മിഡിൽ-ക്ലാസ് കുടുംബങ്ങൾക്ക് നല്ല മധുരം സമ്മാനിക്കുന്നതായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കഴിഞ്ഞ ബജറ്റ്. ആദായ നികുതിയിൽ 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെയാണ് നിർമല ഒറ്റയടിക്ക് നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കിയത്.
പുതിയ ആദായ നികുതി സ്കീമിലുള്ളവർക്ക് മാത്രമാണ് ഈ ആനുകൂല്യം. നിലവിൽ ആദായനികുതി അടയ്ക്കുന്നവരിൽ 80 ശതമാനവും പുതിയ സ്കീമിലാണെന്നിരിക്കേ, പഴയ നികുതി സ്കീം നിർത്തലാക്കുന്നുവെന്ന പ്രഖ്യാപനം നിർമലയുടെ അടുത്ത ബജറ്റിൽ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2026 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ മറ്റൊരു വമ്പൻ പ്രഖ്യാപനത്തിനാണ് ഏവരും കാതോർക്കുന്നത്.
അതു സംബന്ധിച്ച സൂചന നിർമലതന്നെ നൽകിക്കഴിഞ്ഞു. കഴിഞ്ഞതവണ ആദായനികുതിയിൽ കേന്ദ്രസർക്കാർ വൻ ആശ്വാസം സമ്മാനിച്ചതിനു പിന്നാലെ, ജിഎസ്ടി കൗൺസിൽ സെപ്റ്റംബർ 22ന് പ്രാബല്യത്തിൽ വന്നവിധം ‘ജിഎസ്ടി 2.0’ ആനുകൂല്യവും നടപ്പാക്കിയത് പൊതുജനങ്ങൾക്കും വിപണിക്കും ‘ബംപർ’ നേട്ടമായിരുന്നു.
ജനങ്ങൾ നിത്യേന വാങ്ങുന്ന ഒട്ടുമിക്ക ഉൽപന്നങ്ങളുടെയും നികുതിഭാരമാണ് കുറഞ്ഞത്.
ആദായനികുതി ഇളവും ജിഎസ്ടി ഇളവും പോലെ വമ്പൻ നികുതി ആനുകൂല്യങ്ങൾ സമ്മാനിച്ച ഇതുപോലൊരു വർഷം ഇന്ത്യയുടെ ചരിത്രത്തിൽ മുൻപ് ഉണ്ടായിട്ടില്ലെന്ന് നിർമല പറഞ്ഞു. കസ്റ്റംസ് നികുതി (ഇറക്കുമതി നികുതി) ചട്ടങ്ങൾ ആകർഷകമാക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന സൂചനയും ധനമന്ത്രി നൽകി.
അടുത്ത ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കാം.
അടുത്തഘട്ട സാമ്പത്തിക പരിഷ്കാരമെന്നോണം കസ്റ്റംസ് നികുതി പരിഷ്കരണം നടപ്പാക്കാനാണ് ശ്രമം.
ആദായനികുതിയും ജിഎസ്ടിയുംപോലെ കസ്റ്റംസ് നികുതിയും കൂടുതൽ ലളിതവും സുതാര്യവുമാക്കും. കഴിഞ്ഞ 2 വർഷത്തിനിടെ നിരവധി ഉൽപന്നങ്ങളുടെ കസ്റ്റംസ് നികുതി കുറച്ചിരുന്നു.
ഇനിയും കുറയാനുണ്ടെന്ന് വ്യക്തമാക്കിയ നിർമല, ഇന്ത്യ നടപ്പുവർഷം 7 ശതമാനത്തിൽ കുറയാത്ത ജിഡിപി വളർച്ച കൈവരിക്കുമെന്നും പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50% ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ഇനിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറായിട്ടില്ല.
എങ്കിലും, ഇന്ത്യൻ ഓഹരികൾക്ക് നേട്ടത്തിന്റെ പാതയിലൂടെയുള്ള യാത്ര ഈയാഴ്ച തുടരാൻ ഒട്ടേറെ അനുകൂലഘടകങ്ങളുണ്ട്.
