
വെള്ളിയാഴ്ച ആർബിഐ നടത്തിയ ഐതിഹാസികമായ നയംമാറ്റത്തെ തുടർന്ന് ഇന്ത്യൻ വിപണി തിരിച്ചു കയറി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആർബിഐ റിപ്പോ നിരക്ക് അര ശതമാനം കുറച്ച് 5.50%ലേക്ക് എത്തിച്ചതിനൊപ്പം തികച്ചും അപ്രതീക്ഷിതമായി ക്യാഷ് റിസർവ് റേഷ്യോ നാലിൽ നിന്നും മൂന്ന് ശതമാനത്തിലേക്ക് കുറച്ചതും വിപണിയുടെ ആവേശം വർദ്ധിപ്പിച്ചു.
മുൻആഴ്ചയിൽ 24750 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച അതെ നിരക്കിൽ വ്യാപാരം തുടരവെ വന്ന ആർബിഐ പ്രഖ്യാപനങ്ങളെ തുടർന്ന് മുന്നേറിയ നിഫ്റ്റി ഒരു ശതമാനം നേട്ടത്തിൽ 25003 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 747 പോയിന്റുകൾ നേട്ടത്തിൽ 82189 പോയിന്റിലും വെള്ളിയാഴ്ച ക്ളോസ് ചെയ്തു.
വെള്ളിയാഴ്ച ആർബിഐ ഗവർണറുടെ പ്രഖ്യാപനങ്ങൾ ആരംഭിക്കുമ്പോൾ നഷ്ടത്തിൽ നിന്ന ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ യഥാക്രമം ഒന്നര ശതമാനവും, 1.8 ശതമാനവും നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. പലിശ കുറയുന്നതിന്റെ ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്ന റിയൽറ്റി സെക്ടർ വെള്ളിയാഴ്ച മാത്രം 4.70% നേട്ടമാണ് സ്വന്തമാക്കിയത്.
കുതിപ്പിന് അടിത്തറയൊരുക്കി ആർബിഐ
പണപ്പെരുപ്പനിയന്ത്രണം തന്നെയാണ് പ്രഥമലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കൊണ്ട് റിപ്പോ നിരക്ക് കുറച്ചത് പലിശ നിരക്ക് കുറക്കുകയും സിആർആർ കുറച്ചത് സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ പണമെത്തിക്കുന്നതിന് ബാങ്കുകളെ പ്രാപ്തമാക്കുകയും ചെയ്യുന്നത് പുതിയ കുതിപ്പ് നൽകും.
സെപ്റ്റംബർ മുതലാണ് ബാങ്കുകളുടെ കരുതൽ ധനാനുപാത നിരക്ക് (സിആർആർ) കുറയുന്നത്. ആർബിഐ ന്യൂട്രൽ നയം സ്വീകരിച്ചതിനാൽ ഓഗസ്റ്റിൽ നടക്കുന്ന യോഗത്തിൽ നിരക്കുകളിൽ ഇനി മാറ്റത്തിന് സാധ്യതയില്ല.
ഇന്ത്യ ജിഡിപി, സിപിഐ
ജിഡിപി ലക്ഷ്യങ്ങളിൽ മാറ്റം വരുത്താതിരുന്ന ആർബിഐ നടപ്പ് സാമ്പത്തിക വർഷത്തിലെ റീറ്റെയ്ൽ പണപ്പെരുപ്പലക്ഷ്യം 4%ൽ നിന്നും 3.7%ലേക്ക് കുറച്ചത് അനുകൂലമാണ്. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 2026 സാമ്പത്തിക വർഷത്തിൽ 6.5% വളർച്ച തന്നെ നേടുമെന്നാണ ആർബിഐ.കണക്കാക്കുന്നത്. നേരത്തെ വന്ന മൺസൂൺ മികച്ച കാർഷിക വളർച്ചക്ക് വഴിവയ്ക്കുന്നത് വിലക്കയറ്റം തടയുകയും ഒപ്പം തന്നെ ജിഡിപി വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
അടുത്ത ആഴ്ചയിൽ വരുന്ന ഇന്ത്യയുടെ മെയ് മാസത്തിലെ സിപിഐ ഡേറ്റ വിപണിക്ക് പ്രധാനമാണ്. 2024 ഒക്ടോബർ മുതൽ ക്രമാനുഗതമായി കുറഞ്ഞു വരുന്ന ഇന്ത്യൻ സിപിഐ ഏപ്രിലിൽ 3.16% മാത്രം വാർഷിക വളർച്ചയാണ് കുറിച്ചിരുന്നത്. 2025 ഫെബ്രുവരി മുതൽ ഇന്ത്യൻ സിപിഐ വളർച്ച 4%ൽ താഴെയാണെന്നതും ആർബിഐയുടെ സിപിഐ അനുമാനങ്ങളെ ശരിവയ്ക്കുന്നതാണ്.
