നിത്യച്ചെലവിനുള്ള പണത്തിനായി രാജ്യാന്തര നാണയനിധിക്കു (ഐഎംഎഫ്) മുന്നിൽ കൈനീട്ടിയ പാക്കിസ്ഥാൻ, ഒടുവിൽ ഐഎംഎഫിന്റെ നിബന്ധനകൾക്ക് വഴങ്ങി സ്വന്തം വിമാനക്കമ്പനി വിൽക്കുന്നു. ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ (പിഐഎ) ടെൻഡർ നടപടികൾ ഡിസംബർ 23ന് നടക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു.
രാജ്യാന്തര നാണയ നിധിയില് (ഐഎംഎഫ്) നിന്ന് 7 ബില്യൻ ഡോളറിന്റെ (ഏകദേശം 63,000 കോടി ഇന്ത്യൻ രൂപ) വായ്പസഹായം പാക്കിസ്ഥാൻ ഉറപ്പാക്കിയിരുന്നു.
ഇതു കിട്ടണമെങ്കിൽ ഐഎംഎഫ് പറയുന്ന നിബന്ധനകൾ അനുസരിക്കണം. അതിലൊന്നാണ് ദേശീയ വിമാനക്കമ്പനിയുടെ വിൽപന.
വിമാനക്കമ്പനിയുടെ 51 മുതൽ 100% വരെ വിറ്റൊഴിയാനുള്ള നടപടികളാണ് തുടങ്ങിയത്.
വായ്പാക്കരാർ പ്രകാരം ഒരു ബില്യൻ ഡോളർ (9,000 കോടി രൂപ) ഐഎംഎഫ് നേരത്തേ പാക്കിസ്ഥാന് നൽകിയിരുന്നു. അടുത്ത ഗഡുവായ 1.2 ബില്യൻ ഡോളർ (10,800 കോടി രൂപ) നൽകാനുള്ള ഐഎംഎഫിന്റെ യോഗം നാളെയാണ് (ഡിസംബർ 8).
തുടർന്നുള്ള ഗഡുക്കൾ കിട്ടണമെങ്കിൽ വിമാനക്കമ്പനി വിൽക്കുന്ന കാര്യത്തിലൊരു തീരുമാനം ഉടൻ വേണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് പാക്ക് സർക്കാർ ടെൻഡർ നടപടിയിലേക്ക് കടക്കുന്നത്.
ടെൻഡർ നടപടികൾ തൽസമയം എല്ലാ മാധ്യമങ്ങളിലും കാണിക്കുമെന്ന് പാക്ക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
2 ദശാബ്ദത്തിനിടെ പാക്കിസ്ഥാനിൽ ഒരു പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ആദ്യമാണ്.
കൽക്കട്ട കമ്പനി, പിന്നീട് പാക്കിസ്ഥാന്റെ സ്വന്തമായി
പിഐഎ ആദ്യമൊരു സർക്കാർ സ്ഥാപനമായിരുന്നില്ല.
കൽക്കട്ട ആസ്ഥാനമായി മിർസ അഹമ്മദ് ഇസ്പഹനി, ബിസിനസ് പ്രമുഖനായിരുന്ന ആദംജീ ഹാജി ദാവൂദ് എന്നിവർ ചേർന്ന് 1946 ഒക്ടോബർ 29ന് തുടങ്ങിയ സ്വകാര്യകമ്പനിയായിരുന്നു ഇത്.
ഒറിയന്റ് എയർവേസ് എന്നായിരുന്നു ആദ്യം പേര്. വിഭജനത്തിനുശേഷം വിമാനക്കമ്പനി പ്രവർത്തനം പൂർണമായും പാക്കിസ്ഥാനിലേക്ക് മാറ്റുകയായിരുന്നു.
1955ലാണ് പാക്ക് സർക്കാർ ഓറിയന്റ് എയർവേസിനെ ദേശസാൽക്കരിച്ചതും പേര് പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് എന്നാക്കിയതും.
മാനേജിങ് ഡയറക്ടറായിരുന്ന നൂർ ഖാന്റെ കീഴിൽ പിഐഎ ലോകശ്രദ്ധ നേടുന്ന നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. മറ്റു രാജ്യങ്ങളിലെ പൈലറ്റുമാർക്ക് പരിശീലനവും നൽകിയിരുന്നു.
