ഇറാനും യുഎസും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ ഇടനിലനിന്ന പാക്കിസ്ഥാന്റെ ഓഹരി വിപണി (പിഎസ്എക്സ്) ഇന്ന് നടത്തിയത് വമ്പൻ മുന്നേറ്റം. പ്രധാനസൂചികയായ കെഎസ്ഇ-100 (കറാച്ചി) 14,000ലേറെ പോയിന്റ് കുതിച്ചു.
പാക്കിസ്ഥാൻ സമയം വൈകിട്ട് 3.08 ആയപ്പോഴേക്കും സൂചികയുള്ളത് 13,925 പോയിന്റ് (+9.18%) നേട്ടത്തിൽ.
പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന കുതിപ്പാണിത്. 2025 മേയ് 12ന് രേഖപ്പെടുത്തിയ 10,123 പോയിന്റിന്റെ റെക്കോർഡ് പഴങ്കഥയായി.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന് അയവുവന്ന പശ്ചാത്തലത്തിലായിരുന്നു ആ റെക്കോർഡ്.
ആഘോഷമാക്കി പാക്കിസ്ഥാൻ, പ്രതിഷേധം തണുപ്പിക്കാനുള്ള പിടിവള്ളി
ഇറാൻ-യുഎസ് വെടിനിർത്തലിന് പങ്കുവഹിച്ചത് പാക്കിസ്ഥാൻ സർക്കാർ വലിയ നേട്ടമായാണ് കാണുന്നത്. ആഗോളതലത്തിൽ നയതന്ത്ര നേട്ടമായി അവർ ഇതിനെ ഉയർത്തിക്കാട്ടുന്നുമുണ്ട്.
മറ്റൊന്ന്, സാമ്പത്തികാശ്വാസമാണ്. സംഘർഷത്തിൽ ഏറ്റവുമധികം സാമ്പത്തികാഘാതം നേരിട്ട
രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ.
ക്രൂഡ് ഓയിൽ വിലവർധനയെ തുടർന്ന് പെട്രോൾ, ഡീസൽ വില 50 ശതമാനത്തിലധികം കൂട്ടിയത് രാജ്യത്ത് കടുത്ത പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികളിലേക്കും സർക്കാർ കടന്നിരുന്നു.
ഇതിനിടെയാണ്, വെടിനിർത്തലിന് മുൻകൈ എടുത്തതെന്നതാണ് പാക്കിസ്ഥാൻ സർക്കാർ പ്രതിഷേധങ്ങളിൽ നിന്ന് കരകയറാനുള്ള ആയുധമാക്കുന്നത്.
റെക്കോർഡ് ഇട്ട് വീഴ്ചയും
ഹോർമുസിൽ ഉൾപ്പെടെ പ്രതിസന്ധി മാറുന്നത് പാക്കിസ്ഥാന് ആശ്വാസമാകും. സംഘർഷ പശ്ചാത്തലത്തിലും ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ മരണ വാർത്തകളെ തുടർന്നും മാർച്ച് 2ന് കെഎസ്ഇ-100 സൂചിക 16,089 പോയിന്റ് (-9.57%) തകർന്നടിഞ്ഞിരുന്നു.
റെക്കോർഡ് ഏകദിന നഷ്ടമാണിത്.
മിണ്ടാതെ അമേരിക്ക
ഏപ്രിൽ 10ന് ഇസ്ലാമാബാദിൽ യുഎസ്-ഇറാൻ അധികൃതർ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ച നടത്തുമെന്നാണ് പാക്കിസ്ഥാനി സർക്കാർ പറയുന്നത്. ഇതിന് ഇറാൻ സമ്മതം അറിയിച്ചുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, യുഎസ് ഇതുവരെ പങ്കെടുക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം ഷെഹബാസ് ഷെരീഫ് യുഎസിന് കൈമാറിയിരുന്നു. എന്നാൽ, പ്രസിഡന്റ് ട്രംപ് തീരുമാനിക്കുംവരെ ഒരുകാര്യവും അന്തിമമല്ലെന്നാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പ്രതികരിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

