കോഴിക്കോട്∙പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷാവസ്ഥ സംസ്ഥാനത്തെ നോമ്പുകാല വിപണിയെയും ബാധിക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായെങ്കിലും കേരളത്തിലെ റമസാൻ നോമ്പുകാല വിപണികൾ പതിവു പോലെ സജീവം.
സംഘർഷം ഒരാഴ്ച പിന്നിടുമ്പോഴും നോമ്പുകാലത്തിന്റെ തുടക്കത്തിൽ സജീവമായ പഴം–പച്ചക്കറി വിപണിയെ യുദ്ധഭീതി ബാധിച്ചിട്ടില്ല. മറിച്ച് കയറ്റുമതിയിൽ ഉണ്ടായ ഇടിവ് പ്രാദേശിക വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉയരാനും വിലക്കുറവിനുമുള്ള സാധ്യത തുറന്നു.
കയറ്റുമതിയിലുണ്ടായ തടസ്സങ്ങളല്ലാതെ ജില്ലയിലെ പഴം–പച്ചക്കറി വിപണികളെ നിലവിലെ സാഹചര്യം ബാധിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ വെജിറ്റബിൾ മാർക്കറ്റ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്
പറഞ്ഞു.
വിമാന നീക്കങ്ങളുടെ തടസ്സങ്ങളിൽ കയറ്റുമതി തടസ്സപ്പെട്ടതോടെ വിപണിയിൽ കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത അൽപം ഉയരുകയാണുണ്ടായത്. ഇത് ഫലത്തിൽ പ്രാദേശിക വിപണിയിലെ വിലക്കുറവിനും ഇടയാക്കി.
അതിനാൽ തന്നെ റമസാൻ നോമ്പുകാലത്ത് പതിവിലും സജീവമായാണ് കോഴിക്കോട് നഗരത്തിലെയും മറ്റു പ്രദേശങ്ങളിലെയും പഴം–പച്ചക്കറി വിപണി മുന്നോട്ടു പോകുന്നത്. ഇന്ധന വില ഉയർന്നാൽ വരും ആഴ്ചകളിൽ അതിന്റെ പ്രതിഫലനം വിപണിയിൽ ഉണ്ടാകാൻ ഇടയുണ്ടെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
യുദ്ധഭീതി വിപണിയെ ബാധിച്ചിട്ടില്ലെന്ന് കേരള വ്യാപാരി വ്യവസായി ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽ കുമാറും പറഞ്ഞു.
ഭക്ഷ്യ അനുബന്ധ കയറ്റുമതിക്കാരെയാണ് നിലവിലെ സാഹചര്യം കാര്യമായി ബാധിച്ചത്. പ്രാദേശിക വിപണിയിൽ ഇതിന്റെ പ്രതിഫലനങ്ങളില്ല.
റമസാൻ മുന്നിൽ കണ്ട് വ്യാപാരികൾ കൂടുതൽ സറ്റോക്ക് ഉറപ്പാക്കിയതിനാൽ സാധനങ്ങളുടെ ദൗർലഭ്യവും ഇല്ല. ചെറിയ പെരുന്നാളിനോട് അടുപ്പിച്ചാണു സാധാരണ വസ്ത്രവ്യാപാര വിപണി ഉഷാറാകാറുള്ളത്.
ഇറാൻ സമീപത്തെ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് പ്രസ്താവിച്ചത് സമ്മർദത്തിനു നിലവിൽ അയവുണ്ടാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ സംഘർഷത്തിനു കൂടുതൽ അയവുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇതോടെ കയറ്റുമതിക്കും സാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയാണുള്ളത്. യുദ്ധഭീതി അകലുന്നതോടെ വസ്ത്ര വിപണിയും റമസാൻ അനുബന്ധ വിപണിയും പതിവുപോലെ സജീവമാകുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.
വസ്ത്ര വിപണി അടുത്ത ആഴ്ചയോടെ സജീവമാകുമെന്ന പ്രതീക്ഷയാണ് കോഴിക്കോട് എസ്എം സ്ട്രീറ്റിലെ വസ്ത്രവ്യാപാരികളും പങ്കുവയ്ക്കുന്നത്.
2025–26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദങ്ങളിൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള കാർഷികോൽപന്ന കയറ്റുമതി മികച്ച കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അവസാന പാദത്തിൽ അപ്രതീക്ഷിതമായുണ്ടായ സംഘർഷം കരിപ്പൂരിൽനിന്നുള്ള കാർഷികോൽപന്ന വിപണിയെ സാരമായി ബാധിച്ചതായാണ് കേരള എക്സ്പോർട്ട് ഫോറം പ്രതിനിധികൾ പറയുന്നത്.
