മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ യുഎസുമായി ധാരണയിലെത്തിയത് ഏറ്റവും മികച്ച വ്യാപാര കരാറാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ഇരു രാജ്യങ്ങളും തമ്മിലുള്ളത് ഏറ്റവും ശക്തമായ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസുമായുള്ള വ്യാപാര കരാറിൽ കേന്ദ്രസർക്കാർ രാജ്യതാൽപര്യങ്ങൾ അവഗണിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
30 ലക്ഷം കോടി ഡോളറിന്റെ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്പദ് ശക്തിയാണ് അമേരിക്കയെന്നും മന്ത്രി പറഞ്ഞു. അവരുമായുള്ള വ്യാപാര കരാറില് നിന്ന് ആരും പിന്നോട്ടു പോകില്ല.
കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നല്ലതുമാത്രമാണ് പറയുന്നതെന്ന് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. എന്നാൽ സ്വന്തം കുടുംബത്തിനുള്ളിൽ പോലും ഇടയ്ക്ക് ചില കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകും.
യുഎസുമായുള്ളതും അത്തരത്തിലൊന്നാണ്. ഇത് സ്വാഭാവികമാണ്.
യുഎസും ഇന്ത്യയുമായി വളരെ ശക്തമായ ബന്ധമാണുള്ളത്. ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച കരാറാണ് നമുക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നേരത്തെ നിശ്ചയിച്ചതു പോലെ ഇന്ത്യ – യുഎസ് വ്യാപാര കരാർ മാർച്ചിൽ ഒപ്പിടാൻ കഴിഞ്ഞേക്കില്ല.
യുഎസ് സുപ്രീം കോടതി ട്രംപിന്റെ പകര തീരുവ റദ്ദാക്കിയതോടെ കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ഇരുരാജ്യങ്ങളും ഒരുങ്ങുകയാണ്. കോടതി വിധിയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്ച്ചകളും നിലച്ചിരുന്നു.
പുതിയ സാഹചര്യത്തിൽ യുഎസ് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. അതിനു ശേഷമായിരിക്കും കരാറിൽ പൊളിച്ചെഴുത്ത് നടക്കുക.
പിന്നാലെ ഇന്ത്യ – യുഎസ് വ്യാപാര കരാറിലെ ചർച്ചകൾ പുനരാരംഭിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. നിലവിൽ 10 ശതമാനം തീരുവയാണ് യുഎസിലേക്കുള്ള കയറ്റുമതിക്ക് ലോക രാജ്യങ്ങൾ നൽകേണ്ടത്.
ഇത് ഉടൻ തന്നെ 15 ശതമാനമാക്കി വർധിപ്പിക്കുമെന്നാണ് യുഎസ് നിലപാട്.
ഇന്ത്യയുമായുള്ള വ്യാപാര കരാർ ഉടൻ സാധ്യമാകുമെന്നും എന്നാൽ ഇന്ത്യയെ മറ്റൊരു ചൈനയാകാൻ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡോ പറഞ്ഞിരുന്നു. ചൈനയുമായി 20 വർഷം മുമ്പ് ധാരണയിലെത്തിയ വ്യാപാര കരാറിൽ അമേരിക്ക കുറേ പാഠങ്ങൾ പഠിച്ചു.
ഇന്ത്യയെ വളരാൻ അനുവദിക്കും. എന്നാൽ അമേരിക്കയുടെ എതിരാളിയാകാൻ അനുവദിക്കില്ല.
ഇന്ത്യയുമായുള്ള കരാറിൽ അമേരിക്കൻ താൽപര്യങ്ങള്ക്കായിരിക്കും മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെതിരെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രതികരിച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്റെ വളർച്ച തീരുമാനിക്കുന്നത് ആ രാജ്യം തന്നെയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ഇന്ത്യ വളരുന്നത് നമ്മുടെ ശക്തി കൊണ്ടായിരിക്കും. അല്ലാതെ മറ്റാരുടെയെങ്കിലും തെറ്റുകൾ കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

