
വേനൽ ചൂടിൽ നിന്നും രക്ഷ നേടാൻ അല്പം ചെമ്പരത്തി സ്ക്വാഷ് ആയാലോ? ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ചെമ്പരത്തിയിൽ നിന്നും പാനീയങ്ങൾ നിർമിച്ചു വിപണിയിലെത്തിക്കുകയാണ് ലിസ്മാസ് എന്ന ബ്രാൻഡും സംരംഭക ദമ്പതിമാരായ വലേറിയനും ഭാര്യ ലിസിയും
നേരായ മാർഗത്തിൽ വരുമാനം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്ക് മുന്നിലും മാർഗങ്ങൾ അനവധിയാണെന്നു തെളിയിക്കുകയാണ് കൊച്ചി, ഇരുമ്പനം സ്വദേശികളായ വലേറിയനും ലിസിയും. സംരംഭക ദമ്പതിമാരായ ഇവരെ സംരംഭകത്വത്തിലേക്ക് എത്തിച്ചത് വീട്ടുമുറ്റത്തെ സമൃദ്ധമായ ചെമ്പരത്തികളാണ്. താളിയുണ്ടാക്കാനും ചായയുണ്ടാക്കാനും ഒക്കെ ഉപയോഗിക്കുന്ന ചെമ്പരത്തിയിൽ നിന്നും ശീതളപാനീയങ്ങളും നിർമിക്കാമെന്ന് വലേറിയനും ഭാര്യ ലിസിയും മനസിലാക്കുന്നത് കോഴിക്കോട് നടന്ന ഒരു കാർഷികോൽപ്പന്ന മേളയിലൂടെയാണ്. അന്ന് അതിന്റെ നിർമാതാക്കളോട് നിർമാണ രീതിയെപ്പറ്റി ഏറെ അന്വേഷിച്ചെങ്കിലും അവർ തങ്ങളുടെ ട്രേഡ് സീക്രട്ട് പുറത്ത് പറയാൻ തയ്യാറായില്ല.
എന്നാൽ ആഗ്രഹിച്ച കാര്യത്തിൽ നിന്നും പിന്മാറാൻ ഇരുവരും തയ്യാറായില്ല. വീട്ടിൽ സമൃദ്ധമായി നിൽക്കുന്ന ചെമ്പരത്തിയിൽ നിന്നും അധികവരുമാനമുണ്ടാക്കാനുള്ള മാർഗമായി ഇരുവരും ഇതിനെ കണ്ടു. തുടർന്ന് കാർഷികരംഗത്തെയും ഭക്ഷ്യോൽപ്പന്ന നിർമാണരംഗത്തെയും പരിചയസമ്പന്നരായ ആളുകളോട് ചെമ്പരത്തിയിൽ നിന്നുള്ള ശീതളപാനീയങ്ങളുടെ നിർമാണത്തെപ്പറ്റി ചോദിച്ചു മനസിലാക്കി. കാർഷിക സംരംഭകത്വ രംഗത്ത് ഏറെ നാളായി പ്രവർത്തിക്കുന്ന ഇരുവരും കിട്ടിയ നിർദേശങ്ങളിലൂടെ പാനീയത്തിന്റെ നിർമാണം ആരംഭിച്ചു. സ്വയം രുചിച്ചു നോക്കി ഇഷ്ടമായപ്പോൾ അടുത്തുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി. മികച്ച അഭിപ്രായങ്ങൾ എല്ലാവരിൽ നിന്നും ലഭിച്ചതോടെ ചെമ്പരത്തിയിൽ നിന്നുള്ള സ്ക്വാഷും ജ്യൂസും വിപണിയിലെത്തിക്കാൻ ഇരുവരും തീരുമാനിച്ചു.