വയനാട്ടിൽനിന്നുള്ള കാർഷികോത്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമാണ് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കൂടുതലായി കയറ്റിവിടുന്നത്. കോഴിക്കോടുനിന്ന് വൈഡ് ബോഡി(വലിയ വിമാനങ്ങൾ) വിമാനസർവീസ് ഇല്ലാത്തതിനാൽ പലരും യാത്രാ വിമാനങ്ങളുടെ ലഗേജിൽ തന്നെയാണ് കയറ്റുമതിക്ക് ഉപയോഗിക്കുന്നത്.
വിമാനയാത്രകൾ തടസ്സപ്പെട്ടതോടെ ഫലത്തിൽ പ്രതിസന്ധിയിലായത് പഴം–പച്ചക്കറി രംഗത്ത് കയറ്റുമതി നടത്തുന്നവരാണ്.
കരിപ്പൂരിൽ കോൾഡ് സ്റ്റോറേജ് വെയർ ഹൗസ് സൗകര്യമില്ലാത്തതിനാൽ കൂടുതൽ നാൾ ശേഖരിച്ചുവയ്ക്കാനാകാത്ത കാർഷികോത്പന്നങ്ങൾ പ്രാദേശിക വിപണിയിൽ തന്നെ വിൽക്കാനാണു കയറ്റുമതിക്കാരും ശ്രമിച്ചത്. കൂടുതൽ സ്റ്റോക്ക് എടുക്കുന്നത് മതിയാക്കുകയും കൂടി ചെയ്തതോടെ പ്രാദേശിക കാർഷിക വിപണികളിലെ കർഷകരാണ് കൂടുതൽ പ്രതിസന്ധിയിലായത്.
സംസ്ഥാനത്തുനിന്നുള്ള പഴം, പച്ചക്കറികളുടെ പ്രധാന വിപണിയാണ് മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങൾ. ദിവസം ശരാശരി 250 മുതൽ 300 ടൺവരെ പഴം, പച്ചക്കറിയാണ് ഈ മേഖലയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
പ്രതിസന്ധി തുടർന്നാൽ നോമ്പിന്റെ അവസാന പത്തിൽ സജീവമാകുന്ന റമസാൻ വസ്ത്ര – സുഗന്ധലേപന വിപണിക്കു തിരിച്ചടിയാകുമെന്ന ആശങ്കയും നിലവിലുണ്ട്.
നോമ്പുകാല സായാഹ്നങ്ങളെ സജീവമാക്കുന്ന ചെറുകിട–വൻകിട ഭക്ഷണശാലകൾ പാചകവാതകത്തിനു ക്ഷാമം ഉണ്ടാക്കാൻ ഇടയുണ്ടെന്ന വാർത്തകളുടെ ആശങ്കയിലാണ്.
പാചകവാതകം കരുതലോടെ ഉപയോഗിക്കണം എന്ന് ആവശ്യപ്പെട്ട എണ്ണക്കമ്പനികൾ ഇതിനകം തന്നെ ഉപയോക്താക്കൾക്ക് സന്ദേശം അയച്ചു തുടങ്ങി.
ഒരു സിലിണ്ടർ മാത്രമുള്ളവർക്ക് 21 ദിവസം ഇടവേളയിലും രണ്ടു സിലിണ്ടർ ഉള്ളവർക്ക് 30 ദിവസത്തെ ഇടവേളയിലുമാകും സിലിണ്ടർ മാറ്റി ലഭിക്കുകയെന്നാണ് പാചകവാതക കമ്പനികൾ കഴിഞ്ഞ ദിവസം ഉപയോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. ഗാർഹിക ഉപയോക്താക്കൾക്കൊപ്പം ഹോട്ടൽ, ബേക്കറികൾ തുടങ്ങിയവയ്ക്കുള്ള വാണിജ്യ സിലണ്ടർ വിതരണത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.
ഇന്ധനവില വർധനയുണ്ടായാൽ വരും ആഴ്ചകളിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുമെന്ന ആശങ്ക സജീവമാണ്. രാജ്യാന്തര വിപണിയിൽ ഫെബ്രുവരി 26 ന് ബാരലിന് 64.8 ഡോളർ എന്ന നിലയിലായിരുന്ന ക്രൂഡ് ഓയിൽ വില മാർച്ച് ആറിലെ കണക്കുകൾ പ്രകാരം 90 ഡോളർ പിന്നിട്ടതോടെ ഇന്ധനവില വർധനയ്ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

