പല തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയ വിരുതന്മാരെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത യുവ സംരംഭകന്റെ തട്ടിപ്പു രീതി കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ മൂക്കത്ത് വിരൽ വച്ചു.
ഒരു ഫ്ളാറ്റ് തന്നെ നൂറോളം പേർക്ക് വിറ്റ വിരുതനാണ് കഴിഞ്ഞ ദിവസം ഗുരുഗ്രാം പൊലീസിന്റെ പിടിയിലായത്. തന്റെ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിൽ നിക്ഷേപിച്ചാൽ ഉയർന്ന റിട്ടേൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് ഇയാൾ പണം തട്ടുകയായിരുന്നു.
32ൻഡ് അവന്യൂ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ധ്രുവ് ദത്ത് ശർമയാണ് പൊലീസ് പിടിയിലായത്.
ഏതാണ്ട് 500 കോടി രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയതെന്ന് പൊലീസ് പറയുന്നു. പണം വാങ്ങി കബളിപ്പിച്ചുവെന്ന് നിരവധി പേർ പരാതിപ്പെട്ടതോടെയാണ് ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.
30 വർഷം വരെ വാടകയിനത്തിൽ വരുമാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ നിക്ഷേപകരിൽ നിന്ന് പണം വാങ്ങിയത്. പ്രതിമാസ വരുമാനം ലഭിക്കുമെന്നും നിക്ഷേപം കൈമാറ്റം ചെയ്യാൻ കഴിയുമെന്നും ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നു.
ഗുരുഗ്രാമിലെ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ കോടികളുടെ നിക്ഷേപമാണ് ഇയാൾ കൈപ്പറ്റിയത്.
എന്നാൽ 2025 ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് വാടക ഇനത്തിൽ പണം നൽകിയിട്ടില്ല. കമ്പനിയുടെ നികുതി റിട്ടേണുകളും ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടങ്ങുകയും ചെയ്തു.
കഴിഞ്ഞ മാസം പൊലീസ് നടത്തിയ പബ്ലിക് ഹിയറിങിൽ നിക്ഷേപകർ പരാതിയുമായി എത്തിയതോടെയാണ് സംഗതി വെളിച്ചത്താകുന്നത്.
തുടർന്ന് പരാതികൾ ഗുരുഗ്രാം പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതുവരെ അമ്പതോളം പേരുടെ പരാതിയാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ആയിരത്തോളം പേർ തട്ടിപ്പിന് ഇരയായെന്നാണ് കരുതുന്നത്. ഒരു കോടി മുതൽ 2.5 കോടി രൂപ വരെയാണ് ഓരോരുത്തർക്കും ശരാശരി നഷ്ടപ്പെട്ടത്.
ഈ പണമെല്ലാം ഗോവയിലും രാജസ്ഥാനിലും ആഡംബര വീടുകൾ വാങ്ങാൻ ഇയാൾ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് അനുമാനം. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കൂടാതെ ധ്രുവ് ദത്ത ശർമ പ്രൊമോട്ടറായ കമ്പനി സാമ്പത്തികമായി കബളിപ്പിച്ചുവെന്ന് ആരോപിച്ച് നിക്ഷേപകൻ നൽകിയ മറ്റൊരു പരാതി ഗുരുഗ്രാം കോടതിയുടെ പരിഗണനയിലാണ്. കമ്പനി ഉടമകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും സ്വത്ത് കണ്ടു കെട്ടണമെന്നും പാസ്പോര്ട്ട് കണ്ടു കെട്ടണമെന്നും അരവിന്ദ് ഗുപ്തയെന്ന നിക്ഷേപകൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിക്ഷേപകരെ കബളിപ്പിക്കാൻ നികുതി രേഖകൾ വ്യാജമായി നിർമിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