ഗുണമേന്മയിൽ മുന്നിൽ
ചെമ്പരത്തിയിൽ നിന്നും നിർമിക്കുന്ന സ്ക്വാഷ്, ജ്യൂസ് എന്നിവ മറ്റു ശീതളപാനീയങ്ങളേക്കാൾ ഗുണമേന്മയിൽ ഏറെ മുന്നിലാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഇവ എന്നതിനാൽ ശരീരത്തിനും മനസിനും കുളിർമയും ആരോഗ്യവും നൽകുന്നു. മാത്രമല്ല, ചർമത്തിന്റെ തിളക്കത്തിനും ഏറെ നല്ലതാണ്. ഇത്തരം ആരോഗ്യപരമായ ഗുണങ്ങളാണ് വലേറിയന്റെയും ലിസിയുടെയും ഉൽപ്പന്നത്തിന്റെ ഹൈലൈറ്റ്.
വീടിനു ചുറ്റും കാട് പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന ചുവന്ന ചെമ്പരത്തിയുടെ ലഭ്യതയാണ് ഒരു ബ്രാൻഡാക്കി ചെമ്പരത്തി പാനീയങ്ങൾ വിപണിയിലെത്തിക്കണം എന്ന ചിന്തയിലേക്ക് ഇവരെ എത്തിച്ചത്. ഏതാനും നാളുകളുടെ നിരീക്ഷണ – പരീക്ഷണങ്ങൾക്കൊടുവിൽ ആറു മാസത്തോളം ഷെൽഫ് ലൈഫുള്ള, ചെമ്പരത്തി സ്ക്വാഷ് വികസിപ്പിച്ചെടുക്കാൻ സാധിച്ചു. വെള്ളം ചേർത്ത് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ചെമ്പരത്തി ജൂസും ഇതിനൊപ്പം നിർമിക്കുന്നുണ്ട്. എന്നാൽ അതിനു ഷെൽഫ് ലൈഫ് കുറവാണ്. തുറന്നാൽ ഉടൻ ഉപയോഗിക്കണം.
”പണ്ട് മുതലേ കാർഷിക രംഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇഷ്ടമായിരുന്നു. നല്ല ഉൽപ്പന്നം ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ കിട്ടുന്ന സന്തോഷം മുൻനിർത്തിയാണ് എല്ലാം ചെയ്യുന്നത്. കൃത്രിമമായ നിറങ്ങളോ, ചേരുവകളോ ചേർക്കാതെയാണ് ഇത് ഞങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്നത്. ഇപ്പോൾ കേട്ടറിഞ്ഞു നിരവധിയാളുകൾ ഉൽപ്പന്നം ആവശ്യപ്പെട്ടു വിളിക്കാറുണ്ട്.” വലേറിയൻ പറയുന്നു.
ഉപഭോക്താക്കളാണ് പിന്തുണ
ഉപയോഗിച്ചവരിൽ നിന്നെല്ലാം നല്ല അഭിപ്രായം കേൾക്കാൻ തുടങ്ങിയതോടെയാണ് ഇവർ ലിസ്മാസ് എന്ന ബ്രാൻഡിൽ ഉൽപ്പന്നം വിപണിയിൽ എത്തിക്കാൻ തുടങ്ങിയത്. ഭാര്യ ലിസിയുടെ പേരിനോട് ചേർത്താണ് ബ്രാൻഡ് നെയിം ആയ ലിസ്മാസ് സ്വീകരിച്ചത്. ചുവന്ന നിറത്തിൽ ചില്ലുകുപ്പികളിൽ വിപണിയിലെത്തുന്ന ചെമ്പരത്തി സ്ക്വാഷ് ഉപഭോക്താക്കളെ വളരെ വേഗത്തിൽ ആകർഷിച്ചു. “കെമിക്കൽ ചേരുവകളോ, പ്രിസർവേറ്റിവുകളോ ചേർക്കാതെയാണ് നിർമാണം. അതിനാൽ ആരോഗ്യപരമായി യാതൊരു ദോഷവും ഉണ്ടാകുന്നില്ല. രക്തം ശുദ്ധീകരിക്കാനും നിറം വയ്ക്കാനും ഇത് നല്ലതാണ് എന്നതിനാൽ ഉപഭോക്താക്കൾ ഈ ഉൽപ്പന്നം ആവർത്തിച്ചു വാങ്ങുന്നുണ്ടെ”ന്ന് വലേറിയൻ പറഞ്ഞു.
