
ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ റെസിപ്രോക്കൽ താരിഫുകൾ മൂന്ന് മാസത്തേക്ക് മരവിപ്പിക്കുന്നു എന്ന വ്യാജവാർത്തയുടെ പിൻബലത്തിൽ ഇന്നലെ തിരിച്ചു കയറിത്തുടങ്ങിയ അമേരിക്കൻ വിപണി മിക്സഡ് ക്ളോസിങ് നടത്തിയതോടെ ഇന്ന് മറ്റ് വിപണികളും നേട്ടം കുറിച്ചു. ചൈനക്കെതിരെ വീണ്ടും 50% താരfഫ് എന്ന ഭീഷണി മുഴക്കിയ അമേരിക്കയുമായി യൂറോപ്യൻ യൂണിയനും ജപ്പാനും ചർച്ചക്ക് സന്നദ്ധമായതും വിപണിയെ സ്വാധീനിച്ചു.
ജാപ്പനീസ് വിപണി ഇന്ന് 6% മുന്നേറ്റം നേടി. ചൈന പോസിറ്റീവ് ക്ളോസിങ് നടത്തിയപ്പോൾ ജർമനിയും, ഫ്രാൻസും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിൽ വ്യാപാരം തുടരുന്നു..
22700 പോയിന്റിലെ കടമ്പ കടക്കാനാകാതെ നിഫ്റ്റിയുടെ ഇന്നത്തെ നേട്ടം 1.69%ൽ 22535 പോയിന്റിൽ ഒതുങ്ങി. സെൻസെക്സ് 1089 പോയിന്റ് നേട്ടത്തിൽ 74227 പോയിന്റിലും ക്ളോസ് ചെയ്തു. നിഫ്റ്റി മിഡ്-സ്മോൾ ക്യാപ് സൂചികകളും, നിഫ്റ്റി നെക്സ്റ്റ്-50യും 2%ൽ കൂടുതൽ നേട്ടമുണ്ടാക്കിയത് നിക്ഷേപകരുടെ നഷ്ട വ്യാപ്തി കുറച്ചു. ഇന്ത്യ വിക്സ് ഇന്ന് 10% കുറഞ്ഞു.
വീണ് രൂപ
അമേരിക്കൻ ഫെഡ് റിസർവിന്റെ ഇന്നലെത്തെ യോഗം ഡോളറിന് മുന്നേറ്റം നൽകിയപ്പോൾ ഇന്ത്യൻ രൂപ നഷ്ടം കുറിച്ചു. അമേരിക്കൻ ഡോളറിനെതിരെ 86.15/- നിരക്കിലാണ് രൂപ വ്യാപാരം തുടരുന്നത്. രൂപയുടെ വീഴ്ച ഇന്ത്യൻ വിപണിക്ക് അതിമുന്നേറ്റം നിഷേധിച്ചു.
കൂടിയ തീരുവകൾ മൂലം അമേരിക്ക മാന്ദ്യഭീഷണി നേരിടുന്നത് തടയാൻ ഫെഡ് റിസർവ് നിരക്കുകൾ കൂടുതൽ തവണ കുറക്കുക തന്നെ വേണ്ടി വരുമെന്നാണ് യുബിഎസിന്റെ അനുമാനം.
നാളെ കാലത്ത് പത്ത് മണിക്ക് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പണനയാവലോകനയോഗതീരുമാനങ്ങൾ പ്രഖ്യാപിക്കും. ആർബിഐ നയപ്രഖ്യാപനസമയത്ത് ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽറ്റി ഓഹരികൾ വിപണിയുടെ ശ്രദ്ധ ആകർഷിക്കും.
വിട്ടുവീഴ്ചയില്ലാതെ ട്രംപ്
ട്രംപിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്ക് മുന്നിൽ കൂടുതൽ രാജ്യങ്ങൾ തീരുവ ചർച്ചകൾക്കായി സന്നദ്ധമായി വരുന്നതും, ഇന്ത്യയുമായുള്ള ചർച്ചകൾ തുടരുന്നതും നേട്ടമായി തന്നെ ഉയർത്തിക്കാട്ടുന്നതിനിടയിൽ കൂടുതൽ തന്ത്രങ്ങൾ ട്രംപ് പയറ്റുന്നതും ലോക വിപണിയുടെ താളം തെറ്റിച്ചേക്കാം. ഇന്ത്യയുമായുള്ള അമേരിക്കൻ ചർച്ചകൾ ഫലം കാണുന്നത് തന്നെയാകും ഇന്ത്യൻ വിപണിയുടെ അടുത്ത വഴിത്തിരിവ്.
