
ഓപ്പറേഷൻ സിന്ദൂറിന് ശേഷം സധൈര്യം മുന്നേറിയ ഇന്ത്യൻ വിപണി ഇന്നലെ ഏറ്റവും നേട്ടമുണ്ടാക്കിയ ഓട്ടോ അടക്കമുള്ള സെക്ടറുകളിലെ ലാഭമെടുക്കലിൽ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും വിപണികൾ നഷ്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ മറ്റ് ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് 24447 പോയിന്റ് വരെ മാത്രം മുന്നേറിയ നിഫ്റ്റി അവസാന മണിക്കൂറിലെ വില്പനസമ്മർദ്ദത്തിൽ വലിയ വീഴ്ചയാണ് കുറിച്ചത്. നിഫ്റ്റി അര ശതമാനം നാശത്തിൽ 24273 പോയിന്റിലും, സെൻസെക്സ് 411 പോയിന്റുകൾ നഷ്ടമാക്കി 80334 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
മെറ്റൽ, റിയൽറ്റി സെക്ടറുകളും നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും 2%ൽ കൂടുതൽ നഷ്ടം കുറിച്ചപ്പോൾ നിഫ്റ്റി മിഡ് & സ്മോൾ ക്യാപ് സെക്ടറുകളും നിഫ്റ്റി-200 സൂചികയും ഓരോ ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു. ഇന്ത്യൻ വിപണിയിൽ ഐടി സെക്ടർ മാത്രമാണ് ഇന്ന് നഷ്ടമൊഴിവാക്കിയത്.
രൂപയ്ക്കൊപ്പം വീണ് ബാങ്കിങ്, ഫിനാൻസ്
ഫെഡ് റിസർവ് തീരുമാനങ്ങളെ തുടർന്ന് ഡോളർ ക്രമപ്പെട്ടത് ഇന്ത്യൻ രൂപക്ക് ഒരു ശതമാനത്തിലേറെ നഷ്ടം നൽകി. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 85.64/- ലേക്ക് വീണു. എച്ച്ഡിഎഫ്സി ബാങ്കും, എസ്ബിഐയും അടക്കമുള്ള ബാങ്കുകളും, ബജാജ് ഇരട്ടകളും വീണതും വിപണിക്ക് ക്ഷീണമായി.
ഓപ്പറേഷൻ സിന്ദൂർ തുടരുന്നു
ഇന്നത്തെ സർവകക്ഷി യോഗത്തിൽ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല എന്നും പാകിസ്ഥാന്റെ തുടർ പ്രകോപനങ്ങൾക്ക് മറുപടിയുണ്ടാകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവിച്ചു. ഒപ്പം പാകിസ്ഥാന്റെ തിരിച്ചടി ഇന്ത്യ പരാജയപ്പെടുത്തിയതാണെന്ന സൂചനകളും ഇന്ത്യൻ വിപണിക്ക് ആദ്യമായി യുദ്ധഭയം നൽകി.
ഇറാനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും മദ്ധ്യസ്ഥർ ഡൽഹിയിലെത്തിയത് ആശ്വാസമാണെങ്കിലും അപ്രഖ്യാപിത യുദ്ധം തുടരുന്നത് വിപണിക്ക് ക്ഷീണമാണ്. പ്രതിപക്ഷ കക്ഷികളും ഇന്ത്യൻ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ചൈന-അമേരിക്ക ചർച്ച
യൂറോപ്യൻവിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും മികച്ച നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്ക-ചൈന വ്യാപാര ചർച്ച പ്രതീക്ഷയും ഇന്ന് ഒരു പ്രധാനപ്പെട്ട രാജ്യവുമായി അമേരിക്ക വ്യാപാരക്കരാറിലെത്തും എന്ന ട്രംപിന്റെ പ്രഖ്യാപനവുമാണ് ലോക വിപണിയുടെ പ്രതീക്ഷകൾ.
ചൈനയുമായുള്ള ചർച്ചക്കായി അമേരിക്കൻ സംഘം ചൈനയിലേക്ക് തിരിച്ചു എന്ന വാർത്ത ഏഷ്യൻ വിപണികൾക്ക് പിന്തുണ നൽകി. അമേരിക്കയും ചൈനയുമായുള്ള ചർച്ചകൾ നടക്കുന്നത് ഇന്ത്യൻ വിപണിക്ക് ക്ഷീണമാണ്. ഇന്ത്യൻ മാനുഫാക്ച്ചറിങ് സെക്ടർ ചൈനീസ് ഭയത്തിൽ വീണപ്പോൾ ഇന്ത്യൻ ഓട്ടോ സെക്ടറിന് ടെസ്ല ഭയവും വിനയായി.