ഓഹരികളും സെക്ടറുകളും
∙ആർബിഐ ക്യാഷ് റിസർവ് റേഷ്യോയിൽ (സിആർആർ) പ്രഖ്യാപിച്ച അപ്രതീക്ഷിത ഇളവ് ബാങ്കുകളുടെ പക്കൽ കൂടുതൽ പണമെത്തിക്കുന്നത് ബാങ്കുകളുടെ പ്രവർത്തന സ്വാതന്ത്ര്യവും വർദ്ധിപ്പിക്കും. ആർബിഐയുടെ നടപടിയോടെ കൂടുതൽ ആകർഷകമായ ബാങ്കിങ് ഓഹരികളിലേക്ക് വിദേശ ഫണ്ടുകൾ കൂടുതൽ നിക്ഷേപം എത്തിച്ചേക്കാം. ചെറുകിട ബാങ്കുകളും, ധനകാര്യ ഓഹരികളും കൂടുതൽ ആകർഷകമാണ്.
∙പലിശ നിരക്ക് കുറയുന്നത് റിയൽ എസ്റ്റേറ്റ്, ഓട്ടോ മേഖലകളെ നേരിട്ട് പിന്തുണയ്ക്കും. വെള്ളിയാഴ്ച 5% വരെ മുന്നേറിയ റിയൽറ്റി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ 9.5%വും ഒരു മാസക്കാലയളവിൽ 21.5%വും മുന്നേറിയിരുന്നു. മുൻവർഷങ്ങളിലെല്ലാം ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടം സ്വന്തമാക്കി വന്ന റിയൽ എസ്റ്റേറ്റ് സെക്ടർ ഈ വർഷത്തെ നഷ്ടങ്ങൾ ഒറ്റ മാസം കൊണ്ട് തിരിച്ചു പിടിച്ചു കഴിഞ്ഞു.
∙പലിശ നിരക്ക് കുറയുന്നത് അനുകൂലമാകുന്ന സാഹചര്യത്തിൽ ഓട്ടോ ഓഹരികളും വിദേശ ഫണ്ടുകളുടെ റഡാറിൽ വന്നേക്കാവുന്നത് അനുകൂലമാണ്. അശോക് ലൈലാൻഡിന്റെ ലക്ഷ്യം മോർഗൻ സ്റ്റാൻലി 288 രൂപയായി പുതുക്കി നിശ്ചയിച്ചു.
∙ഡിഫൻസ് ഓഹരികൾ മുന്നേറ്റം തുടരുകയാണ്. ഡിഫൻസ് ഓഹരികളിൽ കപ്പൽ നിർമാണ ഓഹരികളാണ് കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. കൊച്ചിൻ ഷിപ്യാർഡ് കഴിഞ്ഞ ആഴ്ചയിൽ മാത്രം 25% മുന്നേറ്റമാണ് നടത്തിയത്.
∙2025ൽ ഒൻപത് വൻകിട യുദ്ധക്കപ്പലുകൾ കൂടി കമ്മീഷൻ ചെയ്യാനിരിക്കുന്നവയിൽ മാസഗോൺ ഡോക്സിൽ നിന്നും, ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സിൽ നിന്നുമുള്ളവയും ഉണ്ടെന്നത് ഓഹരികൾക്ക് അനുകൂലമാണ്.
∙ഭാരത് ഇലക്ട്രോണിക്സും, ട്രെന്റ് ലിമിറ്റഡും ജൂൺ 23 മുതൽ സെൻസെക്സിൽ ഉൾപ്പെടുത്തപ്പെടുന്നത് ഇരു ഓഹരികൾക്കും അനുകൂലമാണ്. ഓഹരികൾ തുടർ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
∙സെമികണ്ടക്ടർ മേഖലയിൽ ടാറ്റ ഇലക്ട്രോണിക്സുമായി ചേർന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പ് വെച്ചതും ഭാരത് ഇലക്ട്രോണിക്സിന് അനുകൂലമാണ്.
∙ഡിഫൻസ് ഓഹരികൾക്ക് പിന്നാലെ റെയിൽ ഓഹരികളിലും മുന്നേറ്റം ആരംഭിച്ചത് ശ്രദ്ധിക്കുക.
∙പലിശ കുറയുന്നതും, കൂടുതൽ വായ്പകൾ അനുവദിക്കപ്പടുന്നതും ഇൻഫ്രാ മേഖലക്ക് അനുകൂലമാണ്. പലിശയിൽ അര ശതമാനം കുറയുന്നത് അറ്റാദായത്തിൽ വലിയ വ്യത്യാസത്തിന് തന്നെ കാരണമാകും.
∙ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച നിക്ഷേപ അവസരങ്ങളായി ജെഫറീസ് എൽ&ടിയെയും, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനെയും, സീമെൻസിനെയും, കീ ഇന്ഡസ്ട്രീസിനെയും തെരഞ്ഞെടുത്തു. എച്ച്എഎല്ലിന് 7500 രൂപ വരെ ലക്ഷ്യം കാണുന്ന ജെഫറീസ് ഏറ്റവും കുറഞ്ഞത് 6475 രൂപയെങ്കിലും പ്രതീക്ഷിക്കുന്നു.
∙ബുൾ കേസിൽ സീമെൻസിന് 4500 രൂപ വരെ പ്രതീക്ഷിക്കുന്ന ജെഫറീസ് ലാർസൺ & ടൂബ്രോക്ക് ബേസ് കേസിൽ 3965 രൂപയും ലക്ഷ്യം വയ്ക്കുന്നു.
∙ബ്ലാക്ക് റോക്കിനൊപ്പം മ്യൂച്വൽ ഫണ്ട് അനുമതി നേടിയ ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി മുന്നേറ്റം തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജരായ ബ്ലാക്ക്റോക്കിനോടൊപ്പമുള്ള മ്യൂച്വൽ ഫണ്ട് കമ്പനി ഇന്ത്യൻ വിപണിയിലും അത്ഭുതമായി മാറിയേക്കാമെന്നതിനാൽ ദീർഘകാല നിക്ഷേപകർക്ക് ഓരോ മുന്നേറ്റത്തിലും ജിയോ ഫിൻ ഓഹരി വാങ്ങിക്കൂട്ടാവുന്നതാണ്.
∙പ്രൊമോട്ടർമാർക്കൊപ്പം എൽഐസി മ്യൂച്വൽ ഫണ്ടും പ്രീഫെറെൻഷ്യൽ അലോട്ട്മെന്റ് പ്രകാരം ഓഹരിയെടുത്തത് അപ്പോളോ മൈക്രോക്ക് മികച്ച മുന്നേറ്റമാണ് നൽകിയത്. ഒരു മാസത്തിനുള്ളിൽ 75% മുന്നേറ്റം സ്വന്തമാക്കിയ ഏവിയോണിക്സ്, സ്പേസ്, ഡിഫൻസ് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയെ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
∙എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഓക്ക് അനുമതി ലഭിച്ചത് എച്ച്ഡിഎഫ്സി ബാങ്കിനും അനുകൂലമാണ്.
∙വമ്പൻ ഫിനാൻഷ്യൽ കമ്പനികൾ സെപ്റ്റംബർ അവസാനിക്കുന്നതിന് മുൻപ് ലിസ്റ്റിങ് നടത്തണെമെന്ന സെബിയുടെ അനുശാസനം നിലനിൽക്കെ ടാറ്റ ക്യാപിറ്റലിന്റെ ഐപിഓക്ക് എപ്പോൾ വേണമെങ്കിലും അനുമതി ലഭിച്ചേക്കാമെന്നത് ഓഹരിക്ക് സാധ്യതയാണ്. ഗ്രേ മാർക്കറ്റിൽ ടാറ്റ ക്യാപിറ്റലിന്റെ വില വീണ്ടും 1000 രൂപ കടന്നു.