1) ഇന്ത്യയും റഷ്യയും തമ്മിലെ സഹകരണം കൂടുതൽ ശക്തമാകുന്നത് നേട്ടമാകും. ഇന്ത്യ-റഷ്യ ബന്ധം ഇതുവരെ ആയുധങ്ങളിലും ക്രൂഡ് ഓയിലിലും മാത്രമായിരുന്നെങ്കിൽ ഇനിയത് മറ്റ് വാണിജ്യരംഗത്തേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ഡീൽ ഉറപ്പിച്ചാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ യാത്രയാക്കിയത്.
നിലവിൽ ഇന്ത്യയും റഷ്യയും തമ്മിലെ വാണിജ്യ ഇടപാടുകൾ 6,870 കോടി ഡോളറിന്റേതാണ്. ഇത് 10,000 കോടിയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
മോദി-പുട്ടിൻ കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ പ്രതിരോധരംഗത്തെ കമ്പനികൾക്ക് ഊർജമാകും.
2) റിസർവ് ബാങ്ക് റീപോ നിരക്ക് ‘അപ്രതീക്ഷിതമായി’ കാൽ ശതമാനം കുറച്ചത് ധനകാര്യം, എഫ്എംസിജി, വാഹനം ഉൾപ്പെടെയുള്ള മേഖലകളിലെ കമ്പനികളുടെ ഓഹരികൾക്കും ആവേശമാകും. റിസർവ് ബാങ്കും ഫിച്ച് ഉൾപ്പെടെയുള്ള ഏജൻസികളും ഇന്ത്യയുടെ വളർച്ചാഅനുമാനം കൂട്ടിയതും കരുത്താവും.
കഴിഞ്ഞപാദത്തിൽ ഇന്ത്യ പ്രവചനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി 8.2% വളർച്ചയാണ് നേടിയത്.
3) യുഎസ് ഓഹരി വിപണികൾ വീണ്ടും നേട്ടത്തിന്റെ ട്രാക്കിലായതും ഗുണം ചെയ്യും. ഒരു ‘മോശം’ റിപ്പോർട്ടാണ് യുഎസ് ഓഹരികൾക്കും അതുവഴി മറ്റ് ഓഹരി വിപണികൾക്കും നേട്ടത്തിന്റെ വഴിതുറന്നതെന്ന പ്രത്യേകതയുമുണ്ട്.
യുഎസിൽ കഴിഞ്ഞമാസം സ്വകാര്യ കമ്പനികൾ 32,000 പേരെ പിരിച്ചുവിട്ടുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. തൊഴിൽ നഷ്ടമാകുന്നത് ‘സങ്കടകരമാണെങ്കിലും’ ഓഹരി വിപണി അത് ആഘോഷമാക്കി തിരിച്ചുകയറി.
കാരണം, തൊഴിൽവിപണി തളർച്ചയുടെ ട്രാക്കിലായതിനാൽ അമേരിക്കയിൽ പലിശഭാരം കുറയാനുള്ള സാധ്യത ശക്തമായി.
ഡിസംബർ 10നാണ് യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കുക. അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറയ്ക്കാനാണ് സാധ്യത.
യുഎസിൽ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി500 എന്നിവ കഴിഞ്ഞ സെഷനിൽ 0.31% വരെ ഉയർന്നു. റിസർവ് ബാങ്ക് പലിശഭാരം കുറച്ചതിന്റെ കരുത്തിൽ സെൻസെക്സ് കഴിഞ്ഞ സെഷനിൽ 447.05 പോയിന്റ് (+0.52%) ഉയർന്ന് 85,712ലും നിഫ്റ്റി 152.70 പോയിന്റ് (+0.59%) നേട്ടവുമായി 26,186.45ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
4) രൂപയുടെ തളർച്ച ആശങ്കപ്പെടുത്തുന്നതല്ലെന്ന സൂചന റിസർവ് ബാങ്കും നിർമല സീതാരാമനും നൽകിക്കഴിഞ്ഞു.
റഷ്യ-യുക്രെയ്ൻ സമാധാന പ്ലാൻ തുലാസിലാണെങ്കിലും, വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ സജീവമാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വിറ്റൊഴിയൽ സമ്മർദം തുടരുന്നതാണ് ഓഹരി വിപണിക്കും രൂപയ്ക്കും തിരിച്ചടി.
2025ൽ ഇതുവരെ 1.5 ലക്ഷം കോടി രൂപയിലധികം അവർ പിൻവലിച്ചുകഴിഞ്ഞു. ഡിസംബറിൽ ഇതുവരെ പിൻവലിച്ചത് 11,820 കോടി രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