ഫെഡ് തീരുമാനങ്ങൾ
ഫെഡ് നിരക്കും നയങ്ങളും നിലനിർത്തിയ അമേരിക്കൻ ഫെഡ് റിസർവ് ഭരണകൂടത്തിന്റെ ഭീഷണികൾ ഫെഡ് തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ല എന്നും സൂചിപ്പിച്ചു. പണപ്പെരുപ്പ ലക്ഷ്യമടക്കം നേടുന്നതിന് വേണ്ടി ഫെഡ് തിടുക്കം കാട്ടാതെ പെരുമാറേണ്ടതാണെന്നും താരിഫ്-കളികളുടെ പ്രത്യാഘാതപഠനത്തിന് നിലവിലെ ഫെഡ് നയങ്ങൾ തന്നെയാണ് അനുയോജ്യമെന്ന് പ്രഖ്യാപിച്ച ഫെഡ് ഗവർണറുടെ പ്രസ്താവനകൾ അനുകൂലമാണ്.
ഗൂഗിളിന്റെ അപ്രതീക്ഷിത വീഴ്ച മറികടന്ന് നാസ്ഡാക്ക് ഇന്നലെ നേട്ടത്തിൽ അവസാനിച്ചതും വ്യാപാരയുദ്ധ പരിസമാപ്തി മോഹിച്ച് അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിൽ തുടരുന്നതും ലോക വിപണിക്ക് പ്രതീക്ഷയാണ്.
വീണ് സ്വർണം
അമേരിക്ക-ചൈന താരിഫ് ചർച്ച സൂചന സ്വർണത്തിന്റെ തിളക്കം കുറച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഒരു ശതമാനത്തിലേറെ വീണ് ഔൺസിന് 3347 രൂപ എന്ന നിരക്കിലാണ് തുടരുന്നത്.
അമേരിക്ക-ചൈന വ്യാപാര ചർച്ച യാഥാർഥ്യമായാൽ സ്വർണം വലിയ തിരുത്തൽ നേരിട്ടേക്കാം. ഇരു രാജ്യങ്ങളും വ്യാപാര കരാറിലേക്കെത്തിയാൽ വൻ തകർച്ച തന്നെയാകും സ്വർണത്തെ കാത്തിരിക്കുന്നത്.
ക്രൂഡ് ഓയിൽ
അമേരിക്ക-ചൈന ചർച്ച സാദ്ധ്യതകൾ ക്രൂഡ് ഓയിലിനും ബേസ് മെറ്റലുകൾക്കും വളരെ അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് ഓയിലും നാച്ചുറൽ ഗ്യാസും ഓരോ ശതമാനം നേട്ടത്തിൽ തുടരുമ്പോൾ കോപ്പറും വെള്ളിയും നഷ്ടത്തിലാണ് തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ഡോക്ടർ റെഡ്ഡീസ്, എബിബി, ബിർള കോർപ്, നവീൻ ഫ്ളോറിൻ, മാപ് മൈ ഇന്ത്യ, തെർമാക്സ് , സ്വിഗ്ഗി, ബാങ്ക് ഓഫ് ഇന്ത്യ, മണപ്പുറം, ധനലക്ഷ്മി ബാങ്ക്, പിടിസി ഇന്ത്യ, കെപിആർ മിൽസ്, റിലാക്സോ, ഇന്റലെക്ട് ഡിസൈൻ, എൻഡിആർ ഓട്ടോ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
തകർന്ന് ഓട്ടോ
ഇന്ത്യ പല മേഖലകളിലും തീരുവ ഒഴിവാക്കുന്നുവെന്ന ട്രംപിന്റെ വീരവാദവും ഇന്ത്യൻ വിപണിക്ക് കെണിയാണ്. ട്രംപിന്റെ വമ്പ് പറച്ചിൽ ശരിയാണെങ്കിൽ ഇന്ത്യ തീരുവ ഒഴിവാക്കുന്ന സെക്ടറുകൾ വിപണിയിൽ വില്പന സമ്മർദ്ദം നേരിട്ടേക്കാം. അങ്ങനെ വന്നാൽ ടെസ്ലക്ക് തീരുവ ഒഴിവായേക്കുമെന്ന് തന്നെയാണ് വിപണിയുടെ ഊഹങ്ങൾ.
ടാറ്റ മോട്ടോഴ്സ് ഒഴികെയുള്ള ഓട്ടോ ഓഹരികളെല്ലാം ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
മികച്ച റിസൾട്ടുകളുമായി എസി ഓഹരികൾ
വോൾട്ടാസ്, ബ്ലൂസ്റ്റാർ, സിംഫണി, റെഫെക്സ് മുതലായ കമ്പനികളുടെ മികച്ച റിസൾട്ടുകൾ കൂളിങ് ഉത്പന്ന മേഖലക്ക് മുന്നേറ്റം നൽകി. എയർ കണ്ടീഷണറുകളുടെ കോൺട്രാക്ട് ഉത്പാദകരായ ആംബർ എന്റർപ്രൈസസ് 6% നേട്ടമുണ്ടാക്കിയെങ്കിലും നഷ്ടം നേരിട്ടു.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക