കൊച്ചി. ഇന്ത്യയിലെ മുൻനിര ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്‌നോളജി കേരളത്തിലേക്ക്. പെരുമ്പാവൂരിൽ കിൻഫ്ര വികസിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍  പാർക്കില്‍ കെയ്ന്‍സിന് ഉല്‍പാദന യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ഭൂമി അനുവദിക്കും. ഇൻഡ്‌സട്രിയൽ എസ്റ്റേറ്റിലെ ഭൂമി സന്ദർശിച്ചശേഷം സ്ഥാപനമേധാവികള്‍ വ്യവസായ മന്ത്രി പി.രാജീവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.       

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ വ്യവസായ വകുപ്പുമായി കെയ്ൻസ് കൈമാറിയ ധാരണാപത്രത്തിൽ 500 കോടി രൂപയുടെ നിക്ഷേപവും രണ്ടായിരത്തില്‍പരം തൊഴിലവസരങ്ങളുമാണ് കേരളത്തില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. വാഹനങ്ങൾ, വ്യവസായം, റയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉൽപന്നങ്ങൾ രൂപകൽപന ചെയ്ത് നിർമിക്കുന്ന, കര്‍ണാടക ആസ്ഥാനമായ കമ്പനിക്ക് നിലവിൽ കേരളത്തിനു പുറത്ത് എട്ട് ഇടങ്ങളിലാണ് ഉൽപാദന യൂണിറ്റുകളുള്ളത്. കേരളത്തിൽ കൊച്ചിയിൽ ഇവരുടെ സർവീസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്.

പെരുമ്പാവൂർ ചേലാമറ്റത്ത് ട്രാവൻകൂർ റയോൺസ് കമ്പനിയിൽ നിന്ന് സർക്കാർ ഏറ്റെടുത്ത സ്ഥലം വ്യവസായ പാര്‍ക്ക് വികസിപ്പിക്കുന്നതിന് കിന്‍ഫ്രയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

ഗവേഷണ- വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഘട്ടംഘട്ടമായി ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന യൂണിറ്റിന്റെ ആദ്യഘട്ടം ഭൂമി കൈമാറിക്കിട്ടിയാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ആവശ്യമായ ഭൂമി കെയ്ൻസ് ടെക്‌നോളജിക്ക് കൈമാറുമെന്നും ഇവരുടെ വരവിലൂടെ ഇത്തരത്തിലുള്ള കൂടുതല്‍ ഇലക്ട്രോണിക്സ് വ്യവസായങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.