രാജ്യത്ത് വീണ്ടും ബാങ്ക് ലയനത്തിന് കളമൊരുങ്ങുന്നു. വികസിത ഭാരതത്തിന് വേണ്ടി ബാങ്കിങ് രംഗത്ത് വരുത്തേണ്ട
മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ ഉന്നത അധികാര സമിതിയെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമൻ. വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ രാജ്യത്തെ കമ്പനികൾക്കും മറ്റും ഉയർന്ന തോതിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്.
ഇത് സാധ്യമാക്കുന്ന തരത്തിൽ മെഗാ ബാങ്കുകൾ നിർമിക്കുന്നതിനുള്ള മാർഗരേഖ തയാറാക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഇത്തണവത്തെ കേന്ദ്ര ബജറ്റിലാണ് ബാങ്കിങ് രംഗത്തെ ഉന്നത അധികാര സമിതിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്.
മെഗാ ബാങ്കിന് വേണ്ടി പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുമോ എന്ന ചോദ്യത്തിന് അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
വികസിത ഭാരതത്തിന് സാമ്പത്തിക സഹായം നൽകാൻ ശേഷിയുള്ള ബാങ്കുകള്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. ബാങ്കിങ് സേവനങ്ങൾ കൂടുതൽ വിപുലമാകണം.
സാധാരണക്കാർക്കും ബാങ്കിങ് സേവനം എളുപ്പത്തിൽ ലഭ്യമാകണം. ഇതിനായി സമിതിയെ ഉടൻ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലാൻ ഇങ്ങനെ
2047 എത്തുമ്പോൾ ഇന്ത്യയെ വികസിത രാജ്യമാക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
ഒപ്പം ലോകത്തിലെ ഏറ്റവും വലിയ 20 ബാങ്കുകളിൽ ഇന്ത്യയിൽ നിന്ന് രണ്ടെണ്ണം വേണമെന്നും സർക്കാർ ലക്ഷ്യമിടുന്നു. 2020ൽ ലയനത്തിലൂടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ൽ നിന്ന് 12 ആക്കിയിരുന്നു.
കൂടുതൽ തുക വായ്പ നൽകാൻ മെച്ചപ്പെട്ട ശേഷിയുള്ള ബാങ്കുകൾ രൂപീകരിക്കുകയായിരുന്നു ലക്ഷ്യം.
ഇത് ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമം ആക്കിയെങ്കിലും രാജ്യാന്തര ബാങ്കിങ് മേഖലയിൽ ഇന്ത്യയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ല. 12 പൊതുമേഖല ബാങ്കുകളുടെ ആകെ ആസ്തി ശേഷി 171 ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്.
രാജ്യാന്തര ബാങ്കിങ് മേഖലയിൽ നിലവിലെ സാഹചര്യത്തിൽ 15–ാം സ്ഥാനം നേടാൻ പര്യാപ്തമാണിത്.
എന്നാല്‍ ഇതിൽ നിന്ന് ഒരു പടികൂടി കടന്ന് ചെറു ബാങ്കുകളെ തമ്മിൽ ചേർത്ത് വലിയ ബാങ്ക് രൂപീകരിക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്. ഉദാഹരണത്തിന് മിഡ് സൈസ് വിഭാഗത്തിൽ പെട്ട
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയെ ചേർത്താൽ വലിയ ശേഷിയുള്ള ബാങ്ക് രൂപീകരിക്കാൻ കഴിയും. പ്രതിസന്ധിയിലായതും വലിപ്പത്തിൽ ചെറുതുമായ ബാങ്കുകളെയാണ് നേരത്തെ ലയിപ്പിച്ചതെങ്കിൽ ഇക്കുറി മികച്ച പ്രവർത്തന മികവുള്ള ബാങ്കുകളെയാണ് ലയനത്തിന് പരിഗണിക്കുന്നതെന്ന് സാരം.
വമ്പൻ പദ്ധതികൾക്ക് വായ്പ അനുവദിക്കണമെങ്കിൽ അതു നൽകാനും റിസ്ക് മാനേജ് ചെയ്യാനും ശേഷിയുള്ള ബാങ്കുകൾ അത്യാവശ്യമാണ്.
നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. കേരളം ആസ്ഥാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ളവ 2017ലാണ് എസ്ബിഐയിൽ ലയിപ്പിച്ചത്.
എന്നാൽ രാജ്യാന്തര സാഹചര്യം പരിഗണിച്ചാൽ ലോകത്തിലെ 42–ാമത് ബാങ്ക് മാത്രമാണ് എസ്ബിഐ. 846 ബില്യൻ ഡോളറാണ് ബാങ്ക് കൈകാര്യം ചെയ്യുന്ന ആസ്തി.
ടോപ് 10ൽ എത്തണമെങ്കിൽ ഇത് മൂന്ന് മടങ്ങായി വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് കണക്ക്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

