
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യാന്തര എൽപിജി വില 63% വരെ വർധിച്ചിട്ടും ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് സിലിണ്ടർ വിറ്റതുമൂലം എണ്ണക്കമ്പനികൾക്ക് 41,338 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു നികത്താനാണ് നികുതിയിലും സിലിണ്ടർ വിലയിലുമുള്ള വർധനയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറയുന്നു.
നികുതിയായി പിരിച്ചെടുക്കുന്ന തുക കമ്പനികൾക്ക് കൈമാറും. വിലയിലുള്ള കുറവ് മുതലെടുത്ത് നികുതി വരുമാനം ഉയർത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇന്ധനവില കുറയുമോ?
നിലവിൽ എണ്ണക്കമ്പനികളുടെ പക്കലുള്ളത് 75 ഡോളറിന് മുകളിലുള്ള നിരക്കിൽ വാങ്ങിയ 45 ദിവസത്തോളം പഴക്കമുള്ള ക്രൂഡ് ഓയിൽ സ്റ്റോക്ക് ആണ്. ക്രൂഡ് വിലയിൽ ഇപ്പോഴുണ്ടായിരിക്കുന്ന കുറവ് കുറച്ചുസമയം കൂടി കഴിഞ്ഞു മാത്രമേ റീട്ടെയ്ൽ നിരക്കിൽ പ്രതിഫലിക്കൂ എന്നു മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. രാജ്യാന്തര വില ഉടൻ 75 ഡോളറെന്ന ഉയർന്ന നിരക്കിലേക്ക് തിരികെപ്പോകാൻ ഇടയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിലയുടെ 60% നികുതി
ഇന്ധനവിലയുടെ ഏകദേശം 60 ശതമാനവും നികുതിയിനത്തിൽ നൽകുന്ന രാജ്യത്താണ് വീണ്ടും പെട്രോളിനും ഡീസലിനും നികുതി വർധിപ്പിച്ചത്. നിലവിൽ കൊച്ചിയിൽ പെട്രോളിന് 105.57 രൂപയും ഡീസലിന് 94.56 രൂപയുമാണ്. 94 രൂപയ്ക്ക് ഡീസൽ വിൽക്കുമ്പോൾ കമ്പനികൾക്കു ലഭിക്കുന്നത് 56 രൂപയാണ്. 3 രൂപ ഡീലർമാർക്കും ലഭിക്കുന്നു. 35 രൂപയാണ് ഡീസലിനുള്ള നികുതി. പെട്രോളിന് 40 രൂപയ്ക്കു മുകളിൽ.
കമ്പനികൾ 5 രൂപ കുറച്ചാൽ നികുതി ഉൾപ്പെടെ 8 രൂപ വരെ സംസ്ഥാനത്ത് കുറയാനുള്ള സാധ്യതയുണ്ട്. ജനങ്ങൾക്കു ലഭിക്കേണ്ട ലാഭം കേന്ദ്രസർക്കാർ അടിച്ചു മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്നും ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.
കേന്ദ്ര നികുതി ഇങ്ങനെ
പെട്രോൾ: ലീറ്ററിന് 21.9 രൂപ
(അടിസ്ഥാന എക്സൈസ് തീരുവ: 1.4 രൂപ, സ്പെഷൽ അഡീഷനൽ എക്സൈസ് നികുതി: 13 രൂപ, കൃഷി, അടിസ്ഥാന സൗകര്യ, വികസന സെസ്: 2.5 രൂപ, റോഡ്–അടിസ്ഥാന സൗകര്യ വികസന സെസ്: 5 രൂപ)
ഡീസൽ: ലീറ്ററിന് 17.8 രൂപ
(അടിസ്ഥാന എക്സൈസ് തീരുവ: 1.8 രൂപ, സ്പെഷൽ അഡീഷനൽ എക്സൈസ് നികുതി: 10 രൂപ, കൃഷി, അടിസ്ഥാന സൗകര്യ, വികസന സെസ്: 4 രൂപ, റോഡ്–അടിസ്ഥാന സൗകര്യ വികസന സെസ്: 2 രൂപ)
കേരളം
പെട്രോൾ
വിൽപന നികുതി: 30.08%, അഡീഷനൽ വിൽപന നികുതി: 1 രൂപയും ഒരു ശതമാനം സെസും, സാമൂഹിക സുരക്ഷാ സെസ്: 2 രൂപ.
ഡീസൽ
വിൽപന നികുതി: 22.76% , അഡീഷനൽ വിൽപന നികുതി: 1 രൂപയും ഒരു ശതമാനം സെസും. സാമൂഹിക സുരക്ഷാ സെസ്: 2 രൂപ