കഴിഞ്ഞ ജൂലൈയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ ‘ചത്ത’ സമ്പദ് വ്യവസ്ഥയെന്ന് വിളിച്ച് പ്രകോപിപ്പിച്ചത്. ഇന്ത്യയും റഷ്യയും ചേർന്ന് എന്താണ് ചെയ്യുന്നതെന്നത് താൻ കാര്യമാക്കുന്നില്ലെന്നും അവർക്കൊന്നിച്ച് അവരുടെ ‘ചത്ത’ വിപണികളെ കൂടുതൽ താഴ്ചയിലേക്ക് തള്ളാമെന്നും ട്രംപ് പരിഹസിച്ചിരുന്നു.
അമേരിക്കയുടെ സമ്മർദം വകവയ്ക്കാതെ ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്ന പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വാക്കുകൾ.
എന്നാൽ, ഇന്ത്യയെ പരിഹസിച്ച് മൂന്നാംമാസം സ്വയം വെട്ടിലായിരിക്കുകയാണ് ട്രംപും അമേരിക്കയും. ചെലവിനു നയാപൈസയില്ലാതെ ട്രംപിന്റെ സർക്കാർ അടച്ചുപൂട്ടിയിട്ട് (ഗവൺമെന്റ് ഷട്ട്ഡൗൺ) 7-ാം ദിവസത്തിലേക്ക് കടന്നു.
പ്രവർത്തനഫണ്ടിനുള്ള ചെലവ് ഉറപ്പാക്കാനുള്ള ബിൽ പാസാക്കാൻ എതിർപക്ഷമായ ഡെമോക്രാറ്റുകളുടെ അലിവിനായി കാത്തിരിക്കേണ്ട സ്ഥിതിയിലുമായി ട്രംപ്.
പ്രവർത്തനഫണ്ട് സംബന്ധിച്ച ബിൽ പാസാകാത്തതിനെ തുടർന്ന് ഒക്ടോബർ ഒന്നിനാണ് ട്രംപിന്റെ ഗവൺമെന്റിന് ഷട്ടർ വീണത്.
ആരോഗ്യ സേവനം, അതിർത്തി പട്രോളിങ്, എയർ ട്രാഫിക് കൺട്രോൾ എന്നിങ്ങനെ അവശ്യ സേവനങ്ങൾ ഒഴിച്ചുള്ള സർക്കാർ ഓഫിസുകളെല്ലാം പൂട്ടി. നാസയുടെ ഉൾപ്പെടെ പ്രവർത്തനം താളംതെറ്റി.
ട്രംപ് നയിക്കുന്ന ഫെഡറൽ ഗവൺമെന്റിലെ ലക്ഷക്കണക്കിന് ജീവനക്കാരെ ശമ്പളരഹിത നിർബന്ധിത അവധിയിലേക്ക് പറഞ്ഞുവിട്ടു. ഷട്ട്ഡൗൺ നീണ്ടാൽ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
നവംബർ വരെ പ്രവർത്തിക്കാനുള്ള ചെലവ് സംബന്ധിച്ച ബില്ലാണ് പാസാകേണ്ടിയിരുന്നത്.
ഗവൺമെന്റിന്റെ വിവിധ ചെലവുകൾക്കായി 2026 ജനുവരിക്കകം ഇത്തരത്തിലുള്ള 10ലേറെ ബില്ലുകളും പാസാകാനുണ്ട്. എന്നാൽ, ബില്ലിൽ ആരോഗ്യ സബ്സിഡി പദ്ധതികൾ തുടരുന്നത് സംബന്ധിച്ച നിർദേശങ്ങളും വേണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിരുന്നു.
ഇതിനെ ട്രംപ് എതിർത്തതോടെ ഷട്ട്ഡൗൺ പ്രതിസന്ധിയിലേക്ക് യുഎസ് ഗവൺമെന്റ് വീഴുകയായിരുന്നു.
യുഎസ് സമ്പദ്വ്യവസ്ഥയും ഓഹരി വിപണികളും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനിടെയാണ് ഡെമോക്രാറ്റുകൾ യുഎസ് ഗവൺമെന്റിന് ഷട്ടർ ഇട്ടതെന്നാണ് ട്രംപിന്റെ വാദം. ഡെമോക്രാറ്റുകളുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം, ട്രംപ് ‘ചത്ത സമ്പദ്വ്യവസ്ഥ’ എന്നുവിളിച്ച ഇന്ത്യ ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിലും 7.8% ജിഡിപി വളർച്ച നേടി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന നേട്ടം നിലനിർത്തിയിരുന്നു. ചൈന 5.2%, യുഎസ് 3.3%, ജപ്പാൻ 0.4%, ജർമനി നെഗറ്റീവ് 0.3%, യുകെ 0.3%, ഇന്തൊനീഷ്യ 5.12% എന്നിങ്ങനെയായിരുന്നു വളർന്നത്.
കഴിഞ്ഞ 5 പാദങ്ങളിലെ ഏറ്റവും മികച്ച വളർച്ചയുമായിരുന്നു ഇന്ത്യയുടേത്.
അമേരിക്കയുടെ തന്നെ റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി, ഇന്ത്യയുടെ വിശ്വാസ്യത റേറ്റിങ് ഉയർത്തിയതും ഈയിടെ. ബിബിബി നെഗറ്റീവിൽ നിന്ന് ബിബിബി പോസിറ്റീവ് എന്നതിലേക്കാണ് ഇന്ത്യയുടെ സോവറീൻ റേറ്റിങ് ഉയർത്തിയത്.
ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം ഭദ്രമാണെന്നും കടങ്ങൾ യഥാസമയം തിരിച്ചടയ്ക്കാൻ കരുത്തുണ്ടെന്നും വ്യക്തമാക്കുന്ന റേറ്റിങ്ങാണിത്.
റഷ്യൻ എണ്ണ വാങ്ങുന്നതിന് എതിരെയാണ് ഇന്ത്യയ്ക്കെതിരെ ട്രംപ് കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും 50% തീരുവ ചുമത്തുകയും ചെയ്തതെങ്കിലും വ്യാപാരക്കരാർ ചർച്ചകളിൽ, ഇന്ത്യ സ്വീകരിച്ച കടുത്ത നിലപാടാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തൽ. യുഎസിന്റെ കാർഷിക, ക്ഷീരോൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കി ഇന്ത്യൻ വിപണി തുറന്നുനൽകണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അതിനു സമ്മതിച്ചാൽ രാജ്യത്ത് വീണ്ടും കർഷക പ്രക്ഷോഭം ആളിക്കത്തുമെന്ന ഭീതി കേന്ദ്രസർക്കാരിനുണ്ട്. ചർച്ചകളിൽ യുഎസിന്റെ ആവശ്യത്തിനുനേരെ ഇന്ത്യ മുഖംതിരിക്കുകയും ചെയ്തു.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ പിന്തുണയ്ക്കാതിരുന്നതും അദ്ദേഹത്തെ നീരസപ്പെടുത്തിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]