പ്രതാപം മങ്ങി, കൂപ്പുകുത്തിയത് നഷ്ടത്തിലേക്ക്
ഗൾഫ് വിമാനക്കമ്പനികളിൽ നിന്നുൾപ്പെടെ മത്സരം ശക്തമായപ്പോൾ പിഐഎയ്ക്ക് പിടിച്ചുനിൽക്കാൻ പ്രയാസമായി.
അഴിമതി, ഭരണതലത്തിലെ കെടുകാര്യസ്ഥത, തുടർച്ചയായ അപകടങ്ങൾ, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ പ്രതിസന്ധികളും വലച്ചു. നിലവിൽ ഏതാണ്ട് 82,500 കോടിയിലധികം രൂപയുടെ കടക്കെണിയിലാണ് കമ്പനി.
രാജ്യാന്തരതലത്തിൽ നാണക്കേടിന്റെ റൺവേയിലൂടെ നീങ്ങുന്ന വിമാനക്കമ്പനിയുമാണ് പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ്.
പൈലറ്റുമാരിൽ 30 ശതമാനത്തിലേറെപ്പേർ വ്യാജ ലൈസൻസുള്ളവരാണെന്ന് 2020ൽ റിപ്പോർട്ടുകൾ പുറത്തുവന്നത് പാക്കിസ്ഥാന് കനത്ത അടിയായിരുന്നു. 260ലേറെ പൈലറ്റുമാരെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തേണ്ടി വന്നു.
പിന്നാലെ, പിഐഎയ്ക്ക് യൂറോപ്യൻ യൂണിയൻ വിലക്കും ഏർപ്പെടുത്തിയിരുന്നു.
വിൽപനയും ലക്ഷ്യവും
പിഐഎയെ വാങ്ങുന്നത് പാക്കിസ്ഥാനി പൗരന്മാരോ കമ്പനികളോ തന്നെയാകണമെന്ന നിബന്ധന പാക്കിസ്ഥാൻ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. വിദേശ കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാനാവില്ല.
8,600 കോടി പാക്കിസ്ഥാനി രൂപയാണ് പിഐഎയെ വിൽക്കുന്നത് വഴി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ 15% പാക്കിസ്ഥാൻ സർക്കാരിന് ലഭിക്കും.
ബാക്കി കമ്പനിക്കും. പിഐഎയെ പഴയപ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് പാക്ക് സർക്കാർ പറയുന്നു.
ഏറ്റെടുക്കുന്നത് അസിം മുനീറിന്റെ കമ്പനി
4 കമ്പനികളാണ് നിലവിൽ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിനെ ഏറ്റെടുക്കാൻ രംഗത്തുള്ളത്.
അതിലൊന്നാണ് പാക്ക് സൈനിക മേധാവി അസിം മുനീറിന്റെ നിയന്ത്രണത്തിൽ പാക്കിസ്ഥാൻ സൈന്യം നയിക്കുന്ന ഫൗജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡ്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷന്റെ കീഴിലുള്ള കമ്പനിയാണിത്.
ലക്കി സിമന്റ് കൺസോർഷ്യം, ആരിഫ് ഹബീബ് കോർപറേഷൻ കൺസോർഷ്യം, എയർ ബ്ലൂ ലിമിറ്റഡ് എന്നിവയാണ് മറ്റ് 3 കമ്പനികൾ.
പാക്കിസ്ഥാനിലെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നാണ് ഫൗജി ഫൗണ്ടേഷൻ. പാക്കിസ്ഥാനിൽ അധികാര/ഭരണതലങ്ങളിൽ സൈന്യത്തിന്റേതാണ് നിലവിൽ അന്തിമവാക്ക്.
അസിം മുനീറാകട്ടെ അതുകൊണ്ടുതന്നെ, നിലവിൽ പാക്കിസ്ഥാനിലെ ഏറ്റവും കരുത്തനായ വ്യക്തിയുമാണ്. ഫൗജി ഫൗണ്ടേഷനിൽ അസിം മുനീറിന് നേരിട്ട് പ്രവർത്തനച്ചുമതലകളില്ല.
എന്നാൽ, കമ്പനിയുടെ സെൻട്രൽ ഡയറക്ടർ ബോർഡിലെ ക്വാർട്ടർമാസ്റ്റർ ജനറലിനെ നിയമിക്കുന്നതും തത്വത്തിൽ കമ്പനിയെ പരോക്ഷമായി നിയന്ത്രിക്കുന്നതും അസിം മുനീറാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