ചൈനക്ക് മേൽ വീണ്ടും താരിഫ് ഭീഷണി മുഴക്കിയ ട്രംപിന് ചൈന അതെ നാണയത്തിൽ മറുപടി കൊടുത്തത് ഇന്ത്യക്ക് അമേരിക്കയിൽ അവസരം നൽകുമെങ്കിലും, ചൈനയിൽ നിന്നും കൂടുതൽ ഡംപിങ് ഇന്ത്യയിലേക്ക് നടന്നേക്കാവുന്നത് ഇനി ഇന്ത്യയുടെ ഭീഷണിയാണ്.
സ്വർണം
താരിഫ് യുദ്ധം വീണ്ടും കനക്കുന്നത് ലാഭമെടുക്കലിന് ശേഷം സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി.
ക്രൂഡ് ഓയിൽ
കഴിഞ്ഞ ഒരാഴ്ചയിൽ 13% തകർന്ന് പോയ ക്രൂഡ് ഓയിൽ വില ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റത്തിലാണ് വ്യാപാരം തുടരുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ 64 ഡോളറിൽ വ്യാപാരം തുടരുന്നു. വ്യാപാര യുദ്ധത്തിൽ അയവ് വരുന്നതും, ഒപെകിന്റെ അനുകൂല തീരുമാനങ്ങളും ക്രൂഡ് ഓയിലിന് പ്രതീക്ഷയാണ്.
എന്നാൽ ഇതേ നില തുടരുകയാണെങ്കിൽ 2025 ഡിസംബർ ആകുമ്പോഴേക്കും ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 62 ഡോളറിൽ അനുമാനിക്കുന്ന ഗോൾഡ് മാൻ സാക്സ് സാമ്പത്തിക മാന്ദ്യം അമേരിക്കയെ പിടികൂടിയാൽ 2026 ഡിസംബറിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 40 ഡോളറിലേക്ക് വീഴുമെന്നും അനുമാനിക്കുന്നു.
ബേസ് മെറ്റലുകൾ
സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ വല്ലാതെ വീണു പോയ ബേസ് മെറ്റലുകളിന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. സ്വർണത്തിനും വെള്ളിക്കുമൊപ്പം മുന്നേറിയ കോപ്പർ ഏഷ്യ വിപണി സമയത്ത് 2% നേട്ടമുണ്ടാക്കിക്കഴിഞ്ഞു. അലുമിനിയവും,സിങ്കും, നിക്കലും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
കോപ്പർ കഴിഞ്ഞ ആഴ്ചയിൽ 13% നഷ്ടം കുറിച്ചിരുന്നു.
മെറ്റൽ ഓഹരികൾ
സാമ്പത്തിക മാന്ദ്യഭീഷണിയിൽ വല്ലാതെ തകർന്നു പോയ മെറ്റൽ ഓഹരികൾ ഇന്ന് പോസിറ്റിവ് ക്ളോസിങ് നേടി. നിഫ്റ്റി മെറ്റൽ സൂചിക ഇന്ന് 1.52% നേട്ടമുണ്ടാക്കി. രാജ്യാന്തര വിപണിയിൽ ലോഹ വിലകൾ മുന്നേറ്റം നേടുകയും, മാന്ദ്യ ഭീഷണിയിൽ അയവ് വരികയും ചെയ്താൽ മെറ്റൽ ഓഹരികളും തിരിച്ചു വരവ് നടത്തിയേക്കാം.
ഫിനാൻസ് ഓഹരികൾ മുന്നേറി
നാളെ ആർബിഐയുടെ പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ നയപ്രഖ്യാപനം നടക്കാനിരിക്കെ എൻബിഎഫ്സി ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. ഇന്ന് 1.6% നേട്ടമുണ്ടാക്കിയ ഫിൻ നിഫ്റ്റി തുടർന്നും മുന്നേറ്റ പ്രതീക്ഷയിലാണ്.
ജിയോ ഫിനാൻസ്
ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഉപ കമ്പനിയായ ജിയോ ഫിനാൻസ് ലിമിറ്റഡ് ഡിജിറ്റൽ വായ്പ മേഖലയിലേക്ക് കടന്നത് ഓഹരിക്ക് ഇന്ന് മുന്നേറ്റം നൽകി. ഓഹരികൾ ഈട് വച്ച് നിക്ഷേപകർക്ക് വായ്പ നൽകുന്നതിനുള്ള അനുമതി ലഭിച്ച ജിയോ ഫിനാൻസിന് മ്യൂച്ച്വൽ ഫണ്ടുകൾ പണയമായി സ്വീകരിച്ചും വായ്പ കൊടുക്കാനാകും.
ജിയോ ഫിനാൻഷ്യൽ സർവീസസിന്റെയും, ബ്ലാക്ക് റോക്കിന്റെയും മ്യൂച്ച്വൽ ഫണ്ട് കമ്പനിക്കായുള്ള അനുമതിക്കായാണ് വിപണി കാത്തിരിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക