിയം എയർ ടിക്കറ്റ്, പഞ്ചനക്ഷത്ര ഭക്ഷണം – ഇവയ്ക്കെല്ലാം വളരെ ഉയർന്ന നികുതി നിരക്കാണുള്ളത്.
പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ ശരിയായ ദിശയിലാണെങ്കിലും ഈ വൈരുധ്യം നിലനിൽക്കുന്നുണ്ട്. ഇവിടെ സംഭവിക്കുന്നത് സാമ്പത്തിക ശാസ്ത്രം മാത്രമല്ല മറിച്ച് മനഃശാസ്ത്രവും രാഷ്ട്രീയവും കൂടിയാണ്.
സർക്കാരുകൾ ഉപഭോഗത്തിന്റെ തത്വചിന്തകരായി ഇടപെടാൻ ഇഷ്ടപ്പെടുന്നു.
അതുകൊണ്ടുതന്നെ ആവശ്യകതകൾക്കും ആഡംബരങ്ങൾക്കുമിടയിൽ സർക്കാരുകൾ അതിരുകൾ വരയ്ക്കുന്നു. നിങ്ങൾ കൂടുതൽ ചെലവഴിക്കാൻ കഴിവുള്ളവരാണെങ്കിൽ കൂടുതൽ നികുതി നൽകണമെന്നതാണു സ്ഥിതി.
പുനർവിതരണം സാധ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെങ്കിലും ഫലം പലപ്പോഴും വികലമാണ്. ആഗ്രഹങ്ങൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ് ഇതുകൊണ്ടുണ്ടാകുന്നത്.
വളർച്ചയെ നിരുത്സാഹപ്പെടുത്തുന്നു, നികുതി ഒഴിവാക്കാനുള്ള സാധ്യതകൾ തേടിപ്പോകുന്നു. ആഡംബര നികുതിയുടെ ഓരോ അധികപാളിയും യഥാർഥത്തിൽ ഉൽപാദനക്ഷമതയ്ക്കുമേലുള്ള നികുതിയാണ്.
ധാർമിക ചിന്തകള്
നികുതി പരിഷ്കാരങ്ങളിൽ ഭരണാധിപൻമാർ പുലർത്തിയ രസകരമായ ചില ധാർമിക ചിന്തകളുമുണ്ട്.
പ്രണബ് മുഖർജി ധനമന്ത്രിയായിരുന്നപ്പോൾ പോഷകാഹാര സാധനങ്ങൾക്ക് നികുതിയൊഴിവാക്കുകയും ഷാംപൂവിനും മേക്കപ് വസ്തുക്കൾക്കും 17% നികുതി ചുമത്തുകയും ചെയ്തു. സ്ത്രീകൾ സൗന്ദര്യത്തെക്കാൾ ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ യുക്തി.
ആ നികുതി നയത്തിൽ സാമ്പത്തിക ശാസ്ത്രത്തെക്കാൾ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലാണ് അദ്ദേഹം ശ്രദ്ധിച്ചത്.
ധാർമികതയുടെ സാമ്പത്തിക ശാസ്ത്രം
റോഡുകളും ആശുപത്രികളും സ്കൂളുകളും നിർമിക്കുന്നതിനും പ്രതിരോധ മേഖലയിലെ ആവശ്യങ്ങൾക്കുമെല്ലാം രാജ്യം പണംകണ്ടെത്തുന്നതു നികുതി വരുമാനത്തിലൂടെയാണ്. ആർക്കും ഒറ്റയ്ക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ രാജ്യത്തെ ജനങ്ങൾ ഒരുമിച്ചുചെയ്യുന്നു.
എന്നാൽ ഒരു പൗരൻ എങ്ങനെ ജീവിക്കണമെന്ന് നികുതി നയം നിർദേശിക്കുകയോ, മെച്ചപ്പെട്ട രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ നികുതിനയം കൊണ്ട് ശിക്ഷിക്കുകയോ ചെയ്താൽ അതു യുക്തിപരമായ സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന്, ധാർമികതയുടെ സാമ്പത്തിക ശാസ്ത്രത്തിലേക്കു കടക്കും.