ലോകവിപണിയിൽ അടുത്ത വാരം
∙ഇന്ത്യയുടെ മെയ് മാസത്തിലെ റീറ്റെയ്ൽ പണപ്പെരുപ്പം വ്യാഴാഴ്ചയും, കയറ്റുമതി-ഇറക്കുമതി കണക്കുകൾ വെള്ളിയാഴ്ചയും വരുന്നു.
∙ബുധനാഴ്ചയാണ് അമേരിക്കയുടെ മെയ് മാസത്തിലെ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകൾ പുറത്ത് വരുന്നത്. പിപിഐ ഡേറ്റ വ്യാഴാഴ്ചയും വരും.
∙ചൈനയുടെ മെയ് മാസത്തിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, ജപ്പാന്റെ ഒന്നാം പാദ ജിഡിപി കണക്കുകളും തിങ്കളാഴ്ച ഏഷ്യൻ വിപണിയെ സ്വാധീനിക്കും.
∙വ്യാഴാഴ്ച ബ്രിട്ടീഷ് ജിഡിപിയും, വെള്ളിയാഴ്ച്ച ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ സിപിഐയും യൂറോപ്യൻ വിപണിയെ സ്വാധീനിക്കും.
അമേരിക്കൻ വിപണി
ട്രംപിനോടിടഞ്ഞ മസ്കിന്റെ ടെസ്ല തിരിച്ചു വരവ് നടത്തിയതും, മെയ് മാസത്തിൽ അനുമാനത്തിലും മികച്ച നോൺഫാം പേറോൾ കണക്കുകൾ വന്നതും വെള്ളിയാഴ്ച അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. നാസ്ഡാക് 1.20% മുന്നേറിയപ്പോൾ ഡൗ ജോൺസും ഒരു ശതമാനം നേട്ടം കുറിച്ചു. കഴിഞ്ഞ ആഴ്ചയിൽ രണ്ടര ശതമാനം മുന്നേറിയ നാസ്ഡാക്ക് ഒരു മാസക്കാലയളവിൽ 9.9% നേട്ടമാണ് കുറിച്ചത്.
ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റുമായുള്ള വ്യാപാര ചർച്ചകൾ മുന്നോട്ട് പോകുന്നതും വിപണിയിലെ ആശങ്കകൾ ലഘൂകരിക്കുന്നതും അമേരിക്കൻ വിപണിക്ക് പിന്തുണ നൽകി. വെള്ളിയാഴ്ചത്തെ അമേരിക്കൻ വിപണി മുന്നേറ്റം തിങ്കളാഴ്ച ഏഷ്യൻ വിപണികൾക്കും അനുകൂലമായേക്കാം.
സ്വർണം
വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിടയിൽ വെള്ളിയാഴ്ച ലാഭമെടുക്കലിൽ വീണ രാജ്യാന്തര സ്വർണ വില നേട്ടങ്ങൾ കൈവിട്ടെങ്കിലും ആഴ്ച നേട്ടം കുറിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ അവധി ഔൺസിന് 3346 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.
ക്രൂഡ് ഓയിൽ
ഒപെക് ഉല്പാദനവർദ്ധന പ്രതികൂലമാണെങ്കിലും ചൈനീസ് അമേരിക്കൻ പ്രസിഡന്റ്മാരുടെ ചർച്ചകൾ ഫലപ്രദമാകുമെന്ന പ്രതീക്ഷ ക്രൂഡ് ഓയിലിന് അനുകൂലമായി. വെള്ളിയാഴ്ച ഒരു ഡോളറിൽ കൂടുതൽ മുന്നേറിയ ബ്രെന്റ് ക്രൂഡ് ഓയിൽ 66.47 ഡോളർ നിരക്കിലാണ് ക്ളോസ് ചെയ്തത്.
എന്നാൽ ബേസ് മെറ്റലുകൾ വെള്ളിയാഴ്ച ഓരോ ശതമാനം നഷ്ടമാണ് കുറിച്ചത്. കോപ്പർ വെള്ളിയാഴ്ചത്തെ ലാഭമെടുക്കലിൽ 1.72%വും, അലുമിനിയം 1%വും വീണിരുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക