കഴിഞ്ഞദിവസത്തെ വീഴ്ചയിൽനിന്ന് തിരിച്ചുവരവിന്റെ സൂചനകൾ സമ്മാനിച്ചുയർന്ന നിർമിത ബുദ്ധി (എഐ) അധിഷ്ഠിത കമ്പനികളുടെ ഓഹരികളിൽ വിൽപനസമ്മർദം വീണ്ടും വീശിയടിച്ചോടെ, ആഗോളതലത്തിൽ ഓഹരി വിപണികൾ നേരിടുന്നത് കനത്ത നഷ്ടം. യുഎസിൽ ആഞ്ഞുവീശിയ നഷ്ടക്കൊടുങ്കാറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളിലും നാശംവിതച്ചു.
യുഎസിൽ എസ് ആൻഡ് പി500 സൂചിക 1.12%, നാസ്ഡാക് 1.90%, ഡൗ ജോൺസ് 0.84% എന്നിങ്ങനെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകരുടെ സമ്പത്തിൽനിന്ന് ഒലിച്ചുപോയത് ശതകോടിക്കണക്കിന് ഡോളറാണ്.
എഐ രംഗത്തെ കമ്പനികൾ, എഐയുടെ വികസനത്തിനായി വൻതോതിൽ നിക്ഷേപം നടത്തുന്ന ടെക് ഭീമന്മാർ എന്നിവയുടെ ഓഹരികളിൽ വൻ വിൽപനസമ്മർദം അലയടിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം ഈ കമ്പനികളുടെ ഓഹരികളിൽ കുതിപ്പുണ്ടാക്കിയിരുന്നു. തുടർന്ന്, ഓഹരിവില ‘അധികരിച്ചു’ (ഓവർ-വാല്യൂഡ്) എന്ന വിലയിരുത്തലുകളുണ്ടായി.
മുന്നിൽ വലിയ വീഴ്ചയുണ്ടായേക്കാമെന്ന വാദങ്ങളും ഉയർന്നതോടെ ഓഹരികൾ വിറ്റൊഴിഞ്ഞ് ലാഭമെടുക്കാൻ തിക്കിത്തിരക്കുകയാണ് നിക്ഷേപകർ.
എൻവിഡിയ, മൈക്രോസോഫ്റ്റ്, പാലന്റീയർ, ബ്രോഡ്കോം, എഎംഡി. ക്വാൽകോം, ഓറക്കിൾ, മെറ്റ പ്ലാറ്റ്ഫോംസ് എന്നിവയാണ് 7% വരെ ഇടിഞ്ഞ് നഷ്ടയാത്രയെ നയിച്ചത്.
യുഎസിൽ കോർപ്പറേറ്റ് കമ്പനികൾ നടത്തുന്ന കൂട്ടപ്പിരിച്ചുവിടലും ഓഹരികളെ ഉലച്ചു. ഒക്ടോബറിൽ മാത്രം കമ്പനികൾ 1.53 ലക്ഷം ജീവനക്കാരെ പിരിച്ചുവിട്ടു.
സെപ്റ്റംബറിലേതിനേക്കാൾ മൂന്നിരട്ടി. 2024 ഒക്ടോബറിനേക്കാൾ 175% അധികം.
2009ന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലുമാണിത്. കമ്പനികളിൽ കടുത്ത പ്രതിസന്ധിയുണ്ടെന്നതിന്റെ തെളിവായാണ് ഇതിനെ നിക്ഷേപകർ കാണുന്നത്.
ഏഷ്യയിലും വീഴ്ച, ഇന്ത്യയ്ക്കും ആശങ്ക
യുഎസ് ഓഹരികൾ നേരിട്ട
വീഴ്ച ഏഷ്യൻ വിപണികൾക്കും തിരിച്ചടിയായി. ജാപ്പനീസ് നിക്കേയ് 2.16% ഇടിഞ്ഞു.
എഐ കമ്പനികളെ പിന്തുണയ്ക്കുന്ന സോഫ്റ്റ്ബാങ്കിന്റെ ഓഹരി 8% കൂപ്പുകുത്തി. കമ്പനിയുടെ വിപണിമൂല്യത്തിൽനിന്ന് ഒറ്റയടിക്ക് 53 ബില്യൻ ഡോളർ (4.7 ലക്ഷം കോടി രൂപ) കൊഴിഞ്ഞുപോയി.
ആഡ്വാന്റസ്റ്റ്, ടോക്കിയോ ഇലക്ട്രോൺ, റെനെസസ് ഇലക്ട്രോണിക്സ് തുടങ്ങിയവ 7% വരെ ഇടിഞ്ഞു.
ദക്ഷിണ കൊറിയയുടെ കോസ്പി 1.47%, ഹോങ്കോങ് സൂചിക 0.67% ഷാങ്ഹായ് 0.05%, യൂറോപ്പിൽ ഡാക്സ് 1.31%, എഫ്ടിഎസ്ഇ 0.42%, ഓസ്ട്രേലിയയുടെ എഎസ്എക്200 സൂചിക 0.41% എന്നിങ്ങനെയും ഇടിഞ്ഞു.
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി രാവിലെ വ്യാപാരം ചെയ്തത് 50 പോയിന്റുവരെ നഷ്ടത്തിലാണ്. സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ തുടങ്ങുമെന്ന സൂചയാണിത് നൽകുന്നത്.
ഇന്നലെ മികച്ച തുടക്കംകിട്ടിയിട്ടും സെൻസെക്സിനും നിഫ്റ്റിയും അതു നിലനിർത്താൻ കഴിഞ്ഞിരുന്നില്ല. നിഫ്റ്റി 0.34%, സെൻസെക്സ് 0.18% എന്നിങ്ങനെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
∙ മോദിയുമായി സംസാരിക്കാറുണ്ടെന്നും ഇന്ത്യയുമായി വ്യാപാരക്കരാർ ഉടൻ സാധ്യമാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് ഓഹരി വിപണിക്ക് പ്രതീക്ഷകൾ നൽകുന്നു.
∙ താൻ വൈകാതെ ഇന്ത്യ സന്ദർശിക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.
∙ ട്രംപിന്റെ താരിഫുകൾ സംബന്ധിച്ച സുപ്രീം കോടതി വിധിയിലേക്കാണ് ആഗോള സമ്പദ്ലോകം പ്രധാനമായും ഉറ്റുനോക്കുന്നത്.
താരിഫുകൾ നിയമപ്രകാരമാണോയെന്ന് സുപ്രീം കോടതി ജഡ്ജിമാർ സംശയം പ്രകടിപ്പിച്ചിരുന്നു.
∙ അതേസമയം, സുപ്രീം കോടതി റദ്ദാക്കിയാലും അതുമറികടന്ന് താരിഫുകൾ നിലനിർത്താൻ ട്രംപിനെ മറ്റുചില ചട്ടങ്ങൾ അനുവദിക്കുന്നുണ്ടെന്ന വിലയിരുത്തലുകളുണ്ട്.
∙ ഡെറിവേറ്റീവ് വിപണിയിൽ (ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് – അവധി വ്യാപാരം) പിടിമുറുക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. റിസ്കുകൾ ബോധ്യപ്പെടുത്താനും സുതാര്യത ഉറപ്പാക്കാനുമാണ് ശ്രമമെന്നും അവർ പറഞ്ഞു.
ശ്രദ്ധയിൽ ഇവർ
ബജാജ് ഓട്ടോ, ഹിൻഡാൽകോ, നൈക, ജെഎസ്ഡബ്ല്യു സിമന്റ്, കല്യാൺ ജ്വല്ലേഴ്സ്, പെട്രോനെറ്റ് എൽഎൻജി, പവർ ഫിനാൻസ്, ടോറന്റ് ഫാർമ, ട്രെന്റ്, ഡിവീസ് ലാബ് തുടങ്ങിയവ ഇന്ന് പ്രവർത്തനഫലം പുറത്തുവിടും.
∙ അപ്പോളോ ഹോസ്പിറ്റൽസ് ഇന്നലെ രണ്ടാംപാദ കണക്കുകൾ പുറത്തുവിട്ടു.
ലാഭം 24.8% ഉയർന്നു.
∙ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ലാഭം 13.6% വർധിച്ചു. വരുമാനക്കുതിപ്പ് 10.2%
∙ ഇൻഫോസിസ് 18,000 കോടി രൂപയുടെ ബൈബാക്കിനുള്ള റെക്കോർഡ് തീയതിയായി നവംബർ 14 നിശ്ചയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