നിയമപരമായ പൊലീസ് സംവിധാനം ‘മോറൽ പൊലീസിങ്ങി’ലേക്കു പോകുന്നതു പോലെ.
‘പാപ നികുതികൾ’
ചരിത്രം ധാരാളം ഓർമപ്പെടുത്തലുകൾ നൽകുന്നുണ്ട്. ഒരു കാലത്ത് യൂറോപ്പിലെ കരകൗശല വ്യവസായങ്ങളെ ആഡംബര നികുതികൾ തകർക്കുകയുണ്ടായി.
ഇത്തരം ‘പാപ നികുതികൾ’ ആരോഗ്യകരമായ സമൂഹങ്ങൾക്കു പകരം കരിഞ്ചന്തകൾക്കു ജന്മം നൽകി. ‘ആഡംബര’ സേവനങ്ങളുടെ ആധുനിക ജിഎസ്ടി സ്ലാബുകൾ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നതും കാര്യക്ഷമത കുറയ്ക്കുന്നതുമാകുമ്പോൾ, ന്യായമായ പുനർവിതരണത്തിനായി കാര്യമായൊന്നും ചെയ്യുന്നില്ലെന്നതാണു വസ്തുത.
ഇന്നത്തെ ആഡംബരം നാളത്തെ ആവശ്യം
അക്ഷരാർഥത്തിലും ആലങ്കാരികമായും പറഞ്ഞാൽ നികുതി സംവിധാനം പാലങ്ങൾ നിർമിക്കുന്നതാകണം.
മികച്ച നികുതി സംവിധാനം, രാജ്യത്തെ ആളുകളെ ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും അവരുടെ ജീവിതനിലവാരമുയർത്തുന്ന ഭൗതിക സാഹചര്യങ്ങളുമൊരുക്കുന്നതാകണം. തങ്ങൾ നൽകുന്ന പണം മെച്ചപ്പെട്ട
ആരോഗ്യ സംരക്ഷണത്തിനും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കുന്നതിനും അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും ഉപയോഗിക്കപ്പെടുന്നു എന്ന് പൗരന്മാർക്ക് തോന്നണം. എല്ലാത്തിനുമുപരി, ഇന്ന് ആഡംബരമെന്നു കരുതുന്നത് നാളെയുടെ ആവശ്യകതയായി മാറാറുണ്ട്.
ഒഴുകുന്ന വെള്ളം, വൈദ്യുതി, സ്മാർട്ഫോണുകൾ, വിമാന യാത്ര പോലും ഒരു കാലത്ത് ആഡംബരങ്ങളായിരുന്നു. ഭാവിയിലേക്കു നോക്കുന്ന ഒരു നികുതി സമ്പ്രദായമാണ് പുരോഗതിക്ക് ഇന്ധനമേകുന്നത്.
പിന്തിരിപ്പൻ സമ്പ്രദായം പുരോഗതിയെ തടയും.
നികുതി ആഗ്രഹങ്ങളുടെ മേലുള്ള മരണമണിയായി മാറുകയും ഉയർന്ന ജീവിതനിലവാരം ഒരു സാമൂഹിക പാപമാണെന്നു ജനങ്ങളോടു പറയുകയും ചെയ്യുന്നത് പുരോഗതിയെ തടസ്സപ്പെടുത്തുമെന്നതിൽ തർക്കമില്ല. ജനങ്ങളുടെ ആഗ്രഹങ്ങൾ വർധിക്കുകയും അതു നേടിയെടുക്കുകയും ചെയ്യുമ്പോഴാണ് സമ്പദ്വ്യവസ്ഥ വളരുന്നത്.
വീണ്ടും വീണ്ടും നിക്ഷേപം നടത്താനുള്ള വിശ്വാസം നിക്ഷേപകർക്കു ലഭിക്കുമ്പോഴാണു പുരോഗതിയുണ്ടാകുന്നത്. സർക്കാരുകൾ ധാർമികത നിർദേശിക്കുന്നതിനു പകരം ഉൽപാദനക്ഷമത കൂട്ടുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ആഗ്രഹങ്ങളുടെ ചക്രവാളങ്ങൾ ഉയർത്തുന്നതാണ് വിവേകപൂർവമായ നികുതിനയം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]