പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം സ്ഥിരീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയ്ക്ക് വേണ്ടത് ലോകോത്തര നിലവാരമുള്ള വമ്പൻ ബാങ്കുകളാണെന്നും ഇതിനായി റിസർവ് ബാങ്കുമായും ബാങ്കിങ് രംഗത്തുള്ളവരുമായും ചർച്ചകൾ തുടരുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
മുംബൈയിൽ എസ്ബിഐ ബാങ്കിങ് ആൻഡ് ഇക്കണോമിക്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ലയനത്തിലൂടെ വമ്പൻ ബാങ്കുകൾ സൃഷ്ടിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്കിനും രാജ്യത്തെ ബാങ്കുകൾക്കുമുള്ള ആശയങ്ങൾ തേടുകയാണ് ചർച്ചകളുടെ ലക്ഷ്യം. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുംമുൻപ് ഇന്ത്യയിൽ പൊതുമേഖലയിൽ 25ലേറെ ബാങ്കുകളുണ്ടായിരുന്നു.
പിന്നീട് വിവിധ ഘട്ടങ്ങളിലെ ലയനത്തിലൂടെ എണ്ണം 12 ആയി ചുരുക്കി. ഇവയെയും ലയിപ്പിച്ച് എണ്ണം 3-4 ആയി കുറയ്ക്കാനും അതുവഴി വമ്പൻ ബാങ്കുകളെ സൃഷ്ടിക്കാനുമാണ് കേന്ദ്രനീക്കം.
നിലവിൽ ലോകത്തെ ഏറ്റവും വലിയ 25-40 ബാങ്കുകളെടുത്താൽ ഒന്നുപോലും ഇന്ത്യയിൽ നിന്നില്ല.
ലോകത്തെ 100 വലിയ ബാങ്കുകളിൽ 47-ാം സ്ഥാനമുള്ള എസ്ബിഐയാണ് ഇന്ത്യൻ ബാങ്കുകളിൽ ഏറ്റവും മുന്നിൽ. മെഗാ ലയനത്തിലൂടെ 2 ബാങ്കുകളെയെങ്കിലും ആദ്യ 20ൽ കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി മറ്റു ബാങ്കുകളെ എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിൽ ലയിപ്പിച്ചേക്കും. ഇവയ്ക്കൊപ്പം ബാങ്ക് ഓഫ് ബറോഡയെയും സ്വതന്ത്രമായി നിലനിർത്തിയേക്കും.
ഇതിനിടെ കഴിഞ്ഞദിവസം ഡൽഹിയിൽ നടന്നൊരു ചടങ്ങിൽ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ പിന്തുണച്ചും ധനമന്ത്രി നിർമല സീതാരാമൻ സംസാരിച്ചത് ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.
സ്വകാര്യവൽക്കരണമല്ല വേണ്ടതെന്നും കൂടുതൽ മൂലധന പിന്തുണനൽകിയും ടെക്നോളജി അപ്ഡേറ്റിങ്ങിലൂടെയും പൊതുമേഖലാ ബാങ്കുകളെ ശക്തമാക്കാനാണ് ശ്രമിക്കേണ്ടതെന്നും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പ്രതികരിച്ചു.
കേന്ദ്ര പദ്ധതിയായ ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകളുടെ 90 ശതമാനവും തുറന്നത് പൊതുമേഖലാ ബാങ്കുകളിലാണ്. മുൻഗണനാ വായ്പകളുടെ മുന്തിയപങ്കും നിർവഹിച്ചതും പൊതുമേഖലാ ബാങ്കുകളാണ്.
അതുകൊണ്ടുതന്നെ രാജ്യത്ത് ബാങ്കിങ് സേവനങ്ങൾ വ്യാപിപ്പിക്കാനും സാമ്പത്തിക അവബോധം വളർത്താനും അതുവഴി സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ലൂഷൻ) ശക്തിപ്പെടുത്താനും പൊതുമേഖലാ ബാങ്കുകളുടെ പങ്ക് നിർണായകമാണെന്നും യുഎഫ്ബിയു ചൂണ്ടിക്കാട്ടി.
ഈ നേട്ടങ്ങളെല്ലാം രാജ്യം നേടിയത് പൊതുമേഖലാ ഉടമസ്ഥതയിലാണ്. ലോകത്തൊരു രാജ്യവും താഴെത്തട്ടിൽവരെ ഇത്ര ശക്തമായ ബാങ്കിങ് സേവനങ്ങളുടെ ലഭ്യത സ്വകാര്യബാങ്കിങ്ങിലൂടെ നേടിയിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
. സ്വകാര്യവൽക്കരണം നടന്നാൽ താഴെത്തട്ടിലുള്ളവർക്ക് ബാങ്കിങ് സേവനം കിട്ടാക്കനിയാകുമെന്നും തൊഴിൽ നഷ്ടത്തിനും വഴിവയ്ക്കുമെന്നും യൂണിയനുകൾ അഭിപ്രായപ്പെട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