ബോട്ടിലിന് 500 രൂപ
ചെമ്പരത്തിപ്പൂവിന്റെ ഇതൾ അടർത്തിയെടുത്ത് വെള്ളം അടുപ്പിൽ വച്ചു ചെമ്പരത്തി ഇതളിട്ടു നന്നായി തിളപ്പിച്ച് പൂവിന്റെ കളർ മുഴുവൻ വെള്ളത്തിൽ കലർന്നു വരുമ്പോൾ അരിച്ചെടുത്തു പഞ്ചസാര ചേർത്ത് നന്നായി തിളപ്പിച്ചാണ് നിർമാണം. ഇതിൽ കേടുകൂടാതെ ഇരിക്കുന്നതിനായി ചേർക്കുന്ന നാരങ്ങാ പോലും വീട്ടിൽ കൃഷി ചെയ്യുന്നതാണ്. പഞ്ചസാര ഒഴിവാക്കി കുറേകൂടി ആരോഗ്യകരമാക്കുന്നതിന്റെ ഭാഗമായി സ്റ്റിവിയ ഉപയോഗിച്ച് നോക്കിയെങ്കിലും സ്വാദിൽ വ്യത്യാസം വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. പകരം തേൻ ചേർക്കാമെന്നു വച്ചാൽ ഉൽപ്പാദന ചെലവ് കൂടും.
നിലവിൽ ഒരു ലിറ്റർ ബോട്ടിലിന് 500 രൂപയാണ് വില. ഒരു ലിറ്ററിൽ നിന്നും നാല് ലിറ്റർ പാനീയം ഉണ്ടാക്കാൻ കഴിയും. കാർഷിക സംഘങ്ങൾ മുഖാന്തിരവും എക്സ്പോ വഴിയും ലിസ്മാസ് ഹിബിസ്കസ് സ്ക്വാഷ് ധാരാളമായി വിറ്റു പോകുന്നുണ്ട്. ഓൺലൈൻ വഴി ഓർഡർ നൽകുന്നവർക്ക് എത്തിച്ചു നൽകുന്നുമുണ്ട്. ഭാവിയിൽ കടകളിലൂടെ ഉൽപ്പന്നം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് വലേറിയനും ലിസിയും.
ലിസ്മാസ് ഹിബിസ്കസ് പാനീയങ്ങൾക്ക് ഓർഡറുകൾ വർധിച്ചതോടെ വീടിനു സമീപത്തെ പറമ്പിൽ കൂടുതൽ ചെമ്പരത്തി തൈകൾ നട്ട് സംരക്ഷിച്ചിട്ടുണ്ട്. ഓർഡറുകൾ കൂടുമ്പോൾ പൂക്കൾ മറ്റു കർഷകരിൽ നിന്നും ശേഖരിക്കുന്നതിനായുള്ള കാര്യങ്ങളും ഇവർ ചെയ്തിട്ടുണ്ട്. ഏത് സീസണിലും പൂക്കൾ ലഭിക്കും എന്നത് ഒരു നേട്ടമാണ്.
ചെമ്പരത്തിയിൽ നിന്നുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങൾക്ക് ഒപ്പം മുരിങ്ങയിലപ്പൊടി, മുരിങ്ങയില ചമ്മന്തിപ്പൊടി എന്നിവയും ഇവർ വിപണിയിൽ എത്തിക്കുന്നു. വീട്ടിൽ ഓർഗാനിക് വിഭവങ്ങൾ മാത്രം ഉപയോഗിക്കുന്ന ഇവർക്ക് ജനങ്ങൾക്ക് നല്ല ആഹാരം നൽകണമെന്ന വലിയ ലക്ഷ്യമാണ് മനസിലുള്ളത്. കഴിഞ്ഞ മൂന്നു വർഷക്കാലമായി ചെമ്പരത്തി, മുരിങ്ങയില ഉല്പന്നങ്ങളിലൂടെയാണ് ഈ സംരംഭക ദമ്പതിമാർ ഉപജീവനമാർഗം കണ്ടെത്തുന്നത്.