
യുഎസുമായി വ്യാപാരക്കരാറിെലത്താത്ത 14 രാജ്യങ്ങൾക്കുമേൽ പ്രസിഡന്റ് ട്രംപ് പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ വൻ നേട്ടത്തിലേക്ക് കുതിച്ചുകയറി ഇന്ത്യയുടെ ടെക്സ്റ്റൈൽ ഓഹരികൾ. ട്രംപ് വീണ്ടും തീരുവ യുദ്ധത്തിന് തുടക്കമിട്ടതിന്റെ നിരാശ ഓഹരി വിപണിയിലാകെ നിഴലിക്കുന്നുണ്ടെങ്കിലും ആ ട്രെൻഡിനു കടകവിരുദ്ധമായാണ് ടെക്സ്റ്റൈൽ ഓഹരികളുടെ മുന്നേറ്റം.
കേരളം ആസ്ഥാനമായ കിറ്റെക്സിന്റെ ഓഹരിവില ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോഴുള്ളത് 4.27% നേട്ടവുമായി 294 രൂപയിൽ. കഴിഞ്ഞ മേയ് 23ന് കുറിച്ച 324.42 രൂപയാണ് കിറ്റെക്സ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. മറ്റ് പ്രമുഖ ടെക്സൈറ്റൽ കമ്പനികളായ ഗോകൽദാസ് എക്സ്പോർട്സ്, കെപിആർ മിൽ, വർദ്ധമാൻ ടെക്സ്റ്റൈൽസ്, അർവിന്ദ് ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ 8 ശതമാനം വരെ ഉയർന്നുമാണ് വ്യാപാരം ചെയ്യുന്നത്.
മുന്നേറ്റത്തിന്റെ കാരണങ്ങൾ
∙ വസ്ത്ര കയറ്റുമതിയിൽ ഇന്ത്യയുടെ പ്രധാന എതിരാളികൾ ഉൾപ്പെടെ 14 രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് കനത്ത ഇറക്കുമതി തീരുവ ഇന്നലെ പ്രഖ്യാപിച്ചത്. ചൈന, വിയറ്റ്നാം, ബംഗ്ലദേശ്, കംബോഡിയ എന്നിവയുമായാണ് ഈ രംഗത്ത് ഇന്ത്യയുടെ പ്രധാന മത്സരം.
വസ്ത്ര കയറ്റുമതിയിൽ ഒന്നാമതുള്ള ചൈനയ്ക്ക് നിലവിൽ യുഎസ് 51.1% തീരുവയാണ് ചുമത്തുന്നത്. ട്രംപ് ഇന്നലെ പുറത്തുവിട്ട 14 രാജ്യങ്ങളുടെ പട്ടികയിലുള്ള ബംഗ്ലദേശിന് 35%, കംബോഡിയയ്ക്ക് 36% എന്നിങ്ങനെയുമാണ് തീരുവ. ഇതിനുപുറമെ 10% അടിസ്ഥാന ഇറക്കുമതി തീരുവയും ബാധകമാണ്. ഉദാഹരണത്തിന് അടിസ്ഥാന ഇറക്കുമതി തീരുവയും ചേരുമ്പോൾ ബംഗ്ലദേശിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങളുടെ ആകെ തീരുവ 45 ശതമാനമാകും.
ഈ 14 രാജ്യങ്ങളും യുഎസിൽ നിന്ന് കാര്യമായി ഇറക്കുമതിയൊന്നും നടത്തുന്നില്ല. യുഎസിനാകട്ടെ ഇവയിൽ മിക്ക രാജ്യങ്ങളുമായുള്ളത് വ്യാപാരക്കമ്മിയുമാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപ് കടുത്ത തീരുവ പ്രഖ്യാപിച്ചതും. അതേസമയം, യുഎസുമായി വ്യാപാരക്കരാറിൽ എത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതുകൊണ്ടാണ്, ട്രംപിന്റെ പട്ടികയിൽ ഇന്ത്യ ഇല്ലാത്തതും. ഇന്ത്യയും യുഎസും തമ്മിൽ സജീവമായ വ്യാപാര പങ്കാളിത്തവുമുണ്ട്.
യുഎസിൽ നിന്ന് പ്രതിരോധം, കാർഷികം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ ഇന്ത്യ വൻതോതിൽ വാങ്ങുന്നുണ്ട്. തിരികെ ഇന്ത്യയിൽ നിന്ന് യുഎസ് ഐടി, മരുന്ന്, ഇലക്ട്രോണിക്സ്, വസ്ത്രം, കാർഷികോൽപന്നങ്ങൾ തുടങ്ങിയവയും വാങ്ങുന്നു. ഇന്ത്യയും യുഎസും തമ്മിൽ കരാർ ഉടനെന്ന് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് ഗുണകരം
ബംഗ്ലദേശ്, ചൈന, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത് ഇന്ത്യൻ വസ്ത്ര കമ്പനികൾക്ക് കൂടുതൽ ഓർഡർ ലഭിക്കാൻ വഴിയൊരുക്കും. ട്രംപ് തീരുവയുദ്ധം ആരംഭിക്കുംമുമ്പ് 7.5-15% ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾക്ക് തീരുവ.
നിലവിൽ 10% അടിസ്ഥാന തീരുവയുണ്ട്. പുറമെ ഇന്ത്യ-യുഎസ് കരാർ പ്രകാരം പ്രതീക്ഷിക്കുന്നത് പൂജ്യം മുതൽ 10% വരെ തീരുവയുമാണ്. അതായത്, അടിസ്ഥാന തീരുവയടക്കം ആകെ 20%. ഇതാകട്ടെ, ഈ രംഗത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ കുറവാണെന്നത് ഇന്ത്യൻ കമ്പനികൾക്ക് ഗുണം ചെയ്യും. ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾക്ക് തീരുവ കുറവായതിനാൽ യുഎസിലെ കമ്പനികൾ ഇന്ത്യയിൽ നിന്ന് കൂടുതലായി വാങ്ങാനാകും ശ്രമിക്കുക.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് kitexchildrenwear.comൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